സിറിയന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചയുമായി ഒരു ചിത്രംകൂടി
ഓര്‍മിപ്പിക്കുന്നത് ഐലന്‍ കുര്‍ദ്ദിയുടെയും കാമറകണ്ട് പേടിച്ചു കൈഉയര്‍ത്തിയ
പെണ്‍കുട്ടിയുടേയും ചിത്രം
ദമാസ്‌കസ്: ഒരു രാജ്യവും സംസ്‌കാരവും ഒരു ജനതയും അനുഭവിക്കുന്ന യുദ്ധഭീകരതയുടെ നേര്‍ചിത്രം വീണ്ടും പുറത്തുവരുമ്പോള്‍ ലോകത്തോട് അതു പറയുന്നത് നിരവധി വാക്കുകളാണ്.
സിറിയയിലെ ഒരു കെട്ടിടത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിന്റെ വീഡിയോയാണ് ലോകമനസാക്ഷിയെ ഒന്നടങ്കം വീണ്ടും ഞെട്ടിച്ചത്.
അലപ്പോയില്‍ ബുധനാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ കുഞ്ഞിന്റെ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സിറിയയിലെ പ്രതിപക്ഷ ആക്റ്റിവിസ്റ്റാണ് അലപ്പോ മീഡിയാ സെന്റര്‍ വഴി കരയാതെ സങ്കടം അടക്കിപ്പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ലോകത്തിനു മുന്‍പിലെത്തിച്ചത്. വീഡിയോയില്‍ കാണുന്ന കുട്ടി ഒംറാന്‍ ഖന്‍ദീഷാണെന്ന് അലപ്പോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ സിവില്‍ഡിഫന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വക്താവ് ഖാലിദ് അറിയിച്ചു. കെട്ടിടത്തിന്റെ പൊടിപടലങ്ങള്‍ ശരീരമാകെ പൊതിഞ്ഞ ഈ കുഞ്ഞിന്റെ ഇടതുകണ്ണിനു മുകളിലായി പരുക്കേറ്റ് ചോരയൊലിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ച കുഞ്ഞിനെ ആരോ എടുത്ത് അടുത്തുള്ള സന്നദ്ധസംഘടനയുടെ ആബുലന്‍സിലെത്തിക്കുകയായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം ഷെയര്‍ചെയ്തു.
മാസങ്ങള്‍ക്കു മുന്‍പ് സിറിയയില്‍ നിന്നു യൂറോപ്പിലേക്ക് മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടെ കടലില്‍ മുങ്ങിമരിച്ച ഐലന്‍ കുര്‍ദിക്കുശേഷം സിറിയന്‍ യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ചിത്രമാണിതും. അഭയാര്‍ഥി പ്രതിസന്ധി ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഐലനിന്റേത്. ഈ ചിത്രം ലോകം കണ്ടതിനു ശേഷം പലരാജ്യങ്ങളും തങ്ങളുടെ അഭയാര്‍ഥി നയം പോലും തിരുത്തുകയുണ്ടായി. എന്നാല്‍ ഐലന്‍ കുര്‍ദ്ദിയും ഉമര്‍ ഖന്‍ദീഷും കാമറകണ്ടു തോക്കാണെന്നു കരുതി കൈഉയര്‍ത്തുന്ന പെണ്‍കുട്ടിയും ലോകത്തിന്റെ കണ്ണില്‍ പെടുന്ന കേവലം ചിത്രങ്ങള്‍ മാത്രമാണ്.
ആയിരക്കണക്കിന് കുട്ടികളാണ് ദിനംപ്രതി സിറിയയിലും മറ്റു സമീപ അറബ് രാജ്യങ്ങളിലും മരിച്ചു വീഴുന്നത്. അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ സിറിയയില്‍ മാത്രമായി ഇതുവരേക്കും 40 ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്നിന്റെ ഔദ്യോഗിക കണക്ക്. രാജ്യത്തിലെ പകുതിപേരും കുടിയിറക്കപ്പെട്ടതായും യു.എന്‍ പറയുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."