2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു
തെല്‍അവീവ്: 2023 ഒക്ടോബര്‍ ഏഴിന് 'അല്‍ അഖ്‌സ പ്രളയം' എന്ന പേരില്‍ ഹമാസ് നടത്തിയ മിന്നാലാക്രമണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ട് ഇസ്‌റാഈല്‍. നേരത്തെ ഈ വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്തുകയും സൈന്യം, രഹസ്യാന്വേഷണ വിഭാഗം എന്നിവയ്ക്ക് വീഴ്ചവന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റാരോപിതരായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവിട്ടത്.
ഗസ്സയില്‍നിന്ന് ഹമാസ് ഇസ്‌റാഈലിലെത്തി ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം തെക്കന്‍ കമാന്റിനാണ്. വീഴ്ചവരുത്തിയ റിസര്‍വ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫിസര്‍മാര്‍ക്ക് ഇനി സൈന്യത്തില്‍ തുടരാന്‍ കഴിയില്ലെന്ന് ഞായറാഴ്ച സൈന്യം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവിട്ടത്. ഇസ്‌റാഈല്‍ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ ഒക്ടോബര്‍ 7ന് ഇസ്‌റാഈല്‍ സൈന്യം പരാജയപ്പെട്ടുവെന്ന് സൈനിക മേധാവി ഇയാല്‍ സാമിര്‍ പറഞ്ഞിരുന്നു.
ഗുരുതരമായ പിഴവാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ സംഭവം പാഠമാണെന്നും ഭാവിയില്‍ സുരക്ഷയൊരുക്കാന്‍ അത് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓഫിസര്‍മാരെ സജീവ ഡ്യൂട്ടിയില്‍നിന്ന് മാറ്റി റിസര്‍വ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇവരെയാണ് പിരിച്ചുവിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."