ലാവ്ലിന് കേസ്: അട്ടിമറിക്കാന്‍ എ.കെ ആന്റണിയും ടി.കെ.എ നായരും ചേര്‍ന്ന് ഗൂഢാലോചന നടത്തി- കെ സുരേന്ദ്രന്
കണ്ണൂര്‍: ലാവ്ലിന് കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും ഒന്നാം യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ..എനായരും ഗൂഢാലോചന നടത്തിയതായി കെ. സുരേന്ദ്രന് ആരോപിച്ചു.
സംസ്ഥാനത്ത് അഴിമതി രാജിന് കാരണം എസ്എന്‍സി ലാവ്ലിന് കേസ് നീതിപൂര്‍വ്വകമായി നടക്കാത്തതാണെന്നും സുരേന്ദ്രന്. കേരളത്തിലെ കോടതികളില്‍ പിണറായി വിജയനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളിയത്. എ.കെ ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കന്മാരും പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് സഹായം ലഭിച്ചു. ടി.കെ.എ നായരും എ.കെ ആന്റണിയും ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."