ഇനി ഓർമകളുടെ അമരത്ത്
തൃപ്പൂണിത്തുറ/തൃശൂർ/വടക്കാഞ്ചേരി
മലയാളത്തിന്റെ ആ നടന വിസ്മയത്തിന് കലാകേരളത്തിൻ്റെ കണ്ണീരിൽ കുതിർന്ന വിട. വടക്കാഞ്ചേരി എങ്കക്കാട് ഗ്രാമത്തിലെ പാലിശ്ശേരിയിൽ 'ഓർമ' യിലാണ് ഇനികെ.പി.എ.സി ലളിതയുടെ അന്ത്യവിശ്രമം. ഇന്നലെ വൈകിട്ട് ആറ് മണിക്ക് അന്ത്യകർമങ്ങളെല്ലാം പൂർത്തിയാക്കി നടനും സംവിധായകനുമായ മകൻ സിദ്ധാർഥ് ചിതയ്ക്ക് അഗ്‌നി പകർന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥ് ഭരതൻ്റെ വീട്ടിലായിരുന്നു കെ.പി.എ.സി ലളിതയുടെ അന്ത്യം. ചൊവ്വാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ മകൻ്റെ പേട്ടയിലെ സ്കൈലൈൻ ഫ്ലാറ്റിലെ ക്ലബ് ഹൗസിലും തുടർന്ന് ഇന്നലെ രാവിലെ എട്ടരമുതൽ ലായം കൂത്തമ്പലത്തിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സിനിമയിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെയും പ്രമുഖർ ഉൾപ്പെടെ ഒട്ടേറെപ്പേർ തൃപ്പൂണിത്തുറയിലെത്തി പ്രിയ അഭിനേത്രിക്ക് പ്രണാമമർപ്പിച്ചു.
മമ്മൂട്ടി, മോഹൻലാൽ, ബാബുരാജ്, ഇടവേള ബാബു, മഞ്ജു പിള്ള,ദിലീപ്, കാവ്യ മാധവൻ, ഫഹദ് ഫാസിൽ, നസ്റിയ, സരയൂ, രചന നാരായണൻകുട്ടി, സംവിധായകരായ അമൽ നീരദ്, ബി. ഉണ്ണിക്കൃഷ്ണൻ, രഞ്ജിപണിക്കർ, ഷാജി കൈലാസ് തുടങ്ങിയവർ സ്കൈലൈൻ ഫ്ലാറ്റിലെ ക്ലബ് ഹൗസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
അഭിനേതാക്കളായ ജനാർദനൻ, ജയസൂര്യ, കുക്കു പരമേശ്വരൻ, വിനീത്, സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, മല്ലിക സുകുമാരൻ, മനോജ് കെ.ജയൻ, നവ്യാനായർ, ഹരിശ്രീ അശോകൻ, സംവിധായകരായ കമൽ, സിബി മലയിൽ, ജയരാജ് ഗായകൻ എം.ജി ശ്രീകുമാർ, നിർമാതാവ് ആൻ്റണി പെരുമ്പാവൂർ എന്നിവർ ലായം കൂത്തമ്പലത്തിലെത്തി ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി സാംസ്കാരിക വകുപ്പ് സജി ചെറിയാൻ പുഷ്പചക്രം അർപ്പിച്ചു. ഹൈബി ഈഡൻ എം.പി, മുൻ എം.പി കെ.വി തോമസ്, മുൻ മന്ത്രി എസ്.ശർമ, കൊച്ചി മേയർ അനിൽ കുമാർ, ജില്ലാ കലക്ടർ ജാഫർ മാലിക്, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
തൃപ്പൂണിത്തുറയിൽ നിന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഭൗതീക ശരീരം തൃശൂർ റീജ്യനൽ തിയറ്ററിൽ എത്തിച്ചത്. വിലാപയാത്ര എത്തും മുൻപ് തന്നെ അക്കാദമി അങ്കണവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ കലാലോകം ഒന്നാകെ കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്ററിലേക്ക് ഒഴുകിയെത്തി. കലക്ടർ ഹരിത വി കുമാർ സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. തൃശൂർ മേയർ എം.കെ വർഗീസ്, ടി.എൻ പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, നടൻ ഇന്നസെന്റ്, നടി കവിയൂർ പൊന്നമ്മ, സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ, വി.എസ് സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി രാജേന്ദ്രൻ, എം.കെ കണ്ണൻ, പി.ടി കുഞ്ഞിമുഹമ്മദ്, ടിനി ടോം, വിദ്യാധരൻ മാസ്റ്റർ, വൈശാഖൻ, ഐ.എം വിജയൻ, അശോകൻ ചരുവിൽ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് 2.45 ഓടെയാണ് ഭൗതീക ശരീരം പ്രത്യേക വോൾവോ ബസിൽ വടക്കാഞ്ചേരിയിലെത്തിച്ചത്. നഗരസഭ കാര്യാലയത്തിന് മുന്നിലായിരുന്നു പൊതുദർശനം. രമ്യ ഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മൂന്നരക്കാണ് പ്രത്യേക ആംബുലൻസിൽ എങ്കക്കാടെ വീട്ടിലെത്തിച്ചത്. കവിയൂർ പൊന്നമ്മ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങി ഒട്ടേറെ സഹപ്രവർത്തകർ വസതിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."