രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍: സ്ഥാനാര്‍ഥിയാകാനില്ല; ധര്‍മജന് സീറ്റ് നല്‍കിയാല്‍ പ്രവര്‍ത്തിക്കുമെന്നും പിഷാരടി
ഹരിപ്പാട്: ധര്‍മജന്‍ ബോള്‍ഗാട്ടിക്കു പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിലാണ് ഇരുവരുമെത്തി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. താര സംഘടന അമ്മയുടെ സെക്രട്ടറിയാണ് ഇടവേള ബാബു.
ചിരിക്കുന്ന മുഖമുള്ള, ഭയമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള ഈ പാര്‍ട്ടിയോടൊപ്പം ഞാനുണ്ടെന്ന് രമേഷ് പിഷാരടി പരിപാടിയില്‍ വ്യക്തമാക്കി. പൂര്‍ണ മനസ്സോടെ പാര്‍ട്ടിയില്‍ ഉണ്ടാകും. കോണ്‍ഗ്രസിന്റെ വിജയം ഇന്ത്യയുടെ നിലനില്‍പിന് ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയാകാനില്ല. സുഹൃത്തായ ധര്‍മജന് സീറ്റ് നല്‍കിയാല്‍ പ്രവര്‍ത്തിക്കുമെന്നും പിഷാരടി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തുടങ്ങിയവര്‍ ബൊക്കെ നല്‍കി ഇരുവരെയും സ്വീകരിച്ചു. കഴിഞ്ഞ തവണ നടന്‍ ജഗദീഷ് മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ പരാജയമേറ്റുവാങ്ങിയതോടെ അപ്രത്യക്ഷനായി. ധര്‍മജന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."