പങ്കാളികളെ കൈമാറൽ ; പരാതിക്കാരി ഇരയായത് ക്രൂരപീഡനത്തിനെന്ന് സഹോദരൻ
പരാതി നൽകിയത് ആലപ്പുഴയിൽ കൂടിച്ചേരൽ നടക്കാനിരിക്കെ
കോട്ടയം
ആയിരക്കണക്കിന് വീട്ടമ്മമാർ പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നും തന്റെ സഹോദരി ക്രൂര പീഡനങ്ങൾക്കാണ് ഇരയായതെന്നും പരാതിക്കാരിയുടെ സഹോദരൻ. പണം സമ്പാദിക്കാൻ സഹോദരിയെ പ്രതി പലർക്കും കൈമാറിയെനനും എട്ടുപേർ സഹോദരിയെ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ ആരോപിച്ചു.
കുട്ടികളുടെ കഴുത്തിൽ കത്തിവച്ചായിരുന്നു ഭീഷണി. ''അമ്മ വിചാരിച്ചാൽ നമുക്ക് സമ്പന്നരാകാം'' എന്ന് പ്രതി കുട്ടികളോട് പറയുമായിരുന്നു. പൊലിസിൽ പരാതി നൽകിയപ്പോൾ, തമാശ പറഞ്ഞതാണെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. അതോടെ അന്നത്തെ കേസ് പിൻവലിക്കുകയായിരുന്നു. തന്നോടും ബന്ധുക്കളോടും അയാൾ മാപ്പ് പറയുകയും ചെയ്‌തെന്ന് സഹോദരൻ പറഞ്ഞു.
തുടർന്ന് സഹോദരിയുടെയും ബന്ധുക്കളുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നു പ്രതി ഭീഷണിപ്പെടുത്തി. റിസോർട്ടുകളിലും മറ്റുമാണ് ഇവരുടെ ഒത്തുചേരൽ.
ആലപ്പുഴയിൽ ഒരു ഒത്തുചേരൽ നടക്കാനിരിക്കെയാണ് സമ്മർദം താങ്ങാനാകാതെ സഹോദരി പരാതി നൽകിയത്. അതേസമയം, പ്രതിയുടെ കുടുംബാംഗങ്ങളിൽനിന്നും സംഘാംഗങ്ങളിൽനിന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പരാതിക്കാരിയുടെ സഹോദരൻ ആരോപിച്ചു. പ്രതിയുടെ പേര് പുറത്തുവിടണം. പാലാ സ്വദേശിയായ വ്യക്തിയും ഭാര്യയുമാണ് സംഘത്തിലെ പ്രധാനികൾ. ഇവരെ പിടികിട്ടിയിട്ടില്ല. എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
പങ്കാളികളെ കൈമാറുന്ന സംഘത്തിലെ മുഖ്യ പ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ യുവാവ് ധാരാളം കപ്പിൾ സ്വാപ്പിങ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് കറുകച്ചാൽ പൊലിസ് പറഞ്ഞു. കോട്ടയം കേന്ദ്രീകരിച്ചുള്ള പതിനഞ്ചോളം മെസഞ്ചർ-ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്. ഡോക്ടർമാർ അടക്കമുള്ള സമൂഹത്തിലെ പ്രമുഖർ അംഗങ്ങളായുള്ള ഗ്രൂപ്പുകളും ഇതിന്റെ അഡ്മിന്മാരും പൊലിസിന്റെ നിരീക്ഷണത്തിലാണ്. പ്രതിക്ക് ഇരുപതിലധികം ഐഡികളുണ്ട്. മിക്കമെസേജുകളും വ്യാജ ഐഡിയിൽനിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."