മുല്ലപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ പകരം കെ.സുധാകരന്‍?
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയാല്‍ വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പിക്ക് അധ്യക്ഷന്റെ ചുമതല നല്‍കിയേക്കും. നേരത്തെ മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന കെ. സുധാകരനെ ഒടുവില്‍ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു. മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച സാഹചര്യത്തിലാണു പാര്‍ട്ടി അധ്യക്ഷ ചുമതല നല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരള നേതാക്കളുടെ അഭിപ്രായം തേടിയത്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സുധാകരനു ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതായാണു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ദേശീയ നേതാക്കളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നിലപാടും ആരാഞ്ഞ ശേഷമായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലും കെ.സുധാകരനും തമ്മിലുണ്ടായിരുന്ന അകല്‍ച്ച അടുത്തിടെ കണ്ണൂരില്‍ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും കൂടിച്ചേരലില്‍ മഞ്ഞുരുകിയിരുന്നു. സാമുദായിക സമവാക്യം കൂടി പരിഗണിച്ച് കെ.സുധാകരനു കെ.പി.സി.സി അധ്യക്ഷന്റെ താല്‍കാലിക ചുമതല നല്‍കിയാല്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടിക്ക് ഉണര്‍വേകുമെന്ന് എ.ഐ.സി.സി നേതൃത്വവും കരുതുന്നു.
സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സഹോദര പുത്രന്റെ വിവാഹത്തിനു നാട്ടിലുണ്ടാകേണ്ടതിനാല്‍ അദ്ദേഹം അസൗകര്യം അറിയിച്ചിട്ടുണ്ട്. 24നു ശേഷം മറ്റൊരു ദിവസം ഡല്‍ഹിയിലെത്തി നേതൃത്വത്തെ കാണാനാണു സുധാകരന്റെ തീരുമാനം. അതേസമയം വയനാട്ടിലെ കല്‍പറ്റയില്‍ മത്സരിക്കാനാണു മുല്ലപ്പള്ളിക്കു താല്‍പര്യം. ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ അവര്‍ മത്സരിച്ചിരുന്ന കല്‍പറ്റ വിട്ടുനല്‍കണമെന്നു മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് ചര്‍ച്ചയില്‍ സീറ്റ് വിട്ടുകിട്ടുന്നതിനെ ആശ്രയിച്ചായിരിക്കും മുല്ലപ്പള്ളിയുടെ 'മണ്ഡല തെരഞ്ഞെടുപ്പ്'.
കേരളത്തിലുടനീളം
പ്രചാരണത്തിനിറങ്ങും:
കെ. സുധാകരന്‍
കണ്ണൂര്‍: പത്തംഗ പ്രചാരണ സമിതിയിലെ അംഗമായതിനാല്‍ കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കെ.പി.സി.സിയുടെ താല്‍ക്കാലിക അധ്യക്ഷനാക്കാന്‍ യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി മുന്നില്‍ നിര്‍ത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി ആറ്റുനോറ്റിരുന്നിട്ടില്ല. ആര്‍ക്കും മുന്നില്‍ കൈ നീട്ടിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."