ഐ.എ.വൈ ഭവന പദ്ധതി ബ്ലോക്ക് പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്നത് 126 കോടി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
ഇന്ദിരാ ആവാസ് യോജന(ഐ.എ.വൈ)ഭവന പദ്ധതിക്ക് അനുവദിച്ച 126.70 കോടി രൂപ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നു. ഐ.എ.വൈ പദ്ധതി പ്രധാന മന്ത്രി ആവാസ് യോജന(പി.എം.എ.വൈ) ആക്കിയതും സർക്കാർ ലൈഫ് മിഷൻ ഭവന പദ്ധതി തുടങ്ങിയതുമാണ് ഫണ്ട് ചെലവഴിക്കാൻ കഴിയാതെ വന്നതിന് കാരണം. ഇതോടെ ഐ.എ.വൈ പദ്ധതിക്ക് നേരത്തെ അനുവദിച്ച 126.70 കോടി രൂപ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുകയായിരുന്നു. ഓരോ ബ്ലോക്കിലും കെട്ടിക്കിടക്കുന്ന തുകയുടെ കണക്ക് ഗ്രാമവികസന കമ്മിഷണർ സർക്കാറിന് കൈമാറിയിട്ടുണ്ട്.
ഇങ്ങനെ കെട്ടിക്കിടക്കുന്ന തുക ബാങ്കിൽ നിന്ന് പിൻവലിച്ച് ഈ വർഷം തന്നെ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി, ലൈഫ്മിഷൻ എന്നിവ പ്രകാരമുള്ള വീടുകൾക്ക് ചെലവഴിക്കാൻ സർക്കാർ നിർദേശം നൽകി. സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം 13,307 ഗുണഭോക്താക്കൾ വീടുകൾക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. ഇവക്ക് നൽകിയ ശേഷം തുക ബാക്കി വന്നാൽ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കും നൽകണം.
സംസ്ഥാന സർക്കാറിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷൻ വന്നതോടെ പി.എം.എ.വൈ പദ്ധതികളും ലൈഫ് മിഷനോട് ചേർത്തിരിക്കുകയാണ്. നാലു ലക്ഷം രൂപയാണ് ലൈഫ് മിഷനിൽ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."