കോടതികള്‍ ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: അറിയാനുള്ള അവകാശം ഒരുകൂട്ടം അഭിഭാഷകര്‍ തടഞ്ഞതിനാല്‍ ഹൈക്കോടതിയും മറ്റുകോടതികളും ഒരു മാസമായി ഇരുട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ചാവറ കള്‍ച്ചറല്‍ സെന്ററും കേരള ആര്‍.ടി.ഐ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച 'വിവരാവകാശത്തിന്റെ ഒരു പതിറ്റാണ്ട് നേട്ടങ്ങളും വെല്ലുവിളികളും' പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിലെ വിവരങ്ങളൊന്നും ഇപ്പോള്‍ പൊതുജനം അറിയുന്നില്ല. കോടതികളുടെ പ്രവര്‍ത്തനം ഫലത്തില്‍ രഹസ്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമത്തിന് അനുകൂലമായി സംസാരിക്കാനും വോട്ടു ചെയ്യാനും പാര്‍ലമെന്റില്‍ അവസരം ലഭിച്ചയാളാണ് താന്‍. നിയമം കൊണ്ടുവന്നത് ഏറെ പ്രതീക്ഷയോടെയാണ്. ഈ നിയമം കൂടുതല്‍ മേഖലകളിലേക്ക് വിപുലമാക്കണമെന്ന ചര്‍ച്ച നടക്കുമ്പോഴാണ് നിയമത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ കോടതികളില്‍ പോലും ഇതിനെതിരായ പ്രവണതയുണ്ടായിരിക്കുന്നത്. പൊതുഖജനാവിന്റെ പൂര്‍ണ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കോടതികള്‍. അവിടെ നടക്കുന്നത് എന്താണെന്നു അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തു കാര്യമെന്ന് ചോദ്യമുന്നയിച്ച് അഭിഭാഷകര്‍ പുറത്താക്കിയിരിക്കുകയാണ്. ജനാധിപത്യപരമായ പ്രവര്‍ത്തനം നടക്കേണ്ടിടത്ത് ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരേയും അഭിഭാഷകര്‍ ബഹിഷ്‌കരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യവും വിവരാവകാശ നിയമവുമൊക്കെ രാജ്യത്ത് നിലനില്‍ക്കുന്നത് അടിസ്ഥാനപരമായ ഭരണഘടനാ തത്വത്തിന്റെ ഭാഗമായാണ്. ഈ സ്വാതന്ത്ര്യം ലഭ്യമല്ലെങ്കില്‍ പിന്നെ എന്ത് അവകാശമാണ് യഥാര്‍ഥത്തില്‍ ഉള്ളതെന്നും സെബാസ്റ്റിയന്‍ പോള്‍ ചോദിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തു വിടരുതെന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച അതേ നിലപാട് തന്നെയാണ് ഈ സര്‍ക്കാറും കൈക്കൊണ്ടിരിക്കുന്നതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. മന്ത്രിസഭ തീരുമാനിക്കുന്ന അജന്‍ഡയിലുള്ള വിഷയങ്ങള്‍ കാബിനറ്റിന് മുന്നിലത്തെും മുമ്പേ തന്നെ എല്ലാ വകുപ്പുകളുടേയും നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാകും. അതിനാല്‍ നടപടിക്രമങ്ങള്‍ രണ്ട് ദിവസത്തിനകം തന്നെ പൂര്‍ത്തിയാകും. അതേസമയം, അജന്‍ഡയിലില്ലാത്ത വിഷയങ്ങള്‍ വകുപ്പുകള്‍ മുമ്പാകെ പോകേണ്ടതുള്ളതിനാലാണ് വൈകുന്നത്. ഇതല്ലാതെ മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കുന്നതിന് മടികാട്ടുന്നതെന്തിനാണെന്നും സതീശന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."