ക്രിസ്ത്യാനികളെ കൂടെക്കൂട്ടാന്‍ യു.ഡി.എഫ് എന്തുചെയ്യും?
1964 സെപ്റ്റംബര്‍ എട്ട് കരുത്തനായ ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പി.എസ്.പിയിലെ പി.കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെപ്പറ്റി നടന്ന ചര്‍ച്ചയ്ക്കുശേഷം പ്രമേയം വോട്ടിനിടുകയാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പി.ടി ചാക്കോ ഹൃദയസ്തംഭനം മൂലം മരിച്ചിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ. ചാക്കോയെ അനുകൂലിച്ചുനിന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുകയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉത്സാഹത്തോടെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചശേഷം വോട്ടു ചെയ്യാനൊരുങ്ങുന്നു. നായര്‍ സമുദായ നേതാവായി സമുദായത്തിനുമപ്പുറത്തേയ്ക്കുയര്‍ന്നു കഴിഞ്ഞ മന്നത്തു പത്മനാഭന്‍ തിരശ്ശീലയ്ക്കു പിന്നില്‍ നിര്‍ണായകമായ ചരടുവലി നടത്തുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ.എം ജോര്‍ജ്ജും ആര്‍. ബാലകൃഷ്ണപിള്ളയുമൊക്കെ ശങ്കര്‍ ഗവണ്‍മെന്റിനെതിരേ തിരിഞ്ഞു കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയ മന്നത്തു പത്മനാഭനെ കോണ്‍ഗ്രസ് നേതാക്കള്‍ പോയി കണ്ടു. മന്നത്തിന്റെ ആശീര്‍വാദത്തോടെ ക്രിസ്ത്യന്‍-നായര്‍-മുസ്‌ലിം ഐക്യധാര രൂപപ്പെട്ടു കഴിഞ്ഞു.
സര്‍ക്കാരിനെതിരേ പ്രസംഗിച്ചുകൊണ്ട് ബാലകൃഷ്ണപിള്ള കത്തിക്കയറിയപ്പോള്‍ സി.പി.എമ്മും സി.പി.ഐയും പി.എസ്.പിയും തങ്ങളുടെ അംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം വിട്ടുകൊടുത്തു. അവസാനം വോട്ടെടുപ്പില്‍ ശങ്കര്‍ മന്ത്രിസഭ നിലംപൊത്തി. കേരളാ കോണ്‍ഗ്രസ് രൂപംകൊള്ളാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍. സര്‍ക്കാരിനെതിരേ വോട്ടുചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെയും നാടൊട്ടുക്ക് വന്‍ വരവേല്‍പ്പു ലഭിച്ചു. നാടിളക്കി മറിച്ചുകൊണ്ട് നടന്ന സ്വീകരണ പരിപാടികള്‍ ഒരു മാസക്കാലം നീണ്ടുനിന്നു. 1964 ഒക്‌ടോബര്‍ ഒമ്പതിനു കോട്ടയം തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച പൊതുസമ്മേളനത്തില്‍ പി.ടി ചാക്കോയുടെ കുടുംബസഹായനിധി മന്നം അദ്ദേഹത്തിന്റെ ഭാര്യയ്ക്കു കൈമാറി. തുടര്‍ന്ന് മന്നം കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചു. തലേന്ന് കോട്ടയം ലക്ഷ്മീ നിവാസ് ഓഡിറ്റോറിയത്തില്‍ കേരളാ കോണ്‍ഗ്രസ് രൂപീകരണ യോഗവും ചേര്‍ന്നിരുന്നു. ഇ. ജോണ്‍ ജേക്കബ്, മാത്തച്ചന്‍ കരുവിനാക്കുന്നേല്‍, ടി. കൃഷ്ണന്‍, എം.എം. ജോസഫ്, രാഘവമേനോന്‍, ധര്‍മ്മരാജ അയ്യന്‍, ഭാസ്‌കരന്‍ നായര്‍, രവീന്ദ്രനാഥ്, മോഹന്‍ കുളങ്ങത്തുങ്ങല്‍ എന്നിവരൊക്കെയായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തത്. 1959-ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരേ കത്തിപ്പടര്‍ന്ന വിമോചന സമരത്തിനു തിരികൊളുത്തിയത് നായര്‍-ക്രിസ്ത്യന്‍ കൂട്ടായ്മയായിരുന്നു.
പി.ടി ചാക്കോയുടെ അകാലചരമമാണ് കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു വഴിയൊരുക്കിയത്. ചാക്കോ മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ ശക്തിയുടെ വലിയ പ്രതീകം തന്നെയായിരുന്നു. പക്ഷേ കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചാക്കോയ്‌ക്കെതിരേ തിരിഞ്ഞു. കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ സ്വാഭാവികമായും അത് കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ മുന്നേറ്റമായി മാറി. 1965 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് 25 സീറ്റ് കരസ്ഥമാക്കി. ആകെയുള്ള 133 സീറ്റില്‍ കോണ്‍ഗ്രസിന് 40 സീറ്റും സി.പി.എമ്മിന് 36 സീറ്റും മുസ്‌ലിം ലീഗിന് 12 സീറ്റും കിട്ടി. ലീഗും കേരളാ കോണ്‍ഗ്രസും ഒരു മുന്നണിയായി നിന്നാണ് മത്സരിച്ചത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല.
1967-ല്‍ ഒമ്പതംഗങ്ങളുമായി കേരള നിയമസഭയിലെത്തിയ കെ. കരുണാകരന്‍ സി.പി.ഐയെ മുന്നില്‍നിര്‍ത്തി മുന്നണിയുണ്ടാക്കുന്ന കാഴ്ചയാണ് എഴുപതുകളിലെ കേരള രാഷ്ട്രീയം അത്ഭുതത്തോടെ കണ്ടുനിന്നത്. 1982-ലാവട്ടെ, അതേ കരുണാകരന്‍ ലക്ഷണവും ഭംഗിയുമൊത്ത മുന്നണിയ്ക്ക്, അതേ, ഐക്യജനാധിപത്യ മുന്നണിക്ക്, രൂപംനല്‍കുകയും ചെയ്തു. അതിന്റെ തലപ്പത്തു സ്ഥനംപിടിച്ച കരുണാകരന്‍ കോണ്‍ഗ്രസിനെയും അതിനു നേതൃത്വം കൊടുക്കുന്ന ഐക്യജനാധിപത്യ മുന്നണിയെയും പുതിയ വളര്‍ച്ചയിലേയ്ക്കു നയിക്കുകയായിരുന്നു. കരുണാകരനോടൊപ്പം ഒരു വശത്ത് കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഉറച്ചുനിന്നതോടെ മുന്നണിക്ക് കരുത്തേറി. കോണ്‍ഗ്രസിനും. 1994-ല്‍ കരുണാകരനെതിരേ കോണ്‍ഗ്രസിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പിന്നെയും യു.ഡി.എഫ് രാഷ്ട്രീയം മാറി മറിഞ്ഞു. എ.കെ ആന്റണി കരുണാകരനെതിരേ തുടങ്ങിവച്ചിരുന്ന യുദ്ധത്തിനു വീര്യം കൂട്ടാന്‍ ഉമ്മന്‍ചാണ്ടി പടക്കളത്തിലെത്തിയതോടെ മുഖ്യമന്ത്രി കരുണാകരന്റെ കാലിടറി തുടങ്ങി. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ശത്രുപക്ഷത്തിനു കൈയില്‍ കിട്ടിയ ആയുധമായി. കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു നിലംപൊത്തിയപ്പോള്‍ ആ സ്ഥാനത്തെത്തിയത് എ.കെ ആന്റണി. പിന്നെ 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ദുരന്തത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. വീണ്ടും മുഖ്യമന്ത്രിയും മുന്നണി നേതാവുമായി ഉമ്മന്‍ ചാണ്ടി. അപ്പോഴും ഒരു വശത്ത് കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും.
2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി തീരുകയും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരികയും ചെയ്തതോടെ യു.ഡി.എഫിലെ സമവായങ്ങള്‍ മാറാന്‍ തുടങ്ങിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിലെ തീരെ ചെറിയ ഒരു വിഭാഗം ഇടതുപക്ഷത്തേയ്ക്കു ചരിയാന്‍ തുടങ്ങി. കൂടെക്കൂടെയുള്ള പിളര്‍പ്പുകള്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ദുര്‍ബലമാക്കി. പിളര്‍ന്ന കേരളാ കോണ്‍ഗ്രസ് പല ഭാഗങ്ങളായി ചിതറിക്കിടന്നു. യു.ഡി.എഫ് ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെ ഉമ്മന്‍ചാണ്ടി മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നൊഴിഞ്ഞു നിന്നു.
ഇ. അഹമ്മദിന്റെ മരണം കൊണ്ടുവന്ന ഒഴിവില്‍ പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ച് ലോക്‌സഭയിലേയ്ക്കു നീങ്ങി. കെ.എം മാണി മരണപ്പെടുകയും ചെയ്തു. സംഘടനാബലം കൊണ്ട് സി.പി.എം പുതിയ മേഖലകളിലേയ്ക്ക് വളര്‍ന്നു. ഭരണത്തിന്റെയും സാഹചര്യങ്ങളുടെയും ബലത്തില്‍ സൂക്ഷ്മമായി കണക്കുകള്‍ കൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും സ്വന്തം രാഷ്ട്രീയത്തിന്റെ അതിരുകള്‍ മാറ്റിവരച്ചു.
അപ്പോഴാണ് കേരളാ കോണ്‍ഗ്രസ് കൂടാരത്തില്‍ പട തുടങ്ങിയത്. ഇത്തവണ പി.ജെ ജോസഫും ജോസ് കെ. മാണിയും തമ്മില്‍. അവസാനം ജോസ് കെ. മാണി മുന്നണി വിട്ടതോടെ യു.ഡി.എഫ് നേതൃത്വത്തിന് അങ്കലാപ്പായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചിത്രം ഒന്നുകൂടി വ്യക്തമായി. കോണ്‍ഗ്രസിന്റെ കാല്‍കീഴില്‍ നിന്ന് മണ്ണ് ഏറെ ഒലിച്ചു പോയിരിക്കുന്നു. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെയും മുന്നണിയുടെയും സജീവ നേതൃത്വത്തിലേയ്ക്കു വന്നേതീരൂ എന്ന് സമ്മര്‍ദം മുറുകി. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കു വരുന്ന കാര്യം ഉറപ്പാവുകയും ചെയ്തിരിക്കുന്നു. പ്രശ്‌നം ഇതോടെ തീരുമോ?
ജോസ് കെ. മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ യു.ഡി.എഫിനു കനത്ത ക്ഷീണം സംഭവിച്ചിരിക്കുന്നു. യാഥാര്‍ഥ്യം മനസിലാകാതെ കോണ്‍ഗ്രസിനും മുന്നണിക്കും മുന്നോട്ട് നീങ്ങാനാവാത്ത സ്ഥിതി വൈകിയാണെങ്കിലും നേതാക്കള്‍ മനസിലാക്കേണ്ടതുണ്ട്. മറ്റേപ്പുറത്ത്, ഇടതുമുന്നണിയുടെ തലപ്പത്ത് പിണറായി വിജയനാണുള്ളതന്നെ കാര്യവും തീരെ ചെറുതല്ല. പാര്‍ട്ടിയും സര്‍ക്കാരും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധങ്ങളായ ജാതി-മത വിഭാഗങ്ങളെ നേരിട്ടു മനസിലാക്കിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. ഇവയുടെയൊക്കെ നേതൃത്വവുമായി അടുപ്പമുണ്ടാക്കിയിട്ടുമുണ്ട്. യു.ഡി.എഫ് മേഖലയിലാവട്ടെ, ക്രിസ്ത്യന്‍ സമുദായവും മുസ്‌ലിം സമുദായവും തമ്മില്‍ ശത്രുതയും പരസ്പര സംശയവും വളരാന്‍ തുടങ്ങിയിരിക്കുന്നു. മുന്നണിയ്ക്കു പുറത്തേയ്ക്കു ജോസ് കെ. മാണി വിഭാഗത്തെ മുന്നണി നേതൃത്വം തന്നെ തള്ളിയിട്ടപ്പോള്‍ പിണറായി വിജയനും കൂട്ടരും രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നുവെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ഐക്യമുന്നണി രാഷ്ട്രീയത്തില്‍ ഒരു മുന്നണിയും അതിന്റെ നേതൃത്വവും ചെയ്യേണ്ട കാര്യം. സ്വന്തം പാര്‍ട്ടിയോടൊപ്പം ഘടകകക്ഷികളെയും വളര്‍ത്താനും പോഷിപ്പിക്കാനുമാണ് നേതൃപാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കേണ്ടത്. എം.പി വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണി വിട്ടകാര്യം ഓര്‍ക്കണം. ജോസ് കെ. മാണിയും കൂട്ടരും പിന്നെ പുറത്തായി. ഒരു നിയമസഭാംഗം പോലുമില്ലാതെ ആര്‍.എസ്.പി ഇവിടെ നില്‍ക്കുന്നുണ്ട്. സി.എം.പിയുമുണ്ട്. ഇവരെയൊക്കെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടുപോകാന്‍ മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കു കഴിയണം. മാറ്റങ്ങള്‍ നേരില്‍ കണ്ടാല്‍ മാത്രമേ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് യു.ഡി.എഫിലും കോണ്‍ഗ്രസിലും വിശ്വാസം വരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."