പ്രിയങ്ക നയിക്കുന്ന കിസാന്‍ മഹാപഞ്ചായത്ത് ഇന്ന്; സഹാറന്‍പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് നടക്കാനിരിക്കെ സഹാറന്‍പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സഹാറന്‍പൂരിലെ ഛില്‍കാനയിലാണ് കോണ്‍ഗ്രസ് ഇന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, സഹാറന്‍പൂരിലെ ഗാന്ധിപാര്‍ക്കില്‍ ഫെബ്രുവരി എട്ടിന് നിശ്ചയിച്ചിരുന്ന കിസാന്‍ സംവാദത്തിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.
ബേഹാതിലെ ശകുംഭാരി ദേവി ക്ഷേത്രത്തിലും റായ്പൂരിലെ ഷാ അബ്ദുല്‍ റഹീം ദര്‍ഗയിലും സന്ദര്‍ശനം നടത്തിയ ശേഷമാകും പ്രിയങ്ക ഇവിടെയെത്തുകയെന്ന് സഹാറന്‍പൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുസഫര്‍ അലി ഗുര്‍ജാര്‍ അറിയിച്ചിരുന്നു. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള സഹാറന്‍പൂരില്‍ പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാരുണ്ട്. ബേഹാതില്‍ നിന്ന് നരേഷ് സൈനിയും സഹാറന്‍പൂര്‍ ദേഹാതില്‍ നിന്ന് മസൂദ് അക്തറും. ഇതിന് പുറമേ, മുന്‍ എം.എല്‍.എ ഇംറാന്‍ മസൂദിനും ജില്ലയില്‍ നിര്‍ണായക സ്വാധീനമുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ കിസാന്‍ മഹാപഞ്ചായത്ത് നടക്കില്ലെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നു.
സംസ്ഥാനത്തുടനീളം ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രചാരണ പരിപാടിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 27 ജില്ലകളിലും കര്‍ഷക പരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. സഹാറന്‍പൂരിലെ മഹാപഞ്ചായത്തായിരുന്നു ഇതില്‍ ആദ്യത്തേത്.
ഷംലി, മുസഫര്‍ നഗര്‍, ഭാഗ്പത്, മീററ്റ്, ബിജിനോര്‍, ഹാപുര്‍, ബുലന്ദ്ഷഹര്‍, അലിഗര്‍, ഹാത്രസ്, മഥുര, ആഗ്ര, ഫിറോസാബാദ്, ബദായുന്‍, ബറേലി, റാംപൂര്‍, പിലിഭിത്, ലഖിംപൂര്‍ഖേര്‍, സീതാപൂര്‍, ഹര്‍ദോയി ജില്ലകളിലും കോണ്‍ഗ്രസ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
യോഗിയുടെ നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന പ്രിയങ്ക ഈയിടെ റിപ്പബ്ലിക് ദിന പരേഡില്‍ മരിച്ച കര്‍ഷകന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."