ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍
ശ്രീനഗര്‍: ജമ്മുവിലെ ശ്രീമാതാ വൈഷ്‌ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്‌സലന്‍സില്‍ പ്രവേശനം നേടിയ ബഹുഭൂരിഭാഗം മുസ്ലിം വിദ്യാര്‍ഥികളെയും പുറത്താക്കും. സംഘ്പരിവാര്‍ ആവശ്യം പരിഗണിച്ചാണ് നടപടി. അടുത്തിടെ തുടങ്ങിയ മെഡിക്കല്‍ കേളജിലെ ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 50 വിദ്യാര്‍ഥികളില്‍ 45 പേരും മുസ്ലിംകളാണ്. ഇതില്‍ 42 മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഘടകം ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞദിവസം ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹക്ക് നിവേദനം നല്‍കിയിരുന്നു. ആവശ്യം മനോജ് സിന്‍ഹ അംഗീകരിച്ച സാഹചര്യത്തിലാണ്, മുസ്ലിംകളെ പുറത്താക്കാനുള്ള സാധ്യത തെളിഞ്ഞത്.
ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് (ജെ.കെ.ബി.ഒ.പി.ഇ.ഇ) തയാറാക്കിയ 50 പേരുടെ അന്തിമ റാങ്ക് പട്ടികയില്‍ ഇടംപിടിക്കുകയും മതിയായ നടപടിക്രമങ്ങള്‍ പാലിച്ച് പ്രവേശനം നേടുകയും ചെയ്തവരെയാണ് ഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ പുറത്താക്കുന്നത്. നാഷനല്‍ മെഡിക്കല്‍ കൗണ്‍സിന്റെ ചട്ടങ്ങള്‍ പാലിച്ചും നീറ്റ് റാങ്ക് പട്ടിക അനുസരിച്ചുമാണ് കോളജ് പ്രവേശനനടപടികള്‍ പാലിച്ചതെങ്കിലും, ഹിന്ദുക്കള്‍ ആയിരിക്കണം സ്ഥാപനത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും എന്നാണ് സംഘ്പരിവാര്‍ വാദം. ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി പ്രാബല്യത്തില്‍ വലരുന്നതോടെ സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 95 ശതമാനവും പുറത്താകും.
ബി.ജെ.പിയുടെ നിവേദനം ഭിന്നിപ്പിന്റെ സ്വഭാവമുള്ളതും വര്‍ഗീയവുമാണെന്ന് ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫ്രന്‍സ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."