ട്രംപിനെതിരേ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചു
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യു.എസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ ആരംഭിച്ചു. യു.എസ് പാര്‍ലമെന്റ് മന്ദിരമായി കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്മെന്റ് നടപടികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ 20നാണ് അധികാരമേല്‍ക്കുക. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിന് മുന്‍പ് ട്രംപിനെ അധികാരത്തില്‍ നിന്നു പുറത്താനാക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
കാപ്പിറ്റോളിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് 'കലാപത്തിന് പ്രേരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഇതിന് ശേഷം വോട്ടെടുപ്പ് നടക്കും. ഈ പ്രക്രിയ കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി മാറും ട്രംപ്. യുഎസ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം.
ഇന്ന് ഇംപീച്ച്മെന്റ് പ്രമേയം പാസായാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാനാകും. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വേണം. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ സെനറ്റില്‍ ട്രംപിനെതിരേ കുറ്റം ചുമത്താനാകൂ.
നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിലൂടെ അന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇത്തവണ കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരേ നിലപാടെടുക്കാനാണ് സാധ്യത.
സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതിനായുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു.
എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നിര്‍ദേശം തള്ളി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് പറഞ്ഞ പെന്‍സ് സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."