അങ്കം തുടങ്ങി; യു.പി ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബൂത്തുകള്‍ക്കു മുമ്പില്‍ നീണ്ട നിര
ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലായി 58 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 2.27 വോട്ടര്‍മാരാണുള്ളത്.
പടിഞ്ഞാറന്‍ യു.പിയിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണിത്. 58ല്‍ 53 സീറ്റുകള്‍ അന്ന് ബി.ജെ.പി നേടി. ഇത്തവണ 40 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം.
ജാട്ട് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ തവണ 53 സീറ്റും ബി.ജെ.പി തൂത്തുവാരിയെങ്കില്‍ ഇത്തവണ ബി.ജെ.പിയെ മുട്ടുകുത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് കര്‍ഷക സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആര്‍.എല്‍.ഡി നിലവില്‍ സമാജ്‌വാദി സഖ്യത്തിനൊപ്പമാണ്.
ഹിന്ദുത്വ കാര്‍ഡിനൊപ്പം സുരക്ഷിത ഉത്തര്‍പ്രദേശ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊവിഡിലെ വീഴ്ചയും ഉന്നാവ്, ഹാത്രസ് പീഡനവുമൊക്കെ ഉയര്‍ത്തിക്കാട്ടി സുരക്ഷിത യു.പി എന്ന അവകാശ വാദം പൊളിക്കാനാണു പ്രചാരണത്തില്‍ എസ്.പി ശ്രദ്ധിച്ചത്. അവസാന ഒരാഴ്ചയാണ് ബി.എസ്.പിക്ക് തെരെഞ്ഞെടുപ്പ് ചൂട് പിടിച്ചത്. അതേസമയം, യുവാക്കളെ ആകര്‍ഷിക്കുന്ന പ്രകടന പത്രികയും താരപ്രചാരണവുമായി പ്രിയങ്ക ഗാന്ധി കളംനിറഞ്ഞെങ്കിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ പോലും കോണ്‍ഗ്രസിനെ വിട്ട് മറ്റു പാര്‍ട്ടിയില്‍ ചേര്‍ന്നത് തിരിച്ചടിയായി.
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകനും ബി.ജെ.പി യു.പി ഉപാധ്യക്ഷനുമായ പങ്കജ് സിങ് നോയിഡ, മന്ത്രിമാരായ ചൗധരി ലക്ഷ്മണ്‍ നാരായണ്‍ ഛാത്താ, ജി.എസ് ധര്‍മേഷ് കാന്‍ഡ്, ദിനേശ് ഖട്ടിക്ഹസ്തിനിപൂര്‍, കപില്‍ദേവ് അഗര്‍വാള്‍ സദര്‍, അനില്‍ ശര്‍മഷിക്കാര്‍പൂര്‍, സദ്ദീപ് സിങ് അട്രോളി, ശ്രീകാന്ത് ശര്‍മമഥുര, സുരേഷ് റാണതാണ ഭവന്‍, അതുല്‍ ഗാര്‍ഗ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെപോലും സ്വാധീനിക്കാന്‍ പര്യാപ്തമായ വോട്ടെടുപ്പാണ് യു.പിയില്‍ നടക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."