മക്കയിലെ വിശുദ്ധ സംസം പമ്പിങ് സ്‌റ്റേഷൻ നവീകരിക്കുന്നു
മക്ക: വിശുദ്ധ മക്കയിലെ സംസം പമ്പിങ് സ്‌റ്റേഷൻ നവീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പമ്പ് നിർമ്മാതാക്കളും ജല ശുദ്ധീകരണ മേഖലയിലെ അതികായരുമായ ഗ്രൻഡ്‌ഫോസിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി തയ്യാറാകുന്നത്. വിശുദ്ധ ഹറമിലെ കിംഗ് അബ്ദുല്ല വിപുലീകരണ മേഖലയിലെ സംസം പമ്പിങ് സ്‌റ്റേഷനിൽ ഇവർ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും. ഉംറ തീർത്ഥാടകർ ഉൾപ്പെടെ വിശുദ്ധ ഹറമിലെത്തുന്ന ലക്ഷണക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ സംസം വിതരണത്തിനാവശ്യമായ കാര്യങ്ങൾ ഇവർ സജ്ജമാക്കും. സഊദി വിഷൻ 2030 ന്റെ ഭാഗമായി ഹറമിലെത്തുന്നവരുടെ എണ്ണം വർധിക്കുമ്പോൾ വേണ്ട സജ്ജീകരണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി.
ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ജീവിതത്തെ സ്പർശിക്കുന്ന ഈ സുപ്രധാന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഉയർന്ന നിലവാരമുള്ള കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഈ പദ്ധതി ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഗ്രൻഡ്‌ഫോസ് സഊദി ഗണരാൽ മാനേജർ അബ്ദുൽ അസീസ് ദഗ്ഹിസ്‌താനി പറഞ്ഞു. പമ്പുകൾ മുതൽ സിസ്റ്റം കൺട്രോൾ പാനൽ വരെ ഉന്നത നിലവാരത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ഗ്രൻഡ്‌ഫോസ് ഹൈ പ്രഷർ പമ്പുകൾക്ക് സമാന്തരമായി 25 പ്രത്യേക ഉയർന്ന ശേഷിയുള്ള ഗ്രൻഡ്‌ഫോസ് ഹൈഡ്രോ എംപിസി ബൂസ്റ്റർ സെറ്റുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ സ്റ്റേഷൻ. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ഇവ കൂടുതൽ കാലം ഈട് നിൽക്കുന്നതും കുറഞ്ഞ ഊർജ്ജ ഉപഭോഗവും ഇതിന്റെ പ്രത്യേകതയാണ്. പ്രതിദിനം 700,000 മുതൽ 2 ദശലക്ഷം ലിറ്റർ വരെ സംസം ജലവിതരണം നൽകാൻ ഇതിനു കഴിയും. റമദാൻ, ഹജ്ജ് തുടങ്ങിയ സീസണുകളിൽ ആവശ്യമാകുന്ന ഏറ്റവും ഉയർന്ന ശേഷിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."