നേരത്തെ രോഗം വന്നുപോയവരെയും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പിടികൂടുന്നതായി റിപോര്‍ട്ട്
നേരത്തെ രോഗം വന്നുപോയവരെയും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പിടികൂടുന്നതായി പുതിയ റിപോര്‍ട്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊവിഡ്-19 മഹാമാരിക്കെതിരായ വാക്‌സിനുകള്‍ നമുക്ക് ലഭ്യമായിത്തുടങ്ങിയത്.
എന്നാല്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് വീണ്ടും പടരുന്ന സാഹചര്യമുണ്ടായത് ഇപ്പോള്‍ ചെറുതല്ലാത്ത ആശങ്കകള്‍ക്കാണ് ഇടയാക്കിയത്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്നു ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഈ റിപോര്‍ട്ട്. നേരത്തേ രോഗം ബാധിച്ച് അതിനെ അതിജീവിച്ചവരില്‍ വീണ്ടും പുതിയ വൈറസ് കടന്നുകൂടാമെന്നാണ് റിപോര്‍ട്ട് അവകാശപ്പെടുന്നത്.
വാക്‌സിന്‍ പരീക്ഷണത്തിനിടെയാണ് ഗവേഷകര്‍ ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്. മുപ്പത് ശതമാനം പേരില്‍ നടത്തിയ പഠനത്തില്‍ തെരഞ്ഞെടുത്തവരില്‍ നേരത്തെ രോഗം വന്നുപോയവരില്‍ ആന്റിബോഡികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും പുതിയ വൈറസില്‍ നിന്ന് സുരക്ഷിതരല്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. രോഗം വന്നതിനെ തുടര്‍ന്ന് ആളുകളില്‍ സ്വാഭാവികമായി ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടും. ഇത് അടുത്ത തവണ രോഗകാരി ശരീരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ പ്രതിരോധം തീര്‍ക്കും. എന്നാല്‍ ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ അല്‍പം ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ സ്വാഭാവികമായി പ്രതിരോധശേഷി ഉണ്ടായി വന്നവരില്‍ പോലും ജനിതകമാറ്റം സംഭവിച്ച വൈറസ് കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനവിവരം. ഈ ഘട്ടത്തില്‍ വാക്‌സിനുകളെ തന്നെ ശക്തമായി ആശ്രയിക്കുന്നതാണ് ഏറ്റവും നല്ലത്. അമേരിക്കന്‍ ഗവേഷകനും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറുമായ ആന്റണി ഫൗച്ചി പറയുന്നു.
അതേസമയം ജനിതകമാറ്റം സംഭവിച്ച് വൈറസ് കൂടുതല്‍ അപകടകാരികളാണെന്നതിനോ മരണനിരക്ക് വര്‍ധിപിക്കാന്‍ കാരണമാകുമെന്നതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ് യുഎസില്‍ നടന്ന ഒരു പഠനവുും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് നേരത്തേ രോഗം വന്നുപോയവരെ പിടികൂടാമെന്ന നിഗമനം പങ്കുവച്ചിരുന്നു.
വാക്‌സിന്‍ ലഭ്യമാകുമ്പോഴും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഉണ്ടാകുന്നത് കൊവിഡ് മുക്ത ലോകമെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണെന്നും ഗവേഷകര്‍ വിലയിരുത്തി. എങ്കിലും നിലവില്‍ വാക്‌സിനുകളെ തന്നെ ആശ്രയിക്കുകയെന്നതാണ് ആകെയുള്ള പോംവഴിയെന്നും ഓരോ പുതിയ വൈറസിനെ കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."