ദുബൈയിൽ കുടുങ്ങിയ സഊദി യാത്രക്കരുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അടിയന്തിര ഇടപെടലുണ്ടാകണം: കെഎംസിസി
ജിദ്ദ: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളി യാത്രക്കാരുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ജിദ്ദ കെഎംസിസി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സഊദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ യുഎഇയിൽ കുടുങ്ങിയിരിക്കുകയാണ്. നേരിട്ട് വിമാനമില്ലാത്തതിനാലാണ് സഊദിയിൽ നിന്നും അവധിയിൽ പോയവർ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താൻ യുഎഇ തിരഞ്ഞെടുത്തത്. ഇവിടെ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞു അടുത്ത ദിവസങ്ങളിൽ സഊദിയിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ പുതിയ വിലക്ക് പ്രഖ്യാപനം വന്നത്.
ഇത് മൂലം ആയിരകണക്കിന് മലയാളികൾ ഇപ്പോൾ ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ്. പലരും ട്രാവൽ ഏജൻസികൾ ബുക്ക് ചെയ്ത താമസ സൗകര്യത്തിന്റ സമയപരിധി അവസാനിച്ചു പെരുവഴിയിലായ അവസ്ഥയാണ്. ഒട്ടുമിക്ക പേരുടെ കയ്യിൽ ഭക്ഷണത്തിനു പോലും പണമില്ല. ഇതിൽ ഭൂരിപക്ഷം പേരും അടുത്ത ദിവസങ്ങളിൽ സഊദിയിൽ പ്രവേശിക്കാനായില്ലെങ്കിൽ വിസാ കാലാവധി അവസാനിച്ചു ജോലി നഷ്ടപെടുമെന്ന ഭീതിയിയിലുമാണ്. അതിനാൽ തന്നെ കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തി ഇവരെ സഊദിയിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും സഊദി വിസ കാലാവധിയുള്ളവർക്ക് യുഎഇയിൽ യിൽ നിന്ന് സഊദിയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നത് വരെ യുഎഇ ഇന്ത്യൻ എംബസ്സി മുഖേന താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയോ അവരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോവാനുള്ള സംവിധാനം ഏർപെടുത്തുകയോ ചെയ്യണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രിമാർക്കും, സംസഥാന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് ഡോ: എംകെ മുനീർ, എംപി മാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർക്കും കെഎംസിസി കത്തുകളയച്ചു. അടിയന്തിര നടപടികൾക്ക് ശ്രദ്ധ തിരിക്കണമെന്ന് കത്തിൽ കെഎംസിസി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."