പ്രവാസികളുടെ യാത്രാ പ്രതിസന്ധി: സർക്കാർ ഇടപെടണമെന്ന് സോഷ്യൽ ഫോറം
അബഹ: കൊവിഡിന്ന് മുമ്പും ശേഷവുമായി അവധിക്ക് നാട്ടിൽ പോയി സഊദിയിലേക്ക് തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഉടനടി ഇടപെടണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ മഹാമാരിക്ക് ശേഷം ഇന്ത്യക്കാർ ഒഴികെയുള്ള വിദേശികൾക്ക് സൗദിയിലേക്ക് നേരിട്ട് തിരിച്ചുവരുന്നതിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാൻ യു എ ഇ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുകയാണ് ഇന്ത്യക്കാർ ചെയ്തിരുന്നത്. പിന്നീട് കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചതോടെ സഊദി അതിർത്തി അടക്കുകയും ദുബായിലും മറ്റും ക്വാറൻറീനിൽ കഴിഞ്ഞിരുന്നവർ നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
ഒരുപാട് പ്രതീക്ഷകളുമായി വൻ തുക മുടക്കി വന്നവരുടെ തിരിച്ചുപോക്ക് പലരെയും സാമ്പത്തികമായും മാനസികമായും തളർത്തിയിരിക്കുകയാണ്. ജനുവരി മൂന്നിന് ഭാഗീകമായി തുറന്ന വ്യോമാതിർത്തിയിലൂടെ ഇന്ത്യയിൽ നിന്ന് നേരിട്ട് സഊദിയിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഇപ്പോഴും വിലക്ക് നിലനിൽക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാനും സഊദി യാത്രാ വിലക്ക് പിൻവലിക്കുന്ന മുറക്ക് പ്രവാസികൾക്ക് പ്രയാസങ്ങൾ ഇല്ലാതെ തിരിച്ചുവരാനും വേണ്ട ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്തുനിന്നും അനിവാര്യമായി ഉണ്ടാകേണ്ടതുണ്ടെന്നും വിസാ കാലാവധി കഴിഞ്ഞ നാട്ടിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നോർക്ക കാര്യക്ഷമമായി ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലും കർണാടകയിലും ത്രിതല തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രസിക്ക് പിന്തുണ നൽകിയ വർക്ക് യോഗം നന്ദി അറിയിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കോയ ചേലേമ്പ്ര ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡണ്ട് ഹനീഫ് മഞ്ചേശ്വരം അധ്യക്ഷനായിരുന്നു. മുസ്തഫ ഒ എച്ച്, ഹനീഫ ചാലിപ്പുറം, മുഹമ്മദലി എടക്കര എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."