ഇരയായ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തുന്നു; നേരിട്ട പീഡനങ്ങള്‍ വ്യക്തമാക്കും; കരുത്തോടെ പോരാട്ടം തുടരും
കോട്ടയം: പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റമുക്തനായെങ്കിലും ഇരയായ കന്യാസ്ത്രീ കൂടുതല്‍ കരുത്തോടെ പോരാട്ടം തുടരും. വൈകാതെ തന്നെ അവര്‍ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി തനിക്കുനേരിട്ട പീഡനങ്ങളും മറ്റും വ്യക്തമാക്കും. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
ഇരയായ കന്യാസ്ത്രീ ഐഡന്റിറ്റി കൂടി വ്യക്തമാക്കി മുന്നോട്ടുപോകാനാണ് തീരുമാനം. വളരെ വൈകാതെ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തും. ഇനിയും ഇരയായി നില്‍ക്കാനില്ല. ഇപ്പോള്‍ താമസിക്കുന്ന മഠത്തില്‍ തന്നെ തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് വ്യക്തമാക്കുന്നത്.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും കൂടെയുണ്ടാകും. ഇന്ന് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവര്‍ പ്രതികരിച്ചേക്കും.
അതിജീവിതയുടെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി കന്യാസ്ത്രീകളെയും വിമര്‍ശിച്ചിരുന്നു. അതിജീവിതയുടെ ആരോപണം അതിഭാവുകത്വം ഉള്ളതെന്നും കോടതി വിമര്‍ശിച്ചു. അവര്‍ സ്വാര്‍ത്ഥ താല്പര്യക്കാരാല്‍ സ്വാധീനിക്കപ്പെട്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ ഇന്ന് പി സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."