മതത്തിനപ്പുറത്തെ രക്തബന്ധം
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ പ്രദേശം 2021 ഫെബ്രുവരി 13 ന് ഏറ്റവും കൗതുകകരമായ..., ഏറ്റവും ഹൃദയഹാരിയായ ഒരു മുഹൂര്‍ത്തത്തിനു വേദിയായി. ഹോമിയോപ്പതി ബിരുദമെടുത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ഏകമകളെ കാണാന്‍ അവളുടെ ക്ലിനിക്കില്‍ മാതാപിതാക്കളെത്തി.
ഇതിലെന്തു പുതുമ.., ഇതിലെന്ത് കൗതുകം.., ഇതിലെന്തിത്ര ആവേശം കൊള്ളാന്‍ എന്നൊക്കെ ഒരുപക്ഷേ, ആരും ചോദിച്ചേയ്ക്കാം. മകനോ മകളോ ഹോമിയോപ്പതി ബിരുദമോ അലോപ്പതി ബിരുദമോ എടുത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതില്‍ ഒരു പുതുമയുമില്ല. അതിലും എത്രയോ ഉന്നതമായ സ്ഥാനങ്ങളില്‍ എത്രയെത്രയോ മാതാപിതാക്കളുടെ മക്കള്‍ എത്തിയിട്ടുണ്ട്. ഉന്നതപദവികള്‍ അലങ്കരിക്കുന്ന മക്കളെ കാണാന്‍ അവരുടെ മതാപിതാക്കളും ചെന്നിട്ടുണ്ടാകും.
പിന്നെന്തിന് ഈ മകളുടെ കാര്യം ഇത്ര കൊണ്ടുപിടിച്ചു പറയുന്നു.
തീര്‍ച്ചയായും പറയണം. കാരണം, തനിക്കു താല്‍പ്പര്യമുള്ള മതവും തനിക്കു താല്‍പ്പര്യമുള്ള വരനെയും സ്വീകരിച്ചതിന്റെ പേരില്‍ മാതാപിതാക്കളുമായി സുപ്രിംകോടതി വരെ കേസ്സു നടത്താന്‍ വിധിക്കപ്പെട്ടവളാണ് ഈ മകള്‍. സ്വന്തം മകളുടെ ഇംഗിതത്തിനൊത്തു നില്‍ക്കാന്‍ അവസരം നല്‍കാതെ മതഭ്രാന്തന്മാര്‍ മാസങ്ങളോളം മാനസികമായി തടവിലിട്ടവരാണ് ഈ മാതാപിതാക്കള്‍.
അതേ.., ഈ മകള്‍ അടിയുറച്ച ഇസ്‌ലാംവിശ്വാസിയായ ഹാദിയയാണ്. മാതാപിതാക്കള്‍ ഹിന്ദുമത വിശ്വാസികളായ അശോകനും പൊന്നമ്മയും.
2021 ഫെബ്രുവരി 13 ന് അവരുടെ കൂടിക്കാഴ്ച തര്‍ക്കിക്കാനോ വെല്ലുവിളിക്കാനോ ആയിരുന്നില്ല, കന്മഷമില്ലാത്ത സ്‌നേഹവും വാത്സല്യവും പങ്കിടാനായിരുന്നു. ഏറെ വാചാലമായല്ലെങ്കിലും ആ മുഹൂര്‍ത്തത്തില്‍ മാതാപിതാക്കള്‍ ഏകമകള്‍ക്ക് വാത്സല്യം വേണ്ടുവോളം നല്‍കി. ആ മകള്‍ നിര്‍വൃതിയോടെ അത് ഏറ്റുവാങ്ങി. അപ്പോള്‍ അവര്‍ക്കിടയില്‍ നേരത്തേയുണ്ടായിരുന്ന മതസ്പര്‍ദ്ധയുടെ മുള്‍വേലിയില്ലായിരുന്നു.
ഈ നിമിഷത്തില്‍ മതഭ്രാന്തു ബാധിച്ചിട്ടില്ലാത്ത, മനുഷ്യത്വം ഹൃദയത്തില്‍ അവശേഷിക്കുന്ന ഓരോരുത്തരും ചോദിക്കേണ്ട ചോദ്യമുണ്ട്. ആ പെണ്‍കുട്ടി തനിക്കിഷ്ടപ്പെട്ട മതവും വരനെയും തെരഞ്ഞെടുത്തതിന്റെ പേരില്‍ ആ കുടുംബത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ മതഭ്രാന്തന്മാര്‍ ഇറങ്ങിത്തിരിച്ചത് എന്തിനായിരുന്നു. പരസ്പരം സ്‌നേഹിച്ചു ജീവിച്ച ആ മാതാപിതാക്കളെയും മകളെയും കുറച്ചുനാള്‍ തമ്മില്‍ മാനസികമായി അകറ്റാനും സമൂഹത്തിനു മുന്നില്‍ കൗതുകക്കാഴ്ചകളാക്കി മാറ്റാനുമല്ലാതെ, മറ്റെന്തു നേട്ടമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായത്.
മതം മാറ്റം പുതിയ കാര്യമൊന്നുമല്ല. എന്നാല്‍, തനിക്കിഷ്ടപ്പെട്ട മതം പൂര്‍ണമായും പഠിച്ചശേഷം അതു സ്വീകരിച്ചതിന്റെ പേരില്‍ മാനസികമായി കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നയാള്‍ ഹാദിയയെപ്പോലെ വേറെ കാണില്ല. മതം മാറിയതിന്റെ പേരില്‍ എല്ലാ മനുഷ്യാവകാശവും ഏറെനാള്‍ നിഷേധിക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ നീതിപീഠം പോലും അവള്‍ക്കു മുന്നില്‍ കൂച്ചുവിലങ്ങു തീര്‍ത്തു. എന്നിട്ടും, തളരാതെ... ആ പെണ്‍കുട്ടി പിടിച്ചുനിന്നു.
ഹിന്ദുമതവിശ്വാസിയായിരുന്ന അഖിലയുടെ മതംമാറ്റത്തെക്കുറിച്ച് എന്തെല്ലാം കഥകളാണ് പ്രചരിച്ചിരുന്നത്. സഹപാഠികളെക്കൊണ്ടു പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും വശത്താക്കി അവളെ ബലമായി മതംമാറ്റുകയായിരുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍, അന്നും ഹാദിയ ഉറ്റവര്‍ക്കു മുന്നിലും നാട്ടുകാര്‍ക്കു മുന്നിലും മാധ്യമങ്ങള്‍ക്കു മുന്നിലും നീതിപീഠത്തിനു മുന്നിലും ആവര്‍ത്തിച്ചു പറഞ്ഞത് ഒറ്റക്കാര്യമാണ്. എന്നെ ആരും പ്രേരിപ്പിച്ചതല്ല. ഇസ്‌ലാമിനെക്കുറിച്ചു പഠിക്കുകയും ആ മതം ആചരിക്കുന്നവരുടെ ജീവിതം അടുത്തുനിന്നു കൗതുകത്തോടെ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സ്വയം അതില്‍ വിശ്വസിക്കുകയായിരുന്നു.
തന്റെ സഹപാഠികളായ രണ്ടു മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സമയബന്ധിതമായ പ്രാര്‍ഥനയും നല്ല പെരുമാറ്റവുമാണ് ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഹാദിയ പറഞ്ഞത്. പിന്നീടവള്‍ ഇസ്‌ലാമിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ശ്രമിച്ചു. ആ പഠനം അവളുടെ മനസ്സില്‍ വെളിച്ചം നിറച്ചു. സ്വാഭാവികമായും അവള്‍ക്ക് ഇസ്‌ലാം പ്രിയപ്പെട്ടതായി. ആ മതം പിന്‍പറ്റാന്‍ അവള്‍ തയാറായി.
അതിലെന്താണു തെറ്റ്. സത്യത്തില്‍ ഹാദിയയുടേതാണ് ശരിയായ മതവിശ്വാസം. അപൂര്‍വം ചിലര്‍ മാത്രമേ താന്‍ ജനിച്ചുവളര്‍ന്ന മതത്തില്‍ നിന്നു വ്യത്യസ്തമായ മതം പഠനത്തിലൂടെയും മനനത്തിലൂടെയും തെരഞ്ഞെടുക്കുന്നുള്ളൂ. മറ്റെല്ലാവരും മാതാപിതാക്കളുടെ മതം പിന്‍പറ്റുന്നവരാണ്. ബുദ്ധിയുറച്ച ശേഷം സ്വയം ഇതര മതങ്ങള്‍ പഠിച്ചും താരതമ്യം ചെയ്തും അതില്‍ ഇഷ്ടപ്പെട്ടതു തെരഞ്ഞെടുക്കുകയോ എല്ലാറ്റിലെയും നന്മ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നവരാണ് ശരിയായ രീതിയില്‍ മതം തെരഞ്ഞെടുക്കുന്നത്.
എല്ലാവരും എല്ലാ മതങ്ങളും സമഭക്തിയോടെയും സമബുദ്ധിയോടെയും പഠിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അങ്ങനെ സ്വയം പ്രവര്‍ത്തിക്കുകയും ചെയ്ത ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത് പല മത സാരവും ഏകം എന്ന ആദര്‍ശത്തിലായിരുന്നു. അത് ഒരു ശരി മാര്‍ഗം. ഹാദിയ താന്‍ ജനിച്ച മതവും ഇസ്‌ലാമും തമ്മില്‍ താരതമ്യം ചെയ്ത് ഇസ്‌ലാമില്‍ വിശ്വസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് മറ്റൊരു ശരി മാര്‍ഗം. അസംഖ്യം വ്യക്തികള്‍ നിരവധി മതങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടും താന്‍ ജനിച്ചുവളര്‍ന്ന മതത്തില്‍ തന്നെ വിശ്വസിച്ചു ജീവിക്കുന്നുണ്ട്. അതു മറ്റൊരു ശരി മാര്‍ഗം.
താന്‍ ഏതു മതം വിശ്വസിക്കണം ഏതൊക്കെ മതങ്ങള്‍ വിശ്വസിക്കരുത് എന്നു തീരുമാനിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. ഓരോരുത്തരെയും അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ വിട്ടേയ്ക്കുക. വ്യക്തിയുടെ വിശ്വാസത്തില്‍ വരുന്ന മാറ്റം സമൂഹത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നുറപ്പ്. പിന്നെന്തിനാണ് വ്യക്തിയുടെ സ്വകാര്യതകളില്‍ അതിക്രമിച്ചു കടന്നു മാന്തുന്നത്. അതാണ് ഹാദിയയുടെ കാര്യത്തില്‍ മതാന്ധര്‍ ചെയ്തു കൂട്ടിയത്.
ഏക മകള്‍ പൊടുന്നനെ മറ്റൊരു മതം ആചരിക്കുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന അങ്കലാപ്പും വേവലാതിയും ഊഹിക്കാവുന്നതേയുള്ളൂ. അതു സ്വാഭാവികമാണ്. അതാണ് അശോകനും പൊന്നമ്മയും ആദ്യം ചെയ്തത്. ആ അവസരം മുതലെടുത്തു സമൂഹത്തില്‍ മതവൈരം വളര്‍ത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ മതാന്ധര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു. അങ്ങനെയാണ് സുപ്രിംകോടതിയിലേയ്ക്കു വരെ നിയമവ്യവഹാരം നീളുകയും സമൂഹത്തില്‍ വര്‍ഗീയവിഷം ഏറെ വമിപ്പിക്കുകയും ചെയ്യും മട്ടില്‍ ഹാദിയക്കേസ് കത്തിപ്പടര്‍ന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം മതം തെരഞ്ഞെടുക്കാനും സ്വന്തം ഇണയെ തെരഞ്ഞെടുക്കാനും ഭരണഘടന നല്‍കുന്ന പൗരാവകാശം പോലും കുറേനാള്‍ ഹാദിയക്കു നിഷേധിക്കപ്പെട്ടു.
ഇന്നവള്‍ സന്തോഷവതിയാണ്, സ്വന്തം വിശ്വാസത്തിനൊത്തു ജീവിക്കുന്നതിനു വിഘാതമായതെല്ലാം അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നു. ഏറെക്കാലം അവള്‍ക്കെതിരേ നിയമപ്പോരാട്ടം നടത്തിയ മാതാപിതാക്കളും ഇന്ന് അവളെ മാറോടു ചേര്‍ക്കാനെത്തിയിരിക്കുന്നു.
മതഭ്രാന്തന്മാര്‍ മുരണ്ടും മുരടനക്കിയും അടുത്തെവിടെയോ നില്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ചയായും അവള്‍ക്കറിയാം.
അതുപക്ഷേ, അവള്‍ ഗൗനിക്കുന്നതേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."