ജോലി കിട്ടാന്‍ എന്തു ചെയ്യണം?
കേരളത്തില്‍ ഇന്നു കാണുന്ന രാഷ്ട്രീയത്തിന്റെ ആദ്യരൂപമായ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസിന്റെ ഒരു യോഗത്തില്‍ തിരുവിതാംകൂറില്‍ ആകെ 24,76,321 ഉദ്യോഗങ്ങള്‍ ഉണ്ടെന്ന് പ്രമുഖ നേതാവ് കണക്കുകള്‍ നിരത്തി. അതില്‍ ജനസംഖ്യയില്‍ 8.68 ലക്ഷം വരുന്ന നായര്‍ സമുദായത്തിന് കിട്ടിയിട്ടുള്ള ഉദ്യോഗങ്ങളുടെ എണ്ണം 13,435 (54%). ജനസംഖ്യയില്‍ ഏതാണ്ട് അത്രത്തോളം വരുന്ന (8.69 ലക്ഷം) ഈഴവര്‍ക്ക് കിട്ടിയിരുന്ന ഉദ്യോഗങ്ങള്‍ വെറും 913 (3.6%). ക്രിസ്ത്യാനികള്‍ മൊത്തം 16 ലക്ഷമുണ്ടായിരുന്ന അക്കാലത്ത് കിട്ടിയിരുന്ന ഉദ്യോഗങ്ങളുടെ എണ്ണം വെറും 4042 (16%). നായന്മാരും സവര്‍ണ ഹിന്ദുക്കളും ഉദ്യോഗത്തിന്റെ സിംഹഭാഗവും സ്വന്തമാക്കി താണ സമുദായങ്ങളെ താഴേത്തട്ടില്‍ തന്നെ നിര്‍ത്തുകയായിരുന്നു. 1932-33 കാലഘട്ടത്തില്‍ രാജാവ് കനിഞ്ഞു നല്‍കിയ നിയമസഭയിലും ഭൂമിക്കു കരം കൊടുക്കുന്ന തുക അനുസരിച്ചായിരുന്നു അംഗത്വം. അവിടെയും മേല്‍ക്കൈ നായര്‍ സമുദായത്തിനു തന്നെ. കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ ഒന്നിച്ച് രാജഭരണത്തിനും സവര്‍ണ മേധാവിത്വത്തിനുമെതിരേ നടത്തിയ സമരമാണ് നിവര്‍ത്തന പ്രക്ഷോഭം.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമസഭയിലോ ഉദ്യോഗങ്ങളിലോ മതിയായ പ്രാതിനിധ്യം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇങ്ങനെയൊരു നീക്കത്തോട് യോജിക്കാന്‍ പോലും സവര്‍ണ മേധാവിത്വം തയാറായതുമില്ല. ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളുടെ ഐക്യനിര പതിയെ രാഷ്ട്രീയസ്വഭാവം ഉള്‍ക്കൊണ്ടു തുടങ്ങി. സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസായി അതു രൂപാന്തരപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി. കേശവന്‍ മൂന്നു സമുദായങ്ങളുടെയും പ്രിയപ്പെട്ട നേതാവായി ഉയരുന്നതാണ് പിന്നെ കേരളം കണ്ടത്. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരിയില്‍ ചേര്‍ന്ന വമ്പിച്ച പൊതുസമ്മേളനത്തില്‍ രാജഭരണത്തിനും ദിവാന്‍ സര്‍ സി.പി രാമസ്വാമിക്കുമെതിരേ ആഞ്ഞടിച്ചതോടെ പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറി. ദിവാന്‍ സര്‍ സി.പിയെ പിരിച്ചുവിടണമെന്നും തിരുവിതാംകൂറില്‍നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സിംഹഗര്‍ജനം തന്നെയായിരുന്നു അത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സി. കേശവനെ ജയിലിലടച്ചു. ജനങ്ങളില്‍ രാഷ്ട്രീയബോധം തനിയെ നിറയുകയായിരുന്നു. 26 മാസത്തിനു ശേഷം മോചിതനായ സി. കേശവന്‍ സവര്‍ണ സമുദായങ്ങളെയും കൂട്ടി ജനമുന്നേറ്റം വളര്‍ത്തിയെടുക്കാന്‍ നിശ്ചയിച്ചുറച്ചാണ് ജയില്‍ മോചിതനായി പുറത്തുവന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസായി രൂപാന്തരപ്പെട്ടു. പ്രായപൂര്‍ത്തി വോട്ടവകാശവും ഉത്തരവാദഭരണവും ജനങ്ങളുടെ അവകാശമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് തിരുവിതാംകൂറിലെ ലക്ഷണമൊത്ത രാഷ്ട്രീയ മുന്നേറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു സ്റ്റേറ്റ് കോണ്‍ഗ്രസ്.
അതെ, തൊഴില്‍ എല്ലായിടത്തും പ്രശ്‌നമാണ്. തൊഴിലില്ലായ്മ പലപ്പോഴും രാഷ്ട്രീയ വിഷയവുമാണ്. പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ റാങ്ക് ലിസ്റ്റിന്റെ പേരില്‍ സമരം ചെയ്യുകയാണ് ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റിലുള്ളവര്‍ സംഘടനയുണ്ടാക്കി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ ദിവസങ്ങളായി സമരം നടത്തുന്നു. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കൊക്കെയും നിയമനം വേണമെന്ന് ആവശ്യം.
എന്താണീ പി.എസ്.സി റാങ്ക് ലിസ്റ്റ്? ഒരു റാങ്ക് ലിസ്റ്റില്‍ എത്ര ഉദ്യോഗാര്‍ഥികളുണ്ട്? ഉണ്ടായിരിക്കണം? അതില്‍ എല്ലാവര്‍ക്കും ജോലി കിട്ടുമോ? പബ്ലിക് സര്‍വിസ് കമ്മിഷനില്‍ നിലവിലുള്ള രീതി ഇങ്ങനെ. അതിനു രൂപംനല്‍കിയത് 2000 ഫെബ്രുവരി 11-ാം തിയതി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റിയാണ്. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് നരേന്ദ്രന്‍ ചെയര്‍മാനും സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറി കെ.വി രബീന്ദ്രന്‍ നായര്‍, പി.എസ്.സി മുന്‍ ചെയര്‍മാന്‍ സവാന്‍കുട്ടി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിഷന്‍ സര്‍ക്കാര്‍ സര്‍വിസില്‍ പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യത്തില്‍ എത്രമാത്രം കുറവുണ്ടെന്നു കണ്ടുപിടിക്കാനാണ് നിയോഗിക്കപ്പെട്ടത്. പിന്നോക്ക വിഭാഗത്തില്‍ ഈഴവ സമുദായം ഒഴികെയുള്ളവര്‍ക്ക് സംസ്ഥാന സര്‍വിസില്‍ മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്നായിരുന്നു കമ്മിഷന്റെ നിഗമനം. വിദ്യാഭ്യാസ രംഗത്ത് ഈഴവ സമുദായം നേടിയ വലിയ മുന്നേറ്റമായിരുന്നു ഇതിനു കാരണം. സംവരണത്തിലൂടെ കിട്ടുന്ന ഉദ്യോഗങ്ങള്‍ക്കു പുറമേ, ധാരാളം ജോലികള്‍ മെറിറ്റ് വഴിയും കിട്ടുന്നത് കൊണ്ടാണ് ഈഴവ സമുദായം മുന്നിലെത്തിയത്. മുസ്‌ലിം സമുദായം ഉള്‍പ്പെടെ മറ്റു പിന്നോക്ക സമുദായങ്ങളൊക്കെ അവരുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
സംവരണ പ്രകാരം പരിഗണിക്കുന്നതിന് മതിയായ എണ്ണം ഉദ്യോഗാര്‍ഥികളെ ചേര്‍ത്താവണം റാങ്ക് ലിസ്റ്റ് തയാറാക്കേണ്ടതെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഒരു തൊഴില്‍ മേഖലയില്‍ ഒരു തവണ എത്ര ഒഴിവുകള്‍ ഉണ്ടെന്നു കണക്കാക്കുകയാണ് ഇതില്‍ ആദ്യ നടപടി. കഴിഞ്ഞ വര്‍ഷത്തെ നിയമനങ്ങളുടെ എണ്ണം നോക്കണം. ഒപ്പം ഈ വര്‍ഷത്തെ ഒഴിവുകളും, ഇനി ഒഴിവുകള്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ അതും കൂട്ടണം. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേരെ നിയമിച്ചു എന്നതും കൂട്ടി ഇതില്‍ ഏതാണോ കൂടുതല്‍ അതിന്റെ വാര്‍ഷിക അനുപാതം കണക്കാക്കി അതിന്റെ മൂന്നിരട്ടി വരുന്ന ഒരു പട്ടിക തയാറാക്കും. ഇതിന്റെ അഞ്ചു മടങ്ങായി ഉപറാങ്ക് ലിസ്റ്റും ഉണ്ടാക്കണം. ഉദാഹരണം ഇങ്ങനെ. ഒരു പ്രത്യേക തസ്തികയില്‍ 50 ഒഴിവാണ് ഉള്ളതെന്നു വയ്ക്കുക. കഴിഞ്ഞ തവണത്തെ ലിസ്റ്റില്‍ നിന്ന് 50 പേരെ തെരഞ്ഞെടുത്തുവെന്നും ഈ വര്‍ഷം വരാന്‍ പോകുന്ന ഒഴിവുകളുണ്ടെങ്കില്‍ ആ 50 കൂടെ ക്കൂട്ടി ആകെ 150 ഒഴിവുകള്‍. ഓപണ്‍ മെറിറ്റ്, ഒ.ബി.സി, എസ്.സി, എസ്.ടി എന്നിങ്ങനെയുള്ളതില്‍ പിന്നോക്കക്കാര്‍ക്ക് ഈ എണ്ണത്തില്‍ അഞ്ചിരട്ടിയെങ്കിലും അധികം ചേര്‍ത്ത് റാങ്ക് ലിസ്റ്റുണ്ടാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 150 ഒഴിവുകള്‍ ചേര്‍ത്തു പട്ടിക തയാറാക്കി അതോടൊപ്പം അതിന്റെ അഞ്ചിരട്ടി വരുന്ന ഉപലിസ്റ്റ് കൂടി തയാറാക്കും. ഈ ഉപലിസ്റ്റ് തന്നെ 750 വരും. ഒഴിവുകളുടെ എണ്ണം ഏതാണ്ട് 50 മാത്രമാണെന്നു കാണുക. സംവരണ തത്വം കാര്യക്ഷമതയോടെ പാലിക്കാന്‍ നീണ്ട ഉപലിസ്റ്റ് വേണ്ടിവരുമെന്നു കണ്ടാണ് കമ്മിഷന്‍ ഇത്രയ്ക്കു നീണ്ട ലിസ്റ്റ് വേണമെന്നു ശുപാര്‍ശ ചെയ്തത്.
എഴുനൂറോ എണ്ണൂറോ പേരുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ അതില്‍ വരുന്ന പേരുകാരൊക്കെയും നിയമനം കാത്തിരിക്കാന്‍ തുടങ്ങും. യഥാര്‍ഥത്തില്‍ ഇതില്‍ 50 അല്ലെങ്കില്‍ 60 പേര്‍ക്കു മാത്രമേ ജോലി കിട്ടൂ എന്ന കാര്യം അവര്‍ക്കറിയില്ല തന്നെ. ഇതിന് പി.എസ്.സി സുതാര്യതയുള്ള ഒരു സംവിധാനം ഉണ്ടാക്കണം. ഉദ്യോഗാര്‍ഥികളോടു കാര്യങ്ങള്‍, പ്രത്യേകിച്ച് ഓരോ റാങ്ക് ലിസ്റ്റിന്റെയും യാഥാര്‍ഥ്യം, അല്ലെങ്കില്‍ ഓരോ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് ജോലി കിട്ടും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടെക്കൂടെ ഉദ്യോഗാര്‍ഥികളെ അറിയിക്കണം.
നമ്മുടെ വിദ്യാഭ്യാസ രീതികളിലും സമൂല മാറ്റം കൊണ്ടുവരണം. എല്ലാം മനപ്പാഠം പഠിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്ന പാഠ്യരീതിയാണ് നമുക്കുള്ളത്. ഈ രീതികൊണ്ട് ഒരു പരിധിവരെ പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിഞ്ഞേക്കും. പക്ഷേ, പി.എസ്.സി പരീക്ഷയ്ക്കുമപ്പുറത്തേയ്ക്കു വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കഴിയണം. നമുക്കു ചുറ്റും പുതിയ തൊഴില്‍ മേഖലകള്‍ എത്രയധികം വളര്‍ന്നു വിസ്തൃതമായിരിക്കുന്നു. പണ്ടൊക്കെ ജോലികളുടെ എണ്ണം തീരെ കുറവായിരുന്നു. അധ്യാപക ജോലി, ബാങ്കിലെ ക്ലര്‍ക്ക്, അല്ലെങ്കില്‍ ഓഫിസര്‍ ജോലി, സെക്രട്ടേറിയറ്റില്‍ ക്ലര്‍ക്കുദ്യോഗം എന്നിങ്ങനെ ചുരുക്കം ചില മേഖലകള്‍ മാത്രം. ഇന്ന് തൊഴില്‍ മേഖലകള്‍ എത്രയെത്ര. ഐ.ടി മേഖല എത്രയോ വളര്‍ന്നിരിക്കുന്നു. മാനേജ്‌മെന്റ് രംഗത്തെ ജോലികള്‍ എത്രയോ അധികം. ഐ.ടി ജോലികള്‍ അധികവും സ്വകാര്യ മേഖലയിലാണ്. വിദേശ രാജ്യങ്ങളിലെ ജോലി അനേകം ഇരട്ടി വരുമാനം നല്‍കുന്നവയുമാണ്. പുതിയ മേഖലകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും സര്‍വകലാശാലയ്ക്കുമുണ്ട്. പുതുതായി വരുന്ന ജോലികളിലേയ്ക്കും അതിനുവേണ്ട നൈപുണ്യങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്ന കോഴ്‌സുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ടുവരേണ്ടതുണ്ട്.
നമ്മുടെ ചുറ്റും പൊതുവില്‍ത്തന്നെ ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൊച്ചി മെട്രോ പണി തീര്‍ത്തിട്ട് അധികകാലമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പലതരം സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുന്ന ഒരു മേഖലയാണിത്. റെയില്‍ പാളം പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള നിര്‍മാണ പ്രക്രിയയാണ്. കൊച്ചി മെട്രോ റെയില്‍പാത പണിയാന്‍ എത്രയോ കാലമെടുത്തു. കേരളത്തിലെ കുറഞ്ഞപക്ഷം കൊച്ചിയിലെയെങ്കിലും, എന്‍ജിനീയറിങ് കോളജുകളിലെ വിവിധ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇവിടെ ഇന്റേണ്‍ഷിപ്പ് നല്‍കാമായിരുന്നു. പുതിയ സങ്കേതങ്ങളും സാങ്കേതിക വിദ്യയും നിര്‍മാണ രീതികളും നേരിട്ടു കണ്ടുപഠിക്കാന്‍ കഴിയുമായിരുന്ന വലിയ സാധ്യതകളാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്കു നഷ്ടമായത്. അതുപോലെ തന്നെയാണ് കുറെ വര്‍ഷം മുമ്പ് പണിതീര്‍ത്ത തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ലോക ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഈ സ്‌റ്റേഡിയം നിര്‍മിച്ചുകൊണ്ടിരുന്നപ്പോള്‍ അതിന്റെ വിവിധ വശങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു നേരിട്ടു കണ്ടുമനസിലാക്കുവാനുള്ള സുവര്‍ണാവസരം ഉണ്ടായിരുന്നു. ഈ സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം കേരള സര്‍വകലാശാല അതിന്റെ കാര്യവട്ടം കാംപസില്‍നിന്നു 30 വര്‍ഷത്തേക്കു വിട്ടുകൊടുത്തതുമാണെന്നറിഞ്ഞാലെ കേരളത്തിലെ വിദ്യാര്‍ഥികളുടെ നഷ്ടത്തിന്റെ ആഴം എത്ര കണ്ടെന്നു മനസിലാക്കാനാവൂ. തിരുവനന്തപുരത്ത് തന്നെ വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കണ്ടെയ്‌നര്‍ തുറമുഖ നിര്‍മാണവും പലതരം സാങ്കേതിക വിദ്യകളുടെ കൂടിച്ചേരലാണ്. വിദ്യാര്‍ഥികള്‍ക്ക് കണ്ടു മനസിലാക്കാനും പഠിക്കാനും പുതിയ പുതിയ കാര്യങ്ങള്‍ എന്തു മാത്രം. നിശ്ചിത കാലത്തേയ്ക്കു ഇന്റേണ്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ മതിയാവും. ആര്‍ക്കും ഒരു ചെലവുമില്ലാതെ സാധിക്കാവുന്ന വലിയ കാര്യം.
പുതിയ രീതികളും ആശയങ്ങളും കണ്ടെത്താനുള്ള ശേഷിയാണ് ഭരണകര്‍ത്താക്കള്‍ക്കും ഉന്നതസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടത്. റാങ്ക് ലിസ്റ്റില്‍ ഒരിക്കലും കിട്ടാത്ത ജോലിക്ക് വേണ്ടി സമരം ചെയ്യാനല്ല, പുതിയ തൊഴില്‍ മേഖലകളെ കുറിച്ച് മനസിലാക്കാനാണ് വിദ്യാര്‍ഥികള്‍ തയാറാവേണ്ടത്. അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."