ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ വിലക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവ്
ഉഡുപ്പി (കർണാടക)
ഉഡുപ്പിയിലെ ഗവ. പ്രീ യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ മുസ് ലിം പെൺകുട്ടികളെ ക്ലാസ് മുറിയിൽനിന്നു വിലക്കിയ സംഭവത്തിൽ അന്വഷണത്തിന് ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ്.
സംഭവത്തിൽ മൂന്നാഴ്ചയായി എട്ടു വിദ്യാർഥിനികൾ കാംപസിൽ നടത്തുന്ന പ്രതിഷേധം രാജ്യാന്തര തലത്തിൽ വാർത്തയായതിനെ തുടർന്നാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി കമ്മിഷണർ കുർമ റാവു ഇന്നലെ ഉത്തരവിട്ടത്. ഉഡുപ്പി പൊലിസ് അസി. കമ്മിഷണർ പി. രാജുവിനാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ഡിസംബർ 27നാണ് കോളജിൽ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ് ലിം വിദ്യാർഥിനികളെ വിലക്കിയത്. അന്നു മുതൽ ഇവർ ഹിജാബ് ധരിച്ച് കോളജ് കാംപസിലെത്തി സമരത്തിലാണ്.
തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഹിജാബ് ധരിച്ച് കോളജിൽ വിദ്യാർഥിനികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് കോളജ് പ്രിൻസിപ്പൽ രുദ്രെ ഗൗഡ. ഹൈന്ദവ വിശേഷ ദിവസങ്ങൾ കോളജിൽ ആഘോഷിക്കാൻ വിലക്കില്ലെന്നും ഹിജാബ് ധരിച്ചെത്തുന്നതിന് മാത്രമാണ് വിലക്കുള്ളതെന്നും വിദ്യാർഥിനികൾ പറയുന്നു.
കോളജിന്റെ 37 വർഷത്തെ ചരിത്രത്തിൽ ഇതുവരെ വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."