തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടം. തൂത്തുക്കുടിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 75കാരൻ മരിച്ചു. ഇതോടെ മഴക്കെടുതി മൂലം ആകെ മരണം നാലായി. ഡെൽറ്റ ജില്ലകളിലും തെക്കൻ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ വൻ ദുരിതത്തിലായി.
വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കം 16 ജില്ലകളിൽ യെല്ലോ അലർട്ടാണ്. 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തിലും മഴ കനക്കുകയാണ്. കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് നാലിന് ജലനിരപ്പ് 139.30 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് സെക്കന്റിൽ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാൽ സെക്കന്റിൽ 400 ഘന അടി ജലം മത്രമാണ് തുറന്ന് വിടുന്നത്.
കുമളിയിലും, പരിസരങ്ങളിലും ഞായറാഴ്ച്ച വൈകീട്ട് മുതൽ തിങ്കളാഴ്ച്ച പുലർച്ചെ വരെ പെയ്ത മഴയാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം. വരും ദിവസങ്ങളിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 140 അടിയിലേക്ക് ഉയരാനാണ് സാധ്യത.
അതിനിടെ അതിർത്തി മേഖലയിൽ മഴ കനത്തതോടെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് തമിഴ്‌നാട് വനം വകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Heavy rains caused severe damage in parts of Tamil Nadu, including a death in Thoothukudi from electrocution. The rain-related death toll has reached four, with widespread crop loss and flooding reported in several districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."