പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി
പതിനായിരക്കണക്കിന് പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരുവില്‍ നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥിരനിയമനം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. ഒരു ജോലിക്കായി റാങ്ക് ലിസ്റ്റില്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കൊടുംക്രൂരതയാണ് ഈ തീരുമാനം.
ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇവരൊക്കെയും സി.പി.എം അനുഭാവികളോ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരോ ആണ്. ധനകാര്യ വകുപ്പിന്റെയും പല വകുപ്പ് സെക്രട്ടറിമാരുടെയും വിയോജനക്കുറിപ്പുകള്‍ മറികടന്നാണ് മന്ത്രിസഭാ യോഗം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലുകളെല്ലാം മന്ത്രിസഭാ യോഗത്തിന്റെ മേശപ്പുറത്ത് വയ്ക്കാന്‍ മുഖ്യമന്ത്രി നേരത്തെതന്നെ നിര്‍ദേശിച്ചിരുന്നു. ഇതില്‍നിന്നും പിന്‍വാതില്‍ നിയമനം ഉറപ്പായിരുന്നു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ കണ്ണീര് പൊടിയുന്ന കാത്തിരിപ്പിനുമേല്‍ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്തരം നിയമനങ്ങള്‍ക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതാണ്. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാന്‍ ധൃതിപിടിച്ചുള്ള ഈ നിയമനങ്ങള്‍ക്ക് കാരണമായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ മറികടക്കാനാണ് ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുത്തത്. മുഖ്യമന്ത്രിക്ക് കീഴിലെ സി-ഡിറ്റില്‍ 114 പേരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തിനെതിരേ ഐ.ടി സെക്രട്ടറി നേരത്തെതന്നെ വിയോജനക്കുറിപ്പെഴുതിയിരുന്നു. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
കെല്‍ട്രോണിലും കിലയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മാസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സി-ഡിറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍, വ്യവസായ വകുപ്പിന് കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, സാംസ്‌കാരിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പാര്‍ട്ടി അണികളെ കുടിയിരുത്താന്‍ സര്‍ക്കാരില്‍നിന്നു തീരുമാനമുണ്ടായിരിക്കുന്നത്. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കമായിരിക്കും ഇനി സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവുക. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രിംകോടതി നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു മറികടന്നാണ് അനധികൃത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. എന്നാല്‍ ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഉദ്യോഗ നിയമനങ്ങളിലെ കടുംവെട്ട്.
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ പി.എസ്.സി റാങ്ക് ലിസ്റ്റ് ഹോള്‍ഡേഴ്‌സില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം നേരത്തെതന്നെ ഉണ്ടായതാണ്. അവരെ തണുപ്പിക്കാനായിരിക്കണം എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും ആറു മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടാവുക. അതുകൊണ്ട് പരിഹരിക്കാനാകുമോ തൊഴിലിന് വേണ്ടി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടത്തിന്റെ പ്രതീക്ഷകള്‍.
സര്‍വകലാശാലകളില്‍ നിയമിതരായ താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെയും സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. മുവായിരത്തോളം പേരെയാണ് ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടും തസ്തികകള്‍ സൃഷ്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ, സ്ഥാപനങ്ങളില്‍ കുത്തിനിറക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പാര്‍ട്ടിക്ക് കുത്തകയാക്കിവയ്ക്കാനുള്ള തീരുമാനമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. രാഷ്ട്രീയ പാര്‍ട്ടികളോട് അകലം പാലിക്കുകയും എന്നാല്‍ റാങ്ക് ലിസ്റ്റുകളില്‍ ഉയര്‍ന്ന സ്ഥാനം പിടിക്കുകയും ചെയ്യുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങളായ ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന കൊടും ക്രൂരതയായി മാത്രമേ ഇത്തരം പിന്‍വാതില്‍ നിയമനങ്ങളെ കാണാനാകൂ. പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി അപ്രാപ്യമായിരിക്കുമെന്ന സന്ദേശമാണോ ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. പി.എസ്.സി വഴി മുവായിരത്തോളം പേരെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ആ വാതിലുകളാണ് കൊട്ടിയടക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം കഴിഞ്ഞ മാസം 35 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും കോടതി ഇടപെട്ടാണ് അവരെ താല്‍ക്കാലിക ജീവനക്കാരായി തന്നെ നിലനിര്‍ത്തിയത്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ക്ക് പുറമെ തദ്ദേശഭരണ വകുപ്പിന്റെ കീഴിലുള്ള കിലയിലും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളം ഒരുക്കിയിരുന്നുവെങ്കിലും നടന്നില്ല. ആ കുറവ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്നലത്തെ മന്ത്രിസഭാ യോഗം പരിഹരിച്ചിരിക്കുകയാണ്. ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ വരുത്തിവയ്ക്കുന്ന കനത്ത സാമ്പത്തിക ബാധ്യത വരുന്ന സര്‍ക്കാരായിരിക്കും വഹിക്കേണ്ടി വരിക. റാങ്ക് ലിസ്റ്റുകളില്‍നിന്ന് യഥാസമയം നിയമനം നടത്താനോ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനോ പി.എസ്.സി അമാന്തം കാണിക്കുന്നത് ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരം നല്‍കാനാണോയെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടാവില്ല.
ഏറ്റവുമധികം പേര്‍ വിരമിച്ച വര്‍ഷമായിരുന്നു 2020. എന്നിട്ടുപോലും പി.എസ്.സിയില്‍ നിന്നും കാര്യമായ നിയമനങ്ങള്‍ നടന്നില്ല. സി-ഡിറ്റില്‍നിന്ന് സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ക്ക് വരെ സ്ഥിരം നിയമനങ്ങള്‍ നല്‍കി. കൃഷി വകുപ്പില്‍ രണ്ടായിരം പേര്‍ക്ക് നിയമനം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ താല്‍ക്കാലിക ഡ്രൈവറെ സ്ഥിരപ്പെടുത്തി. യാതൊരു യോഗ്യതയുമില്ലാത്തവരെ കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ഈ സര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. ഇത്രയേറെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ ഒരു സര്‍ക്കാര്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ഈ ഉദ്യോഗ നിയമന കടുംവെട്ട്.
പതിനായിരം രൂപയെങ്കിലും മാസ ശമ്പളമുള്ള ജോലി തേടുന്ന അഭ്യസ്തവിദ്യര്‍ പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് പതിനായിരം രൂപ ദിവസ വേതനത്തിന് കിഫ്ബിയില്‍ പിന്‍വാതില്‍ നിയമനം നടന്നത്. മൂന്ന് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സി.പി.എം അനുഭാവികളെ സി.ഇ.ഒമാരായി ഇതിനകം കിഫ്ബിയില്‍ നിയമനം നടത്തിയിട്ടുണ്ട്. ഇത്തരം അനധികൃത നിയമനങ്ങള്‍ക്കെതിരേ ഉദ്യോഗാര്‍ഥികള്‍ തെരുവിലിറങ്ങാതെ സുപ്രിംകോടതി വിധിക്കെതിരേയുള്ള ഈ അനധികൃത നിയമനങ്ങള്‍ തടയാനാവില്ല. അതോടൊപ്പം തന്നെ കോടതിയലക്ഷ്യത്തിനും സര്‍ക്കാരിനെതിരേ ഉദ്യോഗാര്‍ഥികള്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."