ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 32 പേര്‍ക്ക് പരുക്കേറ്റു
മടക്കിമല: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 32 പേര്‍ക്ക് പരുക്ക്. ബുധനാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും ബംഗളൂരിലേക്ക് പോവുകയായിരുന്ന കല്‍പ്പക ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
ബസ് മറിഞ്ഞ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ എല്‍.പി സ്‌കൂളിന്റെ മതിലിലിടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ സഹായിച്ചു. ബസ് മറിഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ കല്‍പ്പറ്റ അഡീഷനല്‍ എസ്.ഐ എം.എ സന്തോഷ്, എസ്.ഐമാരായ എം.വി രവീന്ദ്രന്‍, വി.വി വിജയന്‍, സി.പി.ഒമാരായ സമീര്‍, ഷമീര്‍, കമ്പളക്കാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സുനില്‍, സി.പി.ഒ വിപിന്‍, കണ്‍ട്രോള്‍ റൂം എസ്.ഐ സി.എം ജോസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളയിങ് സക്വാഡ്, കല്‍പ്പറ്റ അഗ്‌നിശമനസേനയിലെ സ്റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി, ലീഡിങ് ഫയര്‍മാന്‍ ഒ.ജി പ്രഭാകരന്‍, പി.കെ പ്രഭാകരന്‍, പി.ജെ മാര്‍ട്ടിന്‍, എം.പി രമേഷ്, എം.പി ധനേഷ്, നിബില്‍ ദാസ്, ഇ.എ ചന്തു, കെ.കെ ബീരാന്‍, സി.പി കൃഷ്ണന്‍ എന്നിവരും നാട്ടുകാരും, മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലിസിന്റെ ക്രയിന്‍ എത്തിച്ചാണ് ബസ് പുലര്‍ച്ചെ 1.30ഓടെ ബസ് ഉയര്‍ത്തിയത്.
അപ്പോഴേക്കും നാട്ടുകാരുടെ സഹായത്തോടെ പൊലിസും അഗ്‌നിശമനസേനയും ബസിലകപ്പെട്ടവരെ പുറത്തെത്തിച്ചു. ഇവരെ പിന്നീട് വിവിധ വാഹനങ്ങളിലായി കല്‍പ്പറ്റയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശി അഭിഷേകിനെ ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റ് രണ്ടുപേരെ രാവിലെയോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
പരുക്കേറ്റ പച്ചിലാക്കാട് സ്വദേശി ചന്ദ്രിക(58), ചെന്ദലോട് സ്വദേശി ഷഹാന, കോഴിക്കോട് സ്വദേശികളായ സെയ്ദ(52), ബസ്സന്‍ (62), റാഷിഖ്, ജോസഫ്(62), അബിന്‍(24), മുഹമ്മദലി, അശ്വിന്‍, ജോതിഷ് കുമാര്‍, കൃഷ്ണന്‍, ഷൈജല്‍, ഹാസിദ്, സലീം, അങ്കിത, അനുഷ, അസന്‍രാജ്, അപര്‍ണ്ണ, വേണു, ഷാഹിന, മീര, മുഹമ്മദ് ഇജാസ്, അഞ്ജലി, ജീന, റബാബലി ആസാദ്, ഷബാബ് എന്നിവര്‍ കല്‍പ്പറ്റയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ബസ് ഡ്രൈവര്‍ എം സുജിത്ത്(32), ക്ലീനര്‍ പ്രമോദ്കുമാര്‍, വീണ(24) എന്നിവരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ വീണ ഇന്നലെതന്നെ ആശുപത്രി വിട്ടു. 40ഓളം പേരാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികിത്സ നേടി പോകുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം കല്‍പ്പറ്റ-മാനന്തവാടി റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെയും പൊലിസിന്റെയും കഠിന പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ബസിന്റെ ആക്‌സിലേറ്റര്‍ തകരാറായതിനെ തുടര്‍ന്ന് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ വാഹനം നിര്‍ത്തി ഡ്രൈവറും ക്ലീനറും തകരാര്‍ പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് യാത്ര തുടര്‍ന്ന ബസിന് മടക്കിമലയിലെത്തിയപ്പോള്‍ ഇതേ തകരാര്‍ ഉണ്ടാവുകയാരുന്നെന്ന് ഡ്രൈവര്‍ സുജിത്ത് പറഞ്ഞു.
ആക്‌സിലേറ്റര്‍ ജാമായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞതെന്നും ഡ്രൈവര്‍ പറഞ്ഞു. കല്‍പ്പറ്റ കഴിഞ്ഞതിന് ശേഷം ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യാത്രക്കാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ എം സുജിത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ചുമതല കമ്പളക്കാട് എസ്.ഐ എ മുഹമ്മദിനാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."