പെര്‍മിറ്റ് അവസാനിച്ചിട്ടും സര്‍വിസ് തുടര്‍ന്ന് സ്വകാര്യബസുകള്‍
തിരുവനന്തപുരം: കിതച്ചോടുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സ്വകാര്യ ബസ് ലോബികളെ സഹായിച്ച് ഉദ്യോഗസ്ഥര്‍. സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ചിട്ടും റൂട്ടുകള്‍ ഏറ്റെടുക്കാതെയാണ് അധികൃതര്‍ സ്വകാര്യ ബസ് ലോബിയെ സംരക്ഷിക്കുന്നത്.
പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും ഒന്നരവര്‍ഷത്തോളമായി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളും നിരവധിയാണ്. പെന്‍ഷനും ശമ്പളവും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി കഷ്ടപ്പെടുമ്പോഴാണ് അനധികൃത സര്‍വിസ് നടത്തി സ്വകാര്യ ബസുകള്‍ കോടികള്‍ കൊയ്യുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും പിന്‍ബലത്തിലാണ് ബസുടമകള്‍ ഇത്തരത്തില്‍ റൂട്ടുകള്‍ കൈയടക്കിയിരിക്കുന്നത്.
210ഓളം റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. അഞ്ചു വര്‍ഷക്കാലാവധിയാണ് പെര്‍മിറ്റുകള്‍ക്കുള്ളത്. ഈ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നാലുമാസത്തേക്ക് താല്‍കാലിക പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെയും കാലാവധി അവസാനിക്കുമ്പോള്‍ സ്വാഭാവികമായും ഈ റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കണം. നിലവില്‍ 171 റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തെങ്കിലും ഇവിടങ്ങളില്‍ കൃത്യമായ ഷെഡ്യൂളുകളില്‍ ബസ് ഓടിക്കുന്നില്ലെന്ന ആക്ഷേപം ജീവനക്കാര്‍ തന്നെപറയുന്നു.
കാലാവധി അവസാനിച്ചിട്ടും ഏറ്റെടുക്കാത്ത 39 റൂട്ടുകള്‍ കൂടിയുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന റൂട്ടുകളാണ് ഏറെയും. ഈ റൂട്ടുകളില്‍ സ്വകാര്യ ബസ് ലോബികള്‍ നിയമവിരുദ്ധമായി ഇപ്പോഴും സര്‍വിസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് ഫെയറിനേക്കാള്‍ ഇരട്ടിയാണ് ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. സംസ്ഥാനത്തിനകത്ത് ദീര്‍ഘദൂര സര്‍വിസ് നടത്തുന്നതിന് പെര്‍മിറ്റുകള്‍ നേടിയെടുക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ ഭരണസ്വാധീനം ഉപയോഗിക്കുന്നതാണ് റൂട്ടുകള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയാത്തതെന്നും ജീവനക്കാരുടെ വാക്കുകളില്‍നിന്നു വ്യക്തമാണ്.
എന്നാല്‍ 2014-2015 വര്‍ഷങ്ങളില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത് നടത്തണമെന്നാണ് ഹൈക്കോടതി വിധി. ഇതു പാലിക്കാതിരിക്കുകയും, നിയമവിരുദ്ധമായി ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് കലക്ഷന്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയുമാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് കൂടുതല്‍ നിയമവിരുദ്ധ സര്‍വിസ് നടത്തുന്നതു കോട്ടയത്താണെന്നും ജീവനക്കാര്‍ പറയുന്നു.
പുനലൂര്‍-എറണാകുളം റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി ഒരുമണിക്കൂര്‍ വൈകിയോടിക്കാന്‍ നിര്‍ദേശം
ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ പുനലൂര്‍-എറണാകുളം റൂട്ടില്‍ നിയമവിരുദ്ധമായി ഓടിക്കൊണ്ടിരിക്കുന്ന ശരണ്യ എന്ന സ്വകാര്യ ബസിനെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒരുമണിക്കൂര്‍ വൈകിയോടിക്കാന്‍ നിര്‍ദേശം. അഞ്ചുദിവസം മുന്‍പാണ് ഈ റൂട്ട് ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ഓട്ടം തുടങ്ങിയത്. ഓടിയ ആദ്യ ദിവസംതന്നെ 8500 രൂപ കലക്ഷനും ലഭിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മണിക്കാണ് സര്‍വിസ് ആരംഭിക്കുന്നത്. എന്നാല്‍, സര്‍വിസ് ആരംഭിച്ച രണ്ടാംദിവസം കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേറ്റിങ്) പുനലൂര്‍ ഡിപ്പോയില്‍ വിളിച്ച് സര്‍വിസ് ഒരുമണിക്കൂര്‍ വൈകിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍മാര്‍ പറഞ്ഞു.
ഫോണിലൂടെ വിളിച്ചാണ് നിര്‍ദേശം നല്‍കിയതെങ്കിലും കണ്ടക്ടര്‍മാരുടെ ഡെയ്‌ലി റിപ്പോര്‍ട്ടിങ് ചാര്‍ട്ടില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. പുനലൂര്‍ -എറണാകുളം റൂട്ടില്‍ പെര്‍മിറ്റ് നേടിയിരുന്ന ശരണ്യ എന്ന സ്വകാര്യ ബസ് ഓപ്പറേറ്റ് ചെയ്യുന്നത് ശരണ്യ മനോജാണ്. ഇദ്ദേഹം ബാലകൃഷ്ണപിള്ളയുടെ സഹോദരീപുത്രനുമാണ്. നിരവധി ബസുകള്‍ ഇയാള്‍ക്കുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഈ റൂട്ടില്‍ പെര്‍മിറ്റ് കഴിഞ്ഞിട്ടും ബസോടിച്ചിരുന്നത്. ഇപ്പോള്‍ അതേ റൂട്ടില്‍ തന്നെ കെ.എസ്.ആര്‍.ടി.സി സര്‍വിസിനു മുന്‍പ് ഓടുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."