ഓണാഘോഷം മദ്യത്തില്‍ മുങ്ങും
തിരുവനന്തപുരം: നിലവിലുള്ള മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് മന്ത്രിമാര്‍ സൂചന നല്‍കുകയും ഓണത്തിന് കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ഇത്തവണത്തെ ഓണാഘോഷം മദ്യത്തില്‍ മുങ്ങുമെന്ന് ഉറപ്പായി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന്റെ ഭാഗമായി മദ്യവില്‍പനയ്ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പടിപടിയായി ഒഴിവാക്കി മദ്യലഭ്യത പഴയ നിലയിലേക്കെത്തിക്കാനുള്ള ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് സൂചന.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പഞ്ചനക്ഷത്ര ബാറുകളൊഴികെയുള്ള ബാറുകളെല്ലാം പൂട്ടിയിരുന്നു. ഓരോ വര്‍ഷവും പത്തു ശതമാനം വീതം ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൂട്ടിയതില്‍ ചില ബാറുകള്‍ തുറക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. നിലവിലെ മദ്യനയം ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതിനാല്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കടുത്ത് ബാറുകളില്‍ മദ്യം ലഭ്യമാകുന്ന അവസ്ഥയുണ്ടാക്കണമെന്നുമാണ് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയത്തില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമായ നിലപാടെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ സമീപ ഭാവിയില്‍ തന്നെ കുറെ ബാറുകള്‍ തുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
നിലവിലുള്ള ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പനശാലകള്‍ ഇനി പൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, ചില്ലറ വില്‍പനശാലകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മദ്യവില്‍പന വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ചില്ലറ വില്‍പനശാലകള്‍ കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങളിലേക്കു മാറ്റി ഉപഭോക്താക്കള്‍ക്ക് ക്യൂ നില്‍ക്കാതെ എളുപ്പം മദ്യം വാങ്ങാവുന്ന സെല്‍ഫ് സര്‍വിസ് സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വില്‍പന വര്‍ധിപ്പിക്കാനും ലഭ്യത എളുപ്പമാക്കാനുമുള്ള മറ്റൊരു മാര്‍ഗമെന്ന നിലയിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നത്. ഈ ഓണക്കാലത്തു തന്നെ ഓണ്‍ലൈന്‍ വില്‍പന തുടങ്ങുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം വന്‍ നഷ്ടത്തിലായ കണ്‍സ്യൂമര്‍ഫെഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിലുണ്ടെന്ന് അറിയുന്നു.
വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടഞ്ഞുനിര്‍ത്തി സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1967ലാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ചത്. കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോര്‍, നീതി സ്റ്റോര്‍, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ വഴിയാണ് അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഈ സ്ഥാപനങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം തന്നെ ഇവ പൂട്ടിത്തുടങ്ങിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൂട്ടല്‍ നടപടി ഊര്‍ജിതമാക്കിയിരിക്കയാണ്.
വിവിധ ജില്ലകളിലായി ഇത്തരം സ്ഥാപനങ്ങള്‍ക്ക് ദിനംപ്രതി താഴ്‌വീണുകൊണ്ടിരിക്കുന്നു. ഇവയില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. അധികം വൈകാതെ അവശ്യവസ്തു വിപണനശാലകളെല്ലാം പൂട്ടി കണ്‍സ്യൂമര്‍ഫെഡ് വെറും മദ്യക്കച്ചവട സ്ഥാപനം മാത്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.
സാമൂഹ്യനന്മ ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പൊതുമേഖലാ സ്ഥാപനം തിന്മയുടെ ഉറവിടമായ മദ്യത്തിന്റെ വിപണനശാല മാത്രമാക്കി മാറ്റുന്നതിനെതിരേ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."