ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടി പ്രവർത്തകരുടെ പ്രതിഷേധം സി.പി.എം പിന്തുണയോടെ ലഭിച്ച സ്ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് ആവശ്യം
കാസർകോട്
ജില്ലയിൽ ബി.ജെ.പി പ്രവർത്തകർ തമ്മിൽ പോര് തുടങ്ങിയതോടെ ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയുടെ ജില്ലാ ഓഫിസിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും ഓഫിസ് താഴിട്ടു പൂട്ടുകയും ചെയ്തു. കാസർക്കോട്ടെ മൂന്നു പരിപാടികളിൽ ഇന്നലെ സംബന്ധിക്കേണ്ടിയിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സംഭവമറിഞ്ഞ് യാത്ര റദ്ദാക്കി.
കെ. സുരേന്ദ്രൻ എത്തുന്നുണ്ടെന്നറിഞ്ഞ മഞ്ചേശ്വരം, കുമ്പള, കാസർകോട് മേഖലയിലെ പ്രവർത്തകരാണ് ഇന്നലെ രാവിലെ ജില്ലാ ആസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായെത്തിയത്.
കുമ്പള പഞ്ചായത്തിൽ പാർട്ടി പ്രവർത്തകനായ വിനുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സി.പി.എം അംഗമായ കൊഗ്ഗുവിനു പഞ്ചായത്ത് ഭരണസമിതിയിൽ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ലഭിക്കുന്നതിന് ബി.ജെ.പി പിന്തുണ നൽകിയതിലടക്കമായിരുന്നു പ്രതിഷേധം. ജില്ലയിലെ പ്രമാദമായ ചില കൊലക്കേസുകളിലും വധശ്രമ കേസുകളിലും പ്രതിയായിരുന്ന കാസർകോട് ജെ.പി കോളനിയിലെ ജ്യോതിഷ് നാലു ദിവസം മുൻപ് ആത്മഹത്യ ചെയ്ത സംഭവവും പ്രതിഷേധത്തിനിടയാക്കി. വിനുവിനെ കൊലപ്പെടുത്തിയ കേസിൽ കൊഗ്ഗുവിനെ കാസർകോട് ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ കുമ്പള, മഞ്ചേശ്വരം മേഖലയിലെ ബി.ജെ.പി പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞു. അതേസമയം, ഹൈക്കോടതി ശിക്ഷ നാലു വർഷമായി കുറച്ചിട്ടുണ്ടെന്നും ഇതേ തുടർന്ന് ശിക്ഷ ഒഴിവാക്കാൻ സുപ്രിം കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും സി.പി.എം നേതാക്കൾ പറയുന്നു.എന്നാൽ, കൊഗ്ഗുവിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയെ സമീപിക്കുമെന്ന് കാസർകോട് നഗരസഭാ മുൻ അംഗവും ബി.ജെ.പി നേതാവുമായ ശങ്കര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."