ന്യൂനപക്ഷ അവകാശങ്ങള്‍: തെറ്റിദ്ധാരണ പരത്തരുത്
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു മതവിഭാഗത്തിന് മാത്രമായി വാരിക്കോരി നല്‍കുന്നുണ്ടോ?
ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി വിടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റല്ല. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നത് തെറ്റാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ പിന്നോക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി പാലോളി കമ്മിഷനെ കേരള സര്‍ക്കാര്‍ നിയമിച്ചു. സമൂഹത്തില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സാമ്പത്തിക അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയെല്ലാം പഠന വിഷയമായിരുന്നു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുസ്‌ലിംകള്‍ക് പ്രത്യേകമായി ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും പാലോളി കമ്മിഷനാണ് സംസ്ഥാനത്ത് അത് നടപ്പിലാക്കേണ്ട രീതികളെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. മത്സര പരിശീലന കേന്ദ്രങ്ങളും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും നടപ്പാക്കി. നാളുകളായി മറ്റൊരു രൂപത്തില്‍ നിലനിന്നിരുന്ന മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലേക്ക് കൊണ്ടുവന്നു എന്നും പറയാം. മുസ്‌ലിംകള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യങ്ങള്‍. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 മറ്റു ന്യൂനപക്ഷത്തിനും നല്‍കാന്‍ തീരുമാനിച്ചു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രവര്‍ത്തിച്ചത്.
മതവും ജാതിയും നോക്കിയാണോ സംവരണ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്?
ഒരിക്കലുമല്ല. 1,725.29 കോടി രൂപ ഹിന്ദു വിഭാഗങ്ങള്‍ മാത്രമുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റിനും 663.27 കോടി ആ വിഭാഗത്തിലെ ഷെഡ്യൂള്‍ഡ് ട്രൈബിനും, 114.20 കോടി ഹിന്ദുക്കള്‍ അടക്കമുള്ള ഒ.ബി.സി വിഭാഗത്തിനും നല്‍കി. 42 കോടി രൂപ മുന്നോക്ക വിഭാഗ വികസനത്തിനും 48.75 കാടി രൂപ ന്യൂനപക്ഷക്ഷേമ വികസനത്തിനുമായി സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് അനുവദിച്ചിരുന്നു. മതം നോക്കിയല്ല മറിച്ച് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം അര്‍ഹര്‍ക്ക് അനുവദിക്കുന്നത്.
മദ്‌റസാധ്യാപകര്‍ക്ക് 2,000 കോടി സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നുവെന്ന ആരോപണത്തില്‍ വസ്തുതയുണ്ടോ?
ഒരു രൂപ പോലും മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ല. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്‌റസാ വിദ്യാഭ്യാസം തുടര്‍പഠനയോഗ്യതയായി പരിഗണിക്കണമെന്ന് നിര്‍ദേശമുണ്ട്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിലും മുഖ്യനിര്‍ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ ലഭ്യതയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കണമെന്നാണ്.
ഏര്യാ ഇന്‍ഡന്‍സീവ് പ്രോഗ്രാമിലും, മദ്‌റസ ആധുനികവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന തുക ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. ഇവിടെ മദ്‌റസാ ക്ഷേമനിധിയുണ്ട്. 1,500 രൂപ വീതം 411 അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ 800 രൂപയായിരുന്നു. അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വിഹിതം അടച്ചവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
മതപഠനത്തിന് മുസ്‌ലിംകള്‍ക്ക് ഒരു രൂപപോലും സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നില്ല. മറ്റു ക്ഷേമ ബോര്‍ഡുകളില്‍നിന്ന് വ്യത്യസ്തമായി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍മാരില്‍നിന്ന് ലഭിക്കുന്ന മാസവരി സര്‍ക്കാര്‍ ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാരിനു ആ പണം വികസനത്തിനോ പൊതുജനക്ഷേമത്തിനോ വിനിയോഗിക്കാം. ആ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതിനു വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞ പോലെ സര്‍ക്കാര്‍ ഒരു ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ആ ഇന്‍സന്റീവ് ഉപയോഗിച്ച് ബോര്‍ഡ് ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഏറ്റവും ദുര്‍ബലരും അസംഘടിതരും പിന്നോക്കക്കാരുമായ വിഭാഗത്തിനു സര്‍ക്കാരുകളുടെ കരുതല്‍ സ്വാഭാവികമല്ലേ.
കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വിനിയോഗത്തില്‍ വിവേചനം കാണിക്കുന്നുണ്ടോ?
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ യാതൊരുവിധ വിവേചനവും കാണിച്ചിട്ടില്ല. ഒരു ക്വാട്ടയും നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കേന്ദ്രം നല്‍കുന്ന ഫണ്ട് 80 ശതമാനം മുസ്‌ലിംകള്‍ക്ക് നല്‍കുന്നു എന്ന പ്രചാരണം തെറ്റാണ്. ക്രിസ്ത്യന്‍ ജനവിഭാഗത്തിനായി പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്‍പറേഷനും മുന്നോക്ക വിഭാഗത്തിനായി മുന്നോക്ക കോര്‍പറേഷനും പിന്നോക്ക വിഭാഗത്തിനായി പിന്നോക്ക കോര്‍പറേഷനും പ്രവര്‍ത്തിക്കുന്നു. ക്രിസ്ത്യന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികളുണ്ട്. ഇതിനു പുറമേ എല്ലാ വിഭാഗങ്ങള്‍ക്കും ഭവന പദ്ധതികളുമുണ്ട്. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മുഴുവന്‍ മുസ്‌ലിംകളെയും പിന്നോക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ - ഇന്ത്യന്‍സ് മുതലായവരാണ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നോക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു.
ന്യൂനപക്ഷ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടര്‍ത്തുന്നവരുടെ ലക്ഷ്യമെന്ത്?
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ എന്തോ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്. മന്ത്രിയടക്കം ബന്ധപ്പെട്ട ഉന്നതര്‍ ഈ വിഷയം നിരവധി തവണ വിശദീകരിച്ചതാണ്. ചിലര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. മറ്റു ചിലര്‍, ഇത്ര ചെറിയ കാര്യത്തിനും തുകക്കുമാണോ കടിപിടി എന്നു ചോദിച്ചിട്ടുമുണ്ട്. ഞാന്‍ വിശ്വസിക്കുന്നതും എനിക്കു പറയാനുള്ളതും തെറ്റിദ്ധാരണ അല്ലെങ്കില്‍ ധാരണ മാറ്റാന്‍ വേണ്ട വിവരങ്ങള്‍ എല്ലാം പബ്ലിക്ക് സ്‌പേസില്‍ ലഭ്യമാണെന്നാണ്. കേന്ദ്ര ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ കേന്ദ്ര മൈനോരിറ്റി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ വിശദീകരണം ചോദിച്ചതും അങ്ങനെ ഒന്നില്ലന്ന് കൃത്യമായ കണക്കു സഹിതം ബോധിപ്പിച്ചതുമാണ്. മാത്രമല്ല, കേരളത്തില്‍ എം.എസ്.ഡി.പി, പി.എം.ജെ.വി.കെ ഫണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസനത്തിനും പ്രാദേശിക വികസനത്തിനും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ആ ഇനത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത് വയനാടാണ്. മലപ്പുറത്ത് കഴിഞ്ഞ പദ്ധതി വരെ പൊന്നാനി നഗരസഭ മാത്രമാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിംകള്‍ക്ക് മാത്രമായി കോച്ചിങ് സെന്ററുകളുണ്ടോ?
സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരവും പതിനഞ്ചിന പരിപാടിയിലെ ഇനം എന്ന നിലയിലും നരേന്ദ്രന്‍ കമ്മിഷന്‍ ചൂണ്ടിക്കാണിച്ച ഏറ്റവും കൂടുതല്‍ തസ്തിക നഷ്ടം സംഭവിച്ചതും എസ്.സി, എസ്.ടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഉദ്യോഗസ്ഥപ്രാതിനിധ്യമുള്ള സമുദായം എന്ന നിലയില്‍ മുസ്‌ലിം സമുദായത്തെ ഉദ്യോഗത്തിലേക്കും അതുവഴി രാജ്യത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവരാന്‍ വേണ്ടിയാണ് കോച്ചിങ് സെന്ററുകള്‍ തുടങ്ങിയത്. എന്നാല്‍ ഇതില്‍ മുസ്‌ലിംകള്‍ മാത്രമല്ല മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുമുണ്ട്. ഒരു കോച്ചിങ് സെന്ററുകളും മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഉപകേന്ദ്രങ്ങള്‍ മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാടക കൊടുക്കേണ്ടാത്തതിനാലാണ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ഉപകേന്ദ്രങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനമുണ്ട്. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ജാതി, മത പേരില്‍ അവസരം നിഷേധിച്ചിട്ടില്ല. അപേക്ഷിക്കുന്ന ക്രിസ്ത്യന്‍ അടക്കമുള്ള സമുദായത്തിലെ എല്ലാ കുട്ടികള്‍ക്കും പ്രവേശനവും നല്‍കുന്നുണ്ടെന്ന് അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസിലാകും.
ഈ തര്‍ക്കവും പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നു വിശ്വസിക്കുന്നുണ്ടോ?
ഒരു വിഭാഗം കണക്കു പറയുമ്പോള്‍ മറു വിഭാഗവും കണക്കു പറയും. ഒരു കൂട്ടര്‍ ഇന്നത്തെ കണക്കു പറയുമ്പോള്‍ മറ്റു കൂട്ടര്‍ പഴയ കണക്കുകള്‍ വാരിവലിച്ച് പുറത്തിടും. ഇത് ചിലര്‍ക്ക് ഗുണകരമാകുമെങ്കിലും പൊതുവേ സാമൂഹിക അന്തരീക്ഷത്തില്‍ ധ്രുവീകരണമുണ്ടാക്കാനേ ഉപകരിക്കൂ. അതില്‍ താല്‍ക്കാലിക ലാഭമുണ്ടായേക്കാം. പക്ഷേ പിന്നീട് വലിയ വിലനല്‍കേണ്ടിവരും. അതിനാല്‍ ഈ വിഷയം ചരിത്രവും ഓര്‍ഡറുകളും റിപ്പോര്‍ട്ടുകളും മറ്റും പഠിച്ച് അവതരിപ്പിക്കേണ്ടതുണ്ട്. ചാനല്‍, സാമൂഹികമാധ്യമ ചര്‍ച്ചകളില്‍ പരിഹരിക്കാവുന്ന ഒന്നല്ല ഇത്. എന്നാല്‍ ഒരിക്കലും പരിഹരിക്കാനാവാത്ത വിഷയവുമല്ല. ഒരു മേശക്ക് ചുറ്റും ഇരുന്നാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. ഒരുപക്ഷേ ഒന്നിലധികം സിറ്റിങ് വേണ്ടി വന്നേക്കാം. എന്നാലും ഞാന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."