പത്തി താഴ്ത്തി ട്രംപ്, കാപിറ്റോള്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞു
ബൈഡന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: സായുധരായ അനുയായികളെ ഉപയോഗിച്ച് നടത്തിയ കലാപനീക്കം പരാജയപ്പെട്ടതോടെ ധാര്‍ഷ്ട്യം വെടിഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം തന്നെ പിന്തുണയ്ക്കുന്നവരോട് യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ആവശ്യപ്പെട്ട് പ്രകോപനമുയര്‍ത്തിയ ട്രംപ് ഇന്നലെ പുറത്തുവിട്ട വിഡിയോയില്‍ കാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞു. താന്‍ ജോ ബൈഡന് പ്രസിഡന്റിന്റെ അധികാരം കൈമാറാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കാപിറ്റോളിലേക്ക് നുഴഞ്ഞുകയറിയ പ്രതിഷേധക്കാര്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ പദവി മലിനപ്പെടുത്തി- അക്രമങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. അക്രമവും നാശനഷ്ടവും വരുത്തിയവരോട് പറയട്ടെ, നിങ്ങള്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല. നിയമം ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടും- വിഡിയോയില്‍ ട്രംപ് പറഞ്ഞു.
ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് റിപ്പബ്ലിക്കന്മാരുള്‍പ്പെടെ ആവശ്യപ്പെടുകയും ഭരണകൂടത്തിലെ പല പ്രമുഖരും രാജിവച്ചൊഴിയാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് അടവുമാറ്റിയത്. യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്യുക വരെയുണ്ടായി.
അതിനിടെ കാപിറ്റോള്‍ ആക്രമണത്തിനിടെ ബുധനാഴ്ച ട്രംപ് അനുകൂലികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പൊലിസ് ഓഫിസര്‍ ബ്രയാന്‍ ഡി സിക്‌നിക് മരിച്ചു. ഇതോടെ കാപിറ്റോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. അതിനിടെ കാപിറ്റോളിനു മുന്നിലെ ബാരിക്കേഡ് തള്ളിമാറ്റി അക്രമികള്‍ അകത്തുകടന്നതിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കാപിറ്റോള്‍ പൊലിസ് മേധാവി സ്റ്റീഫന്‍ സന്‍ഡ് രാജിവച്ചു.
അതേസമയം കാപിറ്റോള്‍ ആക്രമിച്ച ട്രംപ് അനുകൂലികള്‍ക്കെതിരേ രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്ന് കൊളംബിയ ജില്ലയിലെ ഉന്നത ഫെഡറല്‍ പ്രോസിക്യൂട്ടര്‍ മൈക്കല്‍ ഷെര്‍വിന്‍ പറഞ്ഞു. ഇതിനകം അക്രമസംഭവങ്ങളില്‍ 40 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അക്രമികളില്‍ 90ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ബൈഡന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍ താന്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."