കരാറിൽ ഒപ്പുവച്ച് മാനേജ്‌മെന്റും യൂനിയനും കെ.എസ്.ആർ.ടി.സിയിൽ സന്തോഷത്തിന്റെ ഡബിൾ ബെൽ
പുതുക്കിയ ശമ്പളം ഫെബ്രുവരിയിൽ അടിസ്ഥാന ശമ്പളം 23000 രൂപ
2021 ജൂൺ മുതൽ മുൻകാല പ്രാബല്യം
തിരുവനന്തപുരം
മാനേജ്‌മെന്റും ട്രേഡ് യൂനിയൻ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമായി.
പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സേവന- വേതന കരാർ പുതുക്കുന്നത്. ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പുവെച്ചത്.
അടുത്ത മാസം മുതൽ പരിഷ്‌കരിച്ച ശമ്പളം ലഭിക്കും. 2021 ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയിൽനിന്ന് 23,000 രൂപയായി കൂടും. 4700 രൂപ മുതൽ 16000 രൂപ വരെ വർധന. ക്ഷാമബത്ത 137 ശതമാനം പുതിയ ശമ്പള സ്‌കെയിലിൽ ലയിപ്പിക്കും. ഫിറ്റ്‌മെന്റ് അലവൻസ് 10 ശതമാനം നിലനിർത്തും.
വീട്ടുവാടക ബത്ത നാല് ശതമാനം നിരക്കിൽ കുറഞ്ഞത് 1200 രൂപ മുതൽ 5000 രൂപ വരെ കൂടും. ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആർ.ജി) ഏഴ് ലക്ഷത്തിൽനിന്നു 10 ലക്ഷമായി വർധിപ്പിക്കും. കമ്മ്യൂട്ടഡ് വാല്യു ഓഫ് പെൻഷൻ (സി.വി.പി) 20 ശതമാനം തുടരും.
വനിതാ ജീവനക്കാർക്ക് നിലവിലെ 180 ദിവസത്തെ പ്രസവാവധിക്കു പുറമെ ഒരു വർഷത്തേക്ക് ശൂന്യവേതന അവധി നൽകും. ഈ അവധിക്കാലയളവ് പ്രമോഷൻ ,ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. അവധി എടുക്കുന്നവർക്ക് പ്രതിമാസം 5000 രൂപ ചൈൽഡ് കെയർ അലവൻസ് ലഭിക്കും.
പ്രതിമാസം 20 ഡ്യൂട്ടി എടുക്കുന്ന ഡ്രൈവർക്ക് ഓരോ ഡ്യൂട്ടിക്കും 50 രൂപ വീതം അധികമായി നൽകും. ഇരുപതിലധികം ഡ്യൂട്ടി ചെയ്യുന്നവർക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതം നൽകും. ജീവനക്കാരുടെ പങ്കാളിത്തത്തോടെ എംപ്ലോയീസ് വെൽഫയർഫണ്ട് രൂപീകരിക്കും. ഇതിലേക്കായി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് നിശ്ചിത തുക ഈടാക്കും. കെ.എസ്.ആർ.ടി.സി മൂന്ന് കോടി രൂപ ഫണ്ടിലേക്ക് നിക്ഷേപിക്കും. `ദീർഘദൂര സർവിസുകൾക്കും മറ്റുമായി ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും. 45 നു മുകളിൽ പ്രായമുള്ള കണ്ടക്ടർ, മെക്കാനിക്കൽ ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടെ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ അവധി അനുവദിക്കും. പ്രതിവർഷം 190 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകില്ല.
മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സി.എം.ഡി ബിജു പ്രഭാകറും ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ആനത്തലവട്ടം ആനന്ദൻ,
സി.കെ ഹരികൃഷ്ണൻ, വി ശാന്തകുമാർ, പി ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.ഇ.എ.–സി.ഐ.ടി.യു), തമ്പാനൂർ രവി, ആർ ശശിധരൻ (ടി.ഡി.എഫ്), ജി.കെ അജിത്, എസ് അജയകുമാർ (ബി.എം.എസ്) എന്നിവരുമാണ് കരാറിൽ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."