ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി
ധാക്ക: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഈയിടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈനാണ് ഞായറാഴ്ച ഇന്ത്യക്ക് കത്തയച്ചത്.
ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണം നഷ്ടമായപ്പോള്‍ 78കാരിയായ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്. 1,400 പേര്‍ കൊല്ലപ്പെടാനിടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മനുഷ്യത്വത്തിനെതിരായ ആക്രമണം നടത്തിയെന്നാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരേയുള്ള കുറ്റം. നയതന്ത്രപരമായി ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഹസീനയെ സംരക്ഷിക്കുന്ന നപടി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും മനുഷ്യരാശിക്കെതിരേയുള്ള ആക്രമണം നടത്തിയ വ്യക്തിക്ക് നല്‍കുന്ന സംരക്ഷണം നീതിയല്ലെന്നും ബംഗ്ലാദേശ് കത്തില്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യ ഹസീനയ്‌ക്കെതിരേയുള്ള വിധിയെ കുറിച്ച് അറിഞ്ഞെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹസീനയെ വിട്ടുനല്‍കുന്ന കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതുവരെ ബംഗ്ലാദേശ് ഇന്ത്യയോട് മൂന്നുതവണ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ കത്ത് നല്‍കിയിരുന്നുവെന്ന് ബംഗ്ലാദേശ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."