HOME
DETAILS

'ഓർക്കുക.., ലോകജനത ഇതെല്ലാം കാണുന്നുണ്ട്'

  
backup
February 12, 2022 | 8:43 PM

1000845624853-2

വീണ്ടുവിചാരം
എ. സജീവൻ
8589984450

ആരും കൊതിക്കുന്ന വാക്കുകള്‍ ചിലപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയാറുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമാണ് 2014ല്‍ പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നതിന് തൊട്ടുമുന്‍പ് പറഞ്ഞത്. 'എന്റെ സര്‍ക്കാരിന്റെ മതം ഭരണഘടനയാണ്' എന്നായിരുന്നു അത്. ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളെയും ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ സമമനോഭാവത്തിലായിരിക്കും തൻ്റെ സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് അദ്ദേഹം അന്നു വിശദീകരിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസം അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും കണ്ടു അദ്ദേഹത്തിൻ്റെ കൊതിപ്പിക്കുന്ന വാക്കുകള്‍. 'നാനാത്വത്തില്‍ ഏകത്വം നടപ്പാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ മുസ്‌ലിംകള്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്'. ഇമ്പമുള്ള വാക്കുകള്‍ കാതിനു കുളിര്‍മയേകുമെങ്കിലും വാക്കിനു വിപരീതമായി പ്രവൃത്തി മാറുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതു പരിഹാസ്യമായി തോന്നും. ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയോടുള്ള ആദരം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, മതേതരത്വത്തെക്കുറിച്ചു നരേന്ദ്രമോദി എന്താണോ പറഞ്ഞത് അതിനു നേര്‍വിപരീതമാണ് അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ പാർട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാക്കും പ്രവൃത്തിയും. 2019ൽ പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യം മുഴുവൻ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ, കലാപം നടത്തുന്നതാരെന്ന് അവരുടെ വേഷം കണ്ടാലറിയാം എന്നു പ്രധാനമന്ത്രി പറഞ്ഞത് ജനാധിപത്യ ഭാരതം മറന്നിട്ടില്ല.


ഇന്ത്യന്‍ ഭരണഘടന, സംശയലേശമില്ലാതെ, ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അനുവദിച്ചു തന്നിട്ടുള്ളതാണ് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനും സ്വതന്ത്രമായി ആശയപ്രചാരണം നടത്താനും മറ്റുമുള്ള അവകാശം. അതു മൗലികാവകാശമാണ്. മറ്റുള്ളവരുടെ മൗലികാവകാശങ്ങളില്‍ ഇടപെടാതെ പരസ്പര ബഹുമാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജനങ്ങൾ ജീവിക്കുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയസങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്.


പക്ഷേ, ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണോ? എൻ്റെ സര്‍ക്കാരിൻ്റെ മതം ഭരണഘടനയാണെന്ന് പ്രഖ്യാപിച്ച് രാജ്യത്തിൻ്റെ അധികാര സോപാനത്തിലേറിയ നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് അനിഷ്ടമുള്ളവര്‍, പ്രത്യേകിച്ചു മുസ്‌ലിംകള്‍ തുല്യാവകാശത്തോടെയാണോ ജീവിക്കുന്നത്? തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ എന്തു കഴിക്കണം എങ്ങനെ ജീവിക്കണമെന്നെല്ലാം ആജ്ഞാപിക്കുകയും അതിനു വിരുദ്ധമായി പെരുമാറുന്നുവെന്നു തങ്ങൾ സംശയിക്കുന്നവരെ തല്ലിക്കൊല്ലുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത അടുത്തകാലത്തായി അതിഭീകരമാം വിധം വർധിച്ചിരിക്കുന്നു. എൻ്റെ സര്‍ക്കാരിൻ്റെ മതം ഭരണഘടനയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അതൊന്നും കാണുന്നതും കേൾക്കുന്നതുമില്ല!


തല മറയ്ക്കൽ മുസ്‌ലിം സ്ത്രീകള്‍ മാത്രം ചെയ്തുവരുന്ന ആചാരമല്ല. ഉത്തരേന്ത്യയില്‍ പൊതുരംഗത്തും പരപുരുഷന്മാരുടെ മുന്നിലും തലയും മുഖവും മറയ്ക്കുന്ന ആചാരം ഹിന്ദു സ്ത്രീകള്‍ക്കിടയിലുണ്ട്, പ്രത്യേകിച്ച് ഗ്രാമീണസ്ത്രീകളിൽ. ക്രിസ്തുമതത്തിൽ കന്യാസ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം അണിയുന്നവരാണ്. ആരാധനാലയത്തില്‍ മറ്റു ക്രിസ്ത്യന്‍ സ്ത്രീകളും തല മറയ്ക്കാറുണ്ട്. ഇതെല്ലാം യാഥാര്‍ഥ്യമായിരിക്കെ ഇപ്പോള്‍ എന്തുകൊണ്ട് കര്‍ണാടകയിലെ കലാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറച്ചെത്തുന്നതിന് (ഹിജാബ് ധരിക്കുന്നതിന്) എതിരേ സംഘ്പരിവാർ കലാപമുണ്ടാക്കുന്നു?
ആണ്‍കുട്ടികളെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ അല്‍പവസ്ത്രം ധരിച്ചു ശരീരപ്രദര്‍ശനം നടത്തുകയാണ് ആ പെണ്‍കുട്ടികള്‍ ചെയ്തതെങ്കില്‍ സദാചാരവിരുദ്ധത എന്നു സമർഥിക്കാം. കര്‍ണാടകയില്‍ സംഘ്പരിവാർ കലാപം സൃഷ്ടിച്ച കലാലയങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഉടല്‍ പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും അതിനു പുറമെ തങ്ങളുടെ മതാചാരപ്രകാരം ശിരോവസ്ത്രമണിയുകയും ചെയ്തുവെന്നല്ലേയുള്ളൂ. അതിലെവിടെയാണ് പ്രലോഭനവും പ്രകോപനവുമുണ്ടാകുന്നത്? എന്ത് അധികാരത്തിൻ്റെയും അവകാശത്തിൻ്റെയും ധാര്‍മികചിന്തയുടെയു പേരിലാണ് ആ പെണ്‍കുട്ടികള്‍ക്കു നേരേ ആക്രോശവുമായി രംഗത്തിറങ്ങിയത്.
'ജയ് ശ്രീരാം' മുദ്രാവാക്യം വിളിക്കാന്‍ സംഘ്പരിവാർ പ്രവർത്തകർക്ക് തീർച്ചയായും അവകാശമുണ്ട്. പക്ഷേ, ആ സംബോധന 'മര്യാദാപുരുഷന്‍' എന്നു ഖ്യാതികേട്ട രാമനു നേരേയാണെന്ന് ഓര്‍ക്കണം. മര്യാദാപുരുഷനായ രാമൻ്റെ നാമം ഉച്ചരിക്കുന്നവരുടെ മനസ്സിലും വാക്കിലും പ്രവൃത്തിയിലും മര്യാദയുണ്ടായിരിക്കണം.


കര്‍ണാടകയിലെ ചില സര്‍ക്കാര്‍ ജൂനിയര്‍ കോളജുകളിലാണ് ഹിജാബ് നിരോധിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വിചിത്ര കാര്യം. ഏതെങ്കിലും ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നവർ ശിരോവസ്ത്രം ധരിക്കരുതെന്നു ഭരണഘടന വിലക്കിയിട്ടില്ല. ധരിക്കണമെന്നും നിർബന്ധിക്കുന്നില്ല. പാർലമെൻ്റോ കര്‍ണാടക നിയമസഭയോ അത്തരമൊരു നിയമം പാസ്സാക്കിയിട്ടില്ല, പരമോന്നത നീതിപീഠമുൾപ്പെടെ ഒരു കോടതിയും ഇതുവരെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചില്ല. കർണാടകയിൽ ഹിജാബ് വിലക്കിയ കലാലയങ്ങളിലെ നിയമാവലികളില്‍ പോലും അത്തരമൊരു വിലക്കില്ല.


പിന്നെന്തിന് ഇത്തരം കോലാഹലങ്ങള്‍? ഉത്തരം വ്യക്തം. ഒരിടത്തു നട്ടാല്‍ ആയിരം ദിക്കില്‍ മുളപൊട്ടുന്ന, ഹ്രസ്വകാല വിളയും ദീര്‍ഘകാലവിളയും നൽകുന്ന വിഷവിത്താണത്.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നില അത്ര സുഗമവും സുഖകരവുമല്ല. കര്‍ഷകസമരമുള്‍പ്പെടെയുള്ള എതിര്‍സാഹചര്യങ്ങള്‍ അവിടെയുണ്ട്. അതിനെ നേരിടാൻ വേണ്ടത് വര്‍ഗീയവിളയാണ്. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ അതു നട്ടാല്‍ കമ്മിഷൻ്റെ കൂച്ചുവിലങ്ങുണ്ടാകും. അപ്പോള്‍ നല്ലത്, കൈയിലിരിക്കുന്ന കര്‍ണാടകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ വര്‍ഗീയ ചേരിതിരിവിൻ്റെ പ്രകമ്പനമുണ്ടാകുമെന്നതിനാല്‍ ഭാവിയില്‍ ഉപകരിക്കുകയും ചെയ്യും. ഈ തീക്കളിയുടെ ഭവിഷ്യത്തെന്തെന്ന് ആ കളി കളിക്കുന്നവര്‍ ചിന്തിക്കുന്നില്ലെങ്കിലും ഹിജാബ് കേസ് വിശാല ബെഞ്ചിനു വിട്ട കര്‍ണാടക ഹൈക്കോടതിയിലെ ന്യായാധിപന്‍ തിരിച്ചറിയുകയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ലോകം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. അതു നമ്മുടെ രാജ്യത്തിനു ഭൂഷണമല്ല'. നീതിപീഠത്തിൻ്റെ ഈ വാക്കുകള്‍ ബധിരകര്‍ണങ്ങളില്‍ പതിക്കട്ടെ എന്നു വ്യാമോഹിച്ചുപോകുന്നു!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  13 days ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  13 days ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  13 days ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  13 days ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  13 days ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  13 days ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  13 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  13 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  13 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  13 days ago