സ്വരം കടുപ്പിച്ച് സുപ്രിംകോടതി കര്‍ഷകദ്രോഹനിയമം സ്റ്റേ ചെയ്യും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ സ്റ്റേ ചെയ്യേണ്ടിവരുമെന്നും സുപ്രിംകോടതി. ഇതുസംബന്ധിച്ച വിധി ഇന്ന് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു. കര്‍ഷക സമരം കേന്ദ്രസര്‍ക്കാര്‍ കൈകാര്യംചെയ്ത രീതി അതീവ നിരാശാജനകമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമം രൂപീകരിക്കും മുന്‍പ് ഏത് കൂടിയാലോചനയാണ് സര്‍ക്കാര്‍ നടത്തിയതെന്ന് മനസിലാകുന്നില്ല. നിരവധി സംസ്ഥാനങ്ങള്‍ നിയമത്തെ എതിര്‍ത്തിട്ടുണ്ട്. കര്‍ഷക സമരം അവസാനിപ്പിക്കാനും അവരുടെ പ്രശ്‌നം പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞില്ല. മതിയായ കൂടിയാലോചനയൊന്നുമില്ലാതെയാണ് നിയമം കൊണ്ടുവന്നത്. അത് കര്‍ഷക സമരത്തിന് കാരണമാവുകയും ചെയ്തു. ആദ്യം നിങ്ങള്‍ ആ സമരം പരിഹരിക്കൂ- ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പരിഷ്‌ക്കാരങ്ങള്‍ തുടരുകയായിരുന്നുവെന്നും വിവിധ വിദഗ്ധ സമിതികളുമായി കൂടിയാലോചിച്ചാണ് നിയമം കൊണ്ടുവന്നതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. കഴിഞ്ഞ സര്‍ക്കാരാണ് ഇത് തുടങ്ങിവച്ചതെന്ന് പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. നിയമത്തിന്റെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നത്. സമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏതു ചര്‍ച്ചയാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒന്നുകില്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവച്ചെന്ന് നിങ്ങള്‍ പറയുക. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. നിയമം താല്‍ക്കാലികമായി നടപ്പാക്കുന്നില്ലെന്ന് തീരുമാനിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. ഡിസംബര്‍ 17ന് കേസ് പരിഗണിച്ചപ്പോള്‍ പ്രശ്‌നപരിഹാരത്തിന് സമിതിയെ നിയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും കേന്ദ്രം അത് കണക്കിലെടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. നിങ്ങള്‍ അതിന് മറുപടിപോലും പറഞ്ഞില്ല. കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുന്നു. നിരവധി സമരക്കാര്‍ മരിച്ചു. പലരും ആത്മഹത്യ ചെയ്തു. കര്‍ഷകര്‍ കടുത്ത തണുപ്പ് സഹിച്ചാണ് സമരം ചെയ്യുന്നത്. നിയമം താല്‍ക്കാലികമായി മരവിപ്പിച്ചുകൂടേയെന്ന് അന്നുതന്നെ ചോദിച്ചിരുന്നു. സര്‍ക്കാര്‍ ഒരു മറുപടിയും പറഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, കര്‍ഷകര്‍ റോഡ് തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഒരു കൂട്ടം ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസെടുക്കേണ്ട
കേന്ദ്രത്തോട് കോടതി
ന്യൂഡല്‍ഹി: ക്ഷമയെക്കുറിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് ക്ലാസെടുക്കേണ്ടെന്ന് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ. വിധി എപ്പോള്‍ പുറപ്പെടുവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും ബോബ്‌ദെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ധൃതിപിടിച്ച് സ്റ്റേ ചെയ്യരുതെന്ന് വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സ്റ്റേ ചെയ്തുള്ള ഒരു ഭാഗം വിധി തിങ്കളാഴ്ചയും മറ്റൊരു ഭാഗം വിധി ചൊവ്വാഴ്ചയും പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാരിനെ സമരക്കാര്‍ക്ക് വിശ്വാസമില്ലെന്ന് ഇതിനിടെ ഹരജിക്കാരിലൊരാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിനെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങള്‍ സുപ്രിംകോടതിയാണ്. ഞങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യും.
കര്‍ഷകര്‍ക്ക് ഇതേ സാഹചര്യത്തില്‍ കൂടുതല്‍കാലം സമരം ചെയ്യേണ്ടിവന്നാല്‍ അത് അക്രമങ്ങളിലേക്കും ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും കൊണ്ടെത്തിക്കും. അരുതാത്തതെന്തെങ്കിലും നടന്നാല്‍ നമ്മളോരോരുത്തരും അതിനുത്തരവാദികളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്നതാണ് ഞങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമെന്നും ബോബ്‌ദെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."