കൊറോണയുടെ രാഷ്ട്രീയ ജനിതകമാറ്റം
യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും വ്യാപിക്കുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് നമ്മുടെയൊക്കെ മഹാഭാഗ്യത്തിനു കേരളത്തെ പിടികൂടിയിട്ടില്ല. ബ്രിട്ടനില്‍ നിന്നെത്തിയ വിരലിലെണ്ണാവുന്ന ഏതാനും പേരില്‍ മാത്രമാണ് അതിന്റെ സാന്നിധ്യം കണ്ടെത്തിയത്. അവരെ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്തതിനാല്‍ അതു വ്യാപിച്ചില്ല.
തുടക്കത്തിലേ നിയന്ത്രിക്കാനായതിനാല്‍ അധികമൊന്നും പേടിക്കാനില്ലെങ്കിലും അക്കാരണത്താല്‍ ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ ഒട്ടുമില്ലെന്നൊന്നും പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ ഒരു പ്രത്യേകതരം ജനിതകമാറ്റം വൈറസിനു സംഭവിച്ചിട്ടുണ്ടെന്നു തന്നെ വേണം കരുതാന്‍. അങ്ങനെ മാറ്റംവന്ന വൈറസ് ചില പ്രത്യേകതരം ആളുകളെ മാത്രമാണ് ബാധിക്കുന്നത്. ഭരണപക്ഷത്തുള്ളവരെയോ അവരുടെ ശിങ്കിടിക്കൂട്ടങ്ങളെയോ ന്യായീകരണത്തൊഴിലാളികളെയോ ഒന്നും അതു ബാധിക്കില്ല. അതു പിടികൂടുന്നത് പ്രതിപക്ഷകക്ഷികളില്‍ പെട്ടവരെയും സര്‍ക്കാരിനെ എതിര്‍ക്കുന്ന മറ്റുള്ളവരെയുമൊക്കെയാണ്. സമരഭൂമികളിലും സര്‍ക്കാര്‍വിരുദ്ധ സ്വരങ്ങള്‍ ഉയരുന്നിടങ്ങളിലും ചെന്ന് വ്യാപിക്കാനാണ് അതിനിഷ്ടം.
ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്കോ വൈറോളജി വിദഗ്ധര്‍ക്കോ ഈ ജനിതകമാറ്റം കണ്ടെത്താനായിട്ടില്ലെന്നു തോന്നുന്നു. എന്നാല്‍ എ.കെ.ജി സെന്ററിലെ വിദഗ്ധര്‍ അതു കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. എ.കെ.ജി സെന്റര്‍ വെറുമൊരു പാര്‍ട്ടി ഓഫിസല്ലെന്നും പഠനഗവേഷണ കേന്ദ്രം കൂടിയാണെന്നും പലര്‍ക്കുമറിയില്ല. ലെനിനും മാവോയ്ക്കും ശേഷം മാര്‍ക്‌സിസത്തെ ഏറെ വികസിപ്പിച്ചെടുത്ത നാലാംലോക സിദ്ധാന്തം ആവിഷ്‌കരിച്ചത് അവിടെ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരാണ്. ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ യജ്ഞത്തിന്റെയുമൊക്കെ രീതിശാസ്ത്രത്തിനു രൂപം നല്‍കിയതും അവിടെയുണ്ടായിരുന്നവര്‍ തന്നെയാണ്. പിന്നെയാണോ ഒരു ചീള് കൊറോണ വൈറസ്.
ഗവേഷണത്തില്‍ വൈറസിന്റെ ജനിതകഘടനയില്‍ കണ്ട ഏറ്റവും വലിയ സവിശേഷത അതിന്റെ വിപ്ലവാഭിമുഖ്യമാണ്. മറ്റൊന്ന്, ഫാസിസ്റ്റ് വിരോധവും. വിപ്ലവപ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്ന പ്രതിവിപ്ലവകാരികളെ അത് അതിവേഗം പിടികൂടും. ചൈനയില്‍ പെട്ടെന്നുണ്ടായ വ്യാപനത്തിനു പിന്നിലും ഇതേ ഇനം വൈറസ് തന്നെയാണെന്നാണ് ഗവേഷകരുടെ അനുമാനം. അതിനെക്കുറിച്ച് സാര്‍വദേശീയ തലത്തില്‍ ഇതുപോലുള്ള സെന്ററുകളില്‍ ഗവേഷണം നടക്കുന്നുമുണ്ട്. എന്നാല്‍ കണ്ടും അറിഞ്ഞും നില്‍ക്കേണ്ടിടത്തു നില്‍ക്കാന്‍ ശീലിച്ച വൈറസുമാണിത്. ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒട്ടും അലമ്പുണ്ടാക്കാതെ വൈറസ് മാറിനില്‍ക്കും. കര്‍ഷകസമരം നടക്കുന്ന ഡല്‍ഹിയില്‍ രോഗവ്യാപനമില്ലല്ലോ. അതുപോലെ വിപ്ലവസര്‍ക്കാര്‍ നടത്തുന്ന പരിപാടികളെയും ഈ വൈറസ് തിരിഞ്ഞുനോക്കാറില്ല. അതുകൊണ്ടല്ലേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തുകളൊക്കെ വന്‍ ആള്‍ക്കൂട്ടമുണ്ടായിട്ടും ഒരു കുഴപ്പവുമില്ലാതെ പോകുന്നത്. അവിടെയൊന്നും പൊലിസുകാര്‍ക്ക് ആളുകളെ നിയന്ത്രിക്കുകയോ പ്രോട്ടോകോള്‍ ലംഘനത്തിനു കേസെടുക്കുകയോ ചെയ്യേണ്ടിവന്നില്ല.
അതിനിടയില്‍ പ്രതിവിപ്ലവകാരികളായ യു.ഡി.എഫുകാര്‍ ഐശ്വര്യ കേരളയാത്ര എന്നൊരു പരിപാടി നടത്തുന്നുണ്ട്. വലതുപക്ഷക്കാര്‍ ഒത്തുകൂടി വിപ്ലവസര്‍ക്കാരിനെതിരേ അപവാദപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന യാത്രാ സ്വീകരണ പരിപാടികളില്‍ ഈ വൈറസ് പറന്നെത്തുമെന്നുറപ്പാണ്. സര്‍ക്കാരിനെ കുറ്റംപറയുന്നത് ഈ വൈറസ് സഹിക്കില്ല. വലതുപക്ഷക്കാരാണെങ്കിലും പ്രജകളെന്ന നിലയില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് അവരില്‍ ചിലര്‍ക്കെതിരേ കേസെടുക്കേണ്ടിവന്നത്. അല്ലാതെ അവര്‍ പറയുന്നതുപോലെ പകപോക്കലൊന്നുമല്ല അത്. വൈറസ് അവിടെയും നിന്നുകൊള്ളണമെന്നില്ല. ഇനി ഭൂമി കൈയേറ്റം, ആദിവാസികള്‍ക്കു ഭൂമി, യു.എ.പി.എ എന്നൊക്കെ പറഞ്ഞ് നക്‌സലൈറ്റുകളും കുലംകുത്തികളും ദലിത് ആക്ടിവിസ്റ്റുകളും മറ്റും സമരവുമായി വന്നാല്‍ അവിടെയും വൈറസെത്തും. അവരുടെ ആരോഗ്യവും ഈ സര്‍ക്കാരിനു പ്രധാനമാണ്. അതുകൊണ്ട് അവര്‍ക്കെതിരേയും കേസെടുക്കേണ്ടിവരും. സൂക്ഷിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്.
ചെത്തിലെ വാമൊഴിവഴക്കം
കാലം മാറുമ്പോള്‍ ചില വാക്കുകള്‍ക്ക് അര്‍ഥവ്യത്യാസം സംഭവിക്കും. ചിലതിന് പുതിയ അര്‍ഥംകൂടി വന്നുചേരും. അതിലൊന്നാണ് ചെത്ത് എന്ന പദം. പണ്ടൊരുകാലത്ത് കള്ളുചെത്തിനെ സൂചിപ്പിക്കാനാണ് ഈ പദം പ്രയോഗിച്ചിരുന്നത്. കല്ലുചെത്ത് വേറെയുണ്ടായിരുന്നെങ്കിലും അതിനെപ്പറ്റി പറയാന്‍ ഈ ചുരുക്കപ്പദം അത്ര വ്യാപകമായി പ്രയോഗിച്ചിരുന്നില്ല. ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുന്‍പ് അതിന് അടിച്ചുപൊളിച്ച് ജീവിക്കുക എന്ന അര്‍ഥംകൂടി വന്നു. കേരളത്തിന്റെ സാമ്പത്തികനിലയില്‍ വന്ന മാറ്റങ്ങളുടെ കൂടി ഭാഗമായി നാട്ടില്‍ തൊഴിലാളികളും വിദ്യാര്‍ഥികളുമൊക്കെയായ 'ചെത്ത്' പയ്യന്‍മാര്‍ പെരുകി. പെണ്‍കൗമാര കാമനകളില്‍ ചെത്തെന്ന പദം പ്രിയപ്പെട്ടതായി. കള്ളുചെത്ത്, കല്ലുചെത്ത് തൊഴിലുകള്‍ ഏറെ കുറഞ്ഞതിനാല്‍ നാട്ടില്‍ ചെത്തെന്ന വാക്കിന്റെ അര്‍ഥം ഏറെക്കുറെ പുതിയതു മാത്രമായി.
അര്‍ഥങ്ങള്‍ പലതുണ്ടെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഈ വാക്ക് പ്രയോഗിക്കുമ്പോള്‍ അതിനൊരു പ്രത്യേക അര്‍ഥം തന്നെയായിരിക്കും ഉല്‍പാദിപ്പിക്കപ്പെടുക. അതുകൊണ്ടുതന്നെ ചെത്തുകാരന്റെ കുടുംബമാണ് മുഖ്യമന്ത്രി പിണറായി വജയന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഉണ്ടായ അര്‍ഥം ഇതില്‍ ആദ്യത്തേതാണ്. അതിനു കാരണമുണ്ട്. പിണറായി വിജയന്റെ പിതാവ് കള്ളുചെത്ത് തൊഴിലാളിയായിരുന്നു. ഒരുകാലത്ത് ധാരാളമാളുകള്‍ ചെയ്ത, പഴയ കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹ്യോല്‍പാദന പ്രക്രിയയിലും സുപ്രധാന പങ്കുവഹിച്ച തൊഴിലാണത്. കള്ള് ലഹരിവസ്തുവായി മാത്രം ഉപയോഗിക്കുന്നതല്ല. അതില്‍നിന്ന് വേറെ ഉല്‍പന്നങ്ങളുമുണ്ടാക്കാം. ആ തൊഴില്‍ ഒട്ടും മോശപ്പെട്ടതല്ല.
എന്നിട്ടും സുധാകരന്റെ പ്രയോഗം നാട്ടില്‍ വലിയ വിവാദമായി. സുധാകരന്‍ ജാതീയ അധിക്ഷേപം നടത്തി എന്ന ആരോപണമുയര്‍ന്നു. അതിനു കാരണങ്ങള്‍ രണ്ടുമൂന്നെണ്ണമുണ്ട്. ശാരീരികാധ്വാനം ആവശ്യമുള്ള തൊഴിലുകളെല്ലാം മോശപ്പെട്ടതാണെന്നു ചിന്തിക്കുന്ന വരേണ്യ തൊഴില്‍ സംസ്‌കാരമാണ് അതിലൊന്ന്. പണ്ട് മലബാറില്‍ ഈ തൊഴില്‍ ചെയ്തിരുന്നത് തിയ്യ സമുദായക്കാരായിരുന്നു എന്നതാണ് മറ്റൊന്ന്. ഇതു പറയുന്ന സന്ദര്‍ഭത്തില്‍ തിയ്യ സമുദായക്കാരന്‍ തന്നെയായ സുധാകരന്റെ ഭാഷാപ്രയോഗ ശൈലിയും ശരീരഭാഷയും എതിരാളിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ളതാണെന്ന് ആര്‍ക്കും തോന്നിപ്പോകുന്ന തരത്തിലായത് വേറൊരു കാരണം.
സുധാകരന്‍ എന്തിനിങ്ങനെയൊക്കെ പറയുന്നു എന്നു ചോദിച്ചാല്‍ കണ്ണൂരിലെ രാഷ്ട്രീയനേതാക്കള്‍ അങ്ങനെയാണ് എന്നാണ് ഉത്തരം. ആള്‍ക്കൂട്ടത്തെ കണ്ടാല്‍ വാവിട്ട് എന്തും പറയാന്‍ മടിയില്ലാത്തവര്‍. അതിനു കാര്യമായ പാര്‍ട്ടി വ്യത്യാസങ്ങളൊന്നുമില്ല. മൊബൈല്‍ കാമറ പോയിട്ട് സാധാരണ മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത കാലത്ത് കുറച്ചുകാലം കണ്ണൂരില്‍ പണിയെടുത്ത ഓര്‍മയുണ്ട്. നഗരത്തില്‍ നടന്നിരുന്ന രാഷ്ട്രീയ പൊതുയോഗങ്ങളിലെല്ലാം ഉയര്‍ന്നത് പച്ചയ്ക്കുള്ള കൊലവിളികളായിരുന്നു. പിന്നീട് എന്തും റെക്കോര്‍ഡ് ചെയ്യാവുന്ന ഉപകരണങ്ങള്‍ നാട്ടുകാരുടെ കൈകളില്‍ നിറഞ്ഞപ്പോള്‍ കൊലവിളി വലിയതോതില്‍ തന്നെ കുറഞ്ഞു. എന്നിട്ടും പല വിവാദ പദപ്രയോഗങ്ങളും നേതാക്കളില്‍നിന്ന് പ്രവഹിച്ചു. പരനാറിയും ശുംഭനുമൊക്കെ ഇക്കാലയളവില്‍ കണ്ണൂര്‍ നേതാക്കള്‍ കേരള രാഷ്ട്രീയ പദാവലിയിലേക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളാണ്.
പിണറായി വിജയനെപ്പറ്റി പറയാന്‍ പിതാവിന്റെ തൊഴില്‍ പറയേണ്ട ഒരാവശ്യവുമില്ല. അദ്ദേഹത്തിന് ഒരു പേരുണ്ട്. അതു പൂര്‍ണമായി പറഞ്ഞില്ലെങ്കിലും പിണറായി എന്നു പറഞ്ഞാല്‍ തന്നെ നാട്ടുകാര്‍ അറിയും. അതുപോലെ മുല്ലപ്പള്ളിയെപ്പറ്റി അട്ടംപരതി ഗോപാലന്റെ മോന്‍ എന്നൊന്നും പറയേണ്ടതുമില്ല. മുല്ലപ്പള്ളിയെന്നോ അല്ലെങ്കില്‍ മുഴുവന്‍ പേരോ പറഞ്ഞാല്‍ മതി. പിന്നെ ചിലര്‍ക്ക് ഒരാളെ വിമര്‍ശിക്കണമെങ്കില്‍ അയാളുടെ തന്തയ്ക്കു വിളിച്ചുകൊണ്ടുതന്നെ വേണമെന്നു നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു. സംസ്‌കാരം ആര്‍ക്കും സംഭാവനയായി കൊടുക്കാന്‍ പറ്റുന്ന സാധനമല്ലല്ലോ.
ഈ ശൈലിക്ക് കേരളത്തിലെ ഇടതുപക്ഷ ഭാഷാപണ്ഡിതര്‍ നല്‍കിയിരിക്കുന്ന പേര് 'വാമൊഴിവഴക്കം' എന്നാണ്. വലതുപക്ഷക്കാരനായ സുധാകരന്‍ പറയുന്നതിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ പാടുണ്ടോ എന്നറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."