ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം
ശാസ്ത്രവികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 34ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തെ മതവുമായി കൂട്ടിച്ചേർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. കെട്ടുകഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും കപട ശാസ്ത്രവാദികളെ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുമാണ് ശാസ്ത്രത്തെ അപകടത്തിലാക്കുന്നത്.
ഈ കാലഘട്ടത്തിലും മന്ത്രവാദവും നിധികിട്ടാനായി നരബലിയും നടക്കുന്നത് നടുക്കത്തോടെയാണ് കേൾക്കുന്നത്. മഹാമാരിയെ കിണ്ണംകൊട്ടി ഓടിക്കാമെന്ന് പറയുന്നു.
ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സർജറിക്ക് തെളിവാണെന്ന് വാദിക്കുന്നു. ശാസ്ത്രപ്രചാരണത്തിലൂടെ മാത്രമേ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തി നേടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവ ശാസ്ത്ര അവാർഡ്, ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ് എന്നിവ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി സുധീർ അധ്യക്ഷത വഹിച്ചു.
കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേശകനായ എം.സി ദത്തൻ, മലങ്കര സിറിയൻ കാത്തലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, നാറ്റ്പാക് ഡയരക്ടർ ഡോ. സാംസൺ മാത്യു എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."