സിൽവർ ലൈൻ മുഖ്യമന്ത്രിക്കെതിരേ അൻവർ സാദത്തിന്റെ അവകാശലംഘന നോട്ടിസ്
തിരുവനന്തപുരം
സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ് എം.എൽ.എ അൻവർ സാദത്ത്. പദ്ധതിയുടെ ഡി.പി.ആറിന്റെ പകർപ്പ് നിയമസഭയിൽ നൽകിയെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അദ്ദേഹം സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകിയിരിക്കുന്നത്. ഒക്ടോബർ 27ന് അൻവർ സാദത്ത് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡി.പി.ആറിന്റെ വിശദാംശങ്ങൾ ചോദിച്ചത്. ''തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ ഡി.പി.ആറിന്റെയും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ? ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ'''' എന്നായിരുന്നു ചോദ്യം.
സിൽവർ ലൈൻ പാതയ്ക്കായുള്ള പരിസ്ഥിതി ആഘാത പഠനം, ഡി.പി.ആർ എന്നിവയുടെ പകർപ്പ് അനുബന്ധമായി ഉള്ളടക്കം ചെയ്യുന്നു. അവ സർക്കാർ അംഗീകരിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, ഡി.പി.ആർ ഉള്ളടക്കം ചെയ്‌തെന്ന് പറഞ്ഞിട്ടും ഇതുവരെ തനിക്ക് ലഭിച്ചില്ലെന്നാണ് അൻവർ സാദത്തിന്റെ പരാതി. മറുപടിക്കൊപ്പം ള്ളടക്കം ചെയ്ത സി.ഡിയിലെ വിവരങ്ങൾ നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. ഇത് സാമാജികൻ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും അൻവർ സാദത്ത് സ്പീക്കർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."