ചരിത്രവക്രീകരണം: വ്യവസ്ഥാപിതമാകുന്ന അജൻഡകൾ
പ്രൊഫ. റോണി കെ. ബേബി
ഇന്ത്യയിലേക്കുള്ള ആര്യൻമാരുടെ അധിനിവേശ സിദ്ധാന്തം വെറും കെട്ടുകഥ മാത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഗൊരഖ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിച്ച 2022ലെ കലണ്ടർ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. മധ്യേഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് ബി.സി 2000- 1500 കാലത്ത് കുടിയേറിവന്ന ആര്യന്മാർ സിന്ധു-ഗംഗാ തടങ്ങളിലേക്കെത്തുകയും ക്രമേണ ഇന്ത്യയിലെമ്പാടും അധികാരം സ്ഥാപിക്കുകയും ചെയ്തു എന്ന ശാസ്ത്രീയമായ കണ്ടെത്തലുകൾ തെറ്റാണെന്ന് സമർഥിക്കാനാണ് കലണ്ടർ ശ്രമിക്കുന്നത്. ഒരു പേജുള്ള കവറും ഔദ്യോഗിക വിശദാംശങ്ങളും നാല് പേജുള്ള സന്ദർഭ വിശദീകരണങ്ങളും അടക്കം 18 പേജുകളാണ് കലണ്ടറിലുള്ളത്. 'ആര്യൻ അധിനിവേശ സിദ്ധാന്തം' തെറ്റായിരുന്നെന്ന് സ്ഥാപിക്കാനുള്ള 12 തെളിവുകളും കലണ്ടർ അവതരിപ്പിക്കുന്നുണ്ട്.
'ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ അടിത്തറ വീണ്ടെടുക്കൽ' എന്ന തലക്കെട്ടാണ് കവർ പേജിന് നൽകിയിട്ടുള്ളത്. വിഷയത്തെ 'വേദങ്ങളുടെ രഹസ്യം തിരിച്ചറിയൽ', 'സിന്ധുനദീതട നാഗരികതയുടെ പുനർവ്യാഖ്യാനം', 'ആര്യൻ അധിനിവേശ മിഥ്യകളെ തിരുത്തിയെഴുതൽ' എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബി.സി 7000-1500ൽ നിലനിന്നിരുന്ന സിന്ധുനദീതട സംസ്‌കാരകാലത്ത് തന്നെയാണ് ആര്യന്മാരും ഇന്ത്യയിൽ ഉണ്ടായിരുന്നത് എന്ന കെട്ടുകഥ വ്യാജ ചരിത്ര നിർമിതിയിലൂടെ അടിച്ചേൽപ്പിക്കാനാണ് കലണ്ടർ ശ്രമിക്കുന്നത്. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗം തന്നെയായിരുന്നു ആര്യൻ സംസ്‌കാരമെന്നും ആര്യന്മാർ വിദേശികളല്ല തദ്ദേശീയരാണെന്നും ആദിമ ഭാരത സംസ്‌കാരം വൈദിക സംസ്‌കാരം തന്നെയായിരുന്നു എന്നും ചരിത്രത്തെ വക്രീകരിക്കുന്നതിനുവേണ്ടിയാണ് ഗൊരഖ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെപ്പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം ശ്രമിക്കുന്നത്.
ഹിന്ദുത്വ അജൻഡകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ആസൂത്രിതമായി നടന്നുവരുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കലണ്ടറിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് സമർഥിക്കുന്ന വാദങ്ങളാണ് മികവിന്റെ കേന്ദ്രം എന്ന് പുകൾപെറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തന്നെ ഔദ്യോഗിക രേഖയായി പുറത്തുവന്നിരിക്കുന്നത് എന്നത് ഗൗരവ കാര്യമാണ്.
വക്രീകരണം എന്തിന്?
പന്തീരായിരം വർഷത്തോളം നീളുന്ന ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കുന്നതിനായി ആർ.എസ്.എസ് ഗൂഢതന്ത്രം മെനയുന്നതായി വിദേശ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഏതാനും വർഷങ്ങൾക്കുമുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആദിമനിവാസികൾ ഹിന്ദുമതവുമായും സംസ്‌കാരവുമായും ബന്ധമുള്ളവരാണെന്നും പ്രാചീന ഹിന്ദുപുരാണങ്ങളും ഇതിഹാസങ്ങളും യഥാർഥത്തിൽ സംഭവിച്ചതാണെന്നും വരുത്തിത്തീർക്കുന്നതിനു വേണ്ടിയാണത്രേ ചരിത്രത്തിന്റെ ഈ വളച്ചൊടിക്കൽ. ആർ.എസ്.എസിന്റെ പ്രത്യേക നിർദേശപ്രകാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ചരിത്ര, പുരാവസ്തു വിദഗ്ധർ അടങ്ങിയ പന്ത്രണ്ടു പേരുടെ സംഘം ഇന്ത്യാ ചരിത്രത്തിന്റെ വളച്ചൊടിക്കലിനുവേണ്ടിയുള്ള നിതാന്ത പരിശ്രമത്തിലാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.
ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറഞ്ഞിരിക്കുന്ന യുദ്ധഭൂമികൾ അടക്കമുള്ള പ്രദേശങ്ങളുടെ ഖനനം, സാങ്കൽപിക നദിയായ സരസ്വതിയുടെ അടയാളങ്ങൾ തേടിയുള്ള പര്യവേക്ഷണങ്ങൾ, ഇന്ത്യയിലെ ആദിമനിവാസികൾ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കാൻ വേണ്ടിയുള്ള ഡി.എൻ.എ പരീക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഈ പ്രോജക്ടിന്റെ ഭാഗങ്ങളാണ്.പദ്ധതിയുടെ ലക്ഷ്യമെന്താണെന്ന് ആർ.എസ്.എസ് വക്താവ് മൻമോഹൻ വൈദ്യ ഒരു മറയുമില്ലാതെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു- 'ഇന്ത്യാ ചരിത്രത്തിന്റെ യഥാർഥ നിറം കാവിയാണ്; ചരിത്രത്തിന്റെ പുനർനിർമിതിയിലൂടെ മാത്രമേ നമുക്കു സാംസ്‌കാരികമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ'. റോയിട്ടേഴ്‌സ് അഭിപ്രായം ആരാഞ്ഞ കമ്മിറ്റിയിലെ ഒൻപത് അംഗങ്ങളും അഭിപ്രായപ്പെട്ടതു ഗവേഷണത്തിന്റെ ഗതി എങ്ങനെയാവണം എന്നതിനെക്കുറിച്ചു തങ്ങൾക്കു വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ്. ചരിത്രകാരന്മാരെ കൂടാതെ പുരാവസ്തു വിദഗ്ധർ, ഭൂഗർഭ ഗവേഷകർ, സംസ്‌കൃത പണ്ഡിതർ തുടങ്ങിയവരും കമ്മിറ്റിയിലുണ്ട്.
1998 മുതൽ നടക്കുന്ന ശ്രമങ്ങളുടെ തുടർച്ച
1998 ൽ ഇന്ത്യയിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ ആരംഭിച്ച ചരിത്രത്തിന്റെയും പാഠപുസ്തകങ്ങളുടെയും കാവിവത്കരണത്തിന്റ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളും ഐ.ഐ.ടികൾ ഉൾപ്പെടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങളുടെ പാഠ്യപദ്ധതികളിലുണ്ടാകുന്ന മാറ്റങ്ങളും. 1999ൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ശക്തമായ കാവിവത്കരണ ശ്രമങ്ങളാണു നടന്നത്. മതേതര, ജനാധിപത്യ വീക്ഷണം പുലർത്തുന്ന ചിന്തകരും വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് സമിതികളിൽനിന്നു കൂട്ടമായി പടിയിറക്കപ്പെട്ടു. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെ.എസ് രാജ്പുട്ട് പുതിയ എൻ.സി.ഇ.ആർ.ടി ഡയരക്ടറായി അവരോധിക്കപ്പെട്ടു. ആർ.എസ്.എസ് സൈദ്ധാന്തികരായ ദീനനാഥ് ബത്ര, അതുൽ റാവത്ത്, ആർ.എസ്.എസ് മുഖപത്രം പാഞ്ചജന്യയുടെ ചുമതലക്കാരൻ തരുൺ വിജയ് തുടങ്ങിയവരെ കാവിവത്കരണത്തിനുവേണ്ടി ആർ.എസ്.എസിനെയും മാനവ വിഭവശേഷി മന്ത്രാലയത്തെയും ഇണക്കുന്ന കണ്ണികളായി നിയോഗിക്കപ്പെട്ടു.
ഇന്ത്യാ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ വളച്ചൊടിക്കാനുള്ള ശക്തമായ ശ്രമങ്ങൾ ഈ കാലം മുതൽതന്നെ ആരംഭിച്ചിരുന്നു. രാജാറാമിനെപ്പോലെയുള്ള ആർ.എസ്.എസ് ചരിത്രകാരന്മാർ സിന്ധു, ഹാരപ്പൻ സംസ്‌കാരങ്ങൾ ആര്യൻ സംസ്‌കാരമാണെന്നു കണ്ടെത്തലുകൾ നടത്തി. ഇതിന് ഉദാഹരണമായി അദ്ദേഹം സമർഥിച്ചത് ഹാരപ്പയിൽനിന്നു കണ്ടെത്തിയ പുരാതന നാണയത്തിലെ മുദ്ര കാളയുടേതല്ല, കുതിരയുടേതാണ് എന്നാണ്. മധ്യേഷ്യയിൽനിന്ന് ഇന്ത്യയിലേക്കു കുടിയേറിവന്ന ആര്യന്മാർക്കൊപ്പം എത്തിയതെന്നു കരുതുന്ന കുതിരയെ ഹാരപ്പൻ സംസ്‌കാരത്തിന്റെ ഭാഗമാക്കി ആദിമ ഇന്ത്യൻ സംസ്‌കാരം ആര്യൻ സംസ്‌കാരമാക്കുന്നതിനും ഹിന്ദുമതത്തിന്റെ തുടക്കമായും ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ് ആർ.എസ്.എസ് സൈദ്ധാന്തികർ അന്നു നടത്തിയതും ഇപ്പോൾ നടത്തുന്നതും. അതുപോലെ ആര്യവംശ മേധാവിത്വത്തിന്റെയും നാസിസത്തിന്റെയും ചിഹ്നമായ സ്വസ്തിക അടയാളത്തിന്റെ ഉത്ഭവം പ്രാചീന ഇന്ത്യയിലാണ് എന്ന കണ്ടെത്തലുകളും ഉണ്ടായി. മതനിരപേക്ഷ കാഴ്ചപ്പാടുകൾ പുലർത്തിയിരുന്ന ആർ.എസ് ശർമ, സതീഷ് ചന്ദ്ര, റോമില ഥാപ്പർ, ബിപിൻ ചന്ദ്ര തുടങ്ങിയ ചരിത്ര രചയിതാക്കൾ പൂർണമായും തമസ്‌കരിക്കപ്പെട്ടു.
തീവ്രമായ കാവിവത്കരണം
ഇതിന്റെ തുടർച്ചയായി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ചരിത്രത്തെ കാവിവത്കരിക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിച്ചു. 2016 ജൂലൈ 30ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച കരട് ദേശീയ വിദ്യാഭ്യാസ നയം ഈ കാവിവത്കരണത്തിന്റെ ഭാഗമായിരുന്നു. ആർ.എസ്.എസിൻ്റെ പ്രത്യയശാസ്ത്ര മൂശയിൽ രൂപപ്പെടുത്തിയതാണു കരടുനയത്തിലെ നിർദേശങ്ങളെന്നു പകൽപോലെ വ്യക്തമായിരുന്നു. കരടുനയത്തിന്റെ ആമുഖത്തിലെ വേദകാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനുള്ള ആഹ്വാനവും ഇന്ത്യയിലെ ഭാഷകളുടെ മൂലഭാഷയായി സംസ്‌കൃതത്തെ അവരോധിക്കാനുള്ള ശ്രമങ്ങളും സംസ്‌കൃതത്തെ മുന്നിൽനിർത്തി ഇന്ത്യയിൽ സാംസ്‌കാരിക ദേശീയത രൂപീകരിക്കാനുള്ള നീക്കവും കൃത്യമായ ആർ.എസ്.എസ് അജൻഡയുടെ ഭാഗമായിരുന്നു.
ഇന്ത്യാ ചരിത്രത്തെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളുടെ അടുത്ത ചുവടുവയ്പ്പായിരുന്നു 2018 മാർച്ചു മാസത്തിൽ 51 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെ എഴുന്നൂറിൽപ്പരം വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പഠനശിബിരം. 'ജ്ഞാൻ സംഘം' എന്ന പേരിൽ അറിയപ്പെട്ട ഈ പഠനശിബിരം പൂർണമായും നിയന്ത്രിച്ചത് ആർ.എസ്.എസ് സംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ചുമതലയുള്ള ജെ. നന്ദകുമാറായിരുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മുഴുവൻ സമയവും ശിബിരത്തിൽ പങ്കെടുക്കുക മാത്രമല്ല, മുഴുവൻ ക്യാംപ് അംഗങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ ഗിരീഷ് ചന്ദ്ര ത്രിപാഠിയും ഡെൻവർ സർവകലാശാലയിൽനിന്നുള്ള പ്രഫ. വി.പി. നന്ദയും ചേർന്ന് അവതരിപ്പിച്ച 'പാശ്ചാത്യ-പൗരസ്ത്യ ദേശീയതകളുടെ ഉയിർത്തെഴുന്നേൽപ്പ്' എന്ന പ്രബന്ധത്തിൽ ഹിന്ദുത്വ ദർശനത്തിൽ അധിഷ്ഠിതമായി ഇന്ത്യയിലെ പാഠ്യപദ്ധതികളുടെ പുനഃക്രമീകരണം വേണമെന്നു നിർദേശിച്ചിരുന്നു .ഇത്തരത്തിലുള്ള നിരവധി പ്രബന്ധങ്ങളാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐ.ഐ.ടി ഗൊരഖ്പൂരിലെ സംഭവം. ഐ.ഐ.ടി കലണ്ടറിൽ നൽകുന്ന പ്രസ്താവനകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് പ്രശസ്ത പത്രപ്രവർത്തകനും Early Indians : The Story of Our Ancestors and Where We Came From എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ ടോണി ജോസഫ് പ്രതികരിച്ചത്. 'വലതുപക്ഷ സംഘടനാവാദികൾ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മുന്നോട്ടുവയ്ക്കുന്നതിന് തടസമായാണ് 'ആര്യൻ അധിനിവേശ സിദ്ധാന്ത'ത്തെ കാണുന്നത്. അതുകൊണ്ടാണ് അരനൂറ്റാണ്ടായി ഒരു അക്കാദമിക് സിദ്ധാന്തമേ അല്ലായിരുന്ന ഒരു വിഷയത്തെ അവർ വീണ്ടും തെളിവുകൾ നിരത്തി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്. ബി.സി 2000നും 1500നും ഇടയിൽ മധ്യേഷ്യയിൽ നിന്ന് സ്റ്റെപ്പി പാസ്റ്ററലിസ്റ്റു കളായ ആര്യൻമാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയതിന് ശാസ്ത്രലോകം അംഗീകരിച്ച വ്യക്തമായ തെളിവുകളുണ്ട്'- അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു വർഷങ്ങളായി നിരവധി വൈദേശിക സംസ്‌കാരങ്ങളുമായുള്ള സഹവർത്തിത്വത്തിലൂടെ ഇന്ത്യയിൽ രൂപപ്പെട്ട 'നാനാത്വത്തിൽ ഏകത്വം' എന്ന മഹത്തായ രാഷ്ട്രനിർമാണ പ്രക്രിയയ്ക്കു കടകവിരുദ്ധമാണു ഹിന്ദുത്വത്തിൽ മാത്രം അധിഷ്ഠിതമായ സാംസ്‌കാരിക ദേശീയത എന്ന ആർ.എസ്.എസ് നിലപാട്. ഇത്രയും കാലം രാജ്യം പുലർത്തിവന്ന ബഹുസ്വരതയ്ക്ക് എതിരാണ് ആർ.എസ്.എസ് മുൻപോട്ടുവയ്ക്കുന്ന 'സാംസ്‌കാരിക ഏകതാവാദം'. ഇതിലൂടെ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പൂർണമായ ഹിന്ദുത്വവത്കരണം തന്നെയാണ്. ഇതിനുള്ള ഏറ്റവും വലിയ തന്ത്രങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്ന ചരിത്രത്തിന്റെ കാവിവത്കരണവും പുനർനിർമിതിയും. സ്വതന്ത്ര ചിന്തയുടെയും ശാസ്ത്ര അന്വേഷണങ്ങളുടെയും വിളഭൂമിയായ ഐ.ഐ.ടി പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരുവാക്കുന്നു എന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധകരവുമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."