രാജസ്ഥാനില്‍ ബജറ്റിന് ശേഷം എം.എല്‍.എമാര്‍ക്ക് ഐഫോണ്‍ 13; വിവാദമായതോടെ ഫോണുകള്‍ മടക്കിനല്‍കാന്‍ ബി.ജെ.പി എം.എല്‍.എമാര്‍
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് ശേഷം എം.എല്‍.എമാര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും 200 എം.എല്‍.എമാര്‍ക്കും ഒരു ലക്ഷം വരെ വില വരുന്ന ആപ്പിളിന്റെ ഐഫോണ്‍ 13 ആണ് അശോക് ഗെഹ്‌ളോട്ട് സര്‍ക്കാര്‍ നല്‍കിയത്.
ഗെഹ്ലോട്ട് സര്‍ക്കാര്‍ ആകെ 250 ഫോണുകള്‍ വാങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 200 എണ്ണം എംഎല്‍എമാര്‍ക്ക് കൈമാറി. ഇത് ആദ്യമായല്ല ഗെഹ്ലോട്ട് സര്‍ക്കാര്‍ നിയമസഭാ സമാജികര്‍ക്ക് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എമാര്‍ക്ക് ആപ്പിള്‍ ഐ പാഡുകളും ലാപ് ടോപുകളും സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു.
75000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഫോണുകളാണ് നല്‍കിയിരുന്നത്. ഇതിന് മാത്രം ഒന്നര കോടി രൂപ ഖജനാവില്‍ നിന്നും ചെലവഴിച്ചു.
അതേസമയം, സംഭവം വിവാദമായതോടെ, പാര്‍ട്ടി എംഎല്‍എമാര്‍ ഐഫോണുകള്‍ തിരികെ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 200 അംഗ സഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."