ഫൈസർ, ആസ്ത്രസെനിക കൊവിഡ് വാക്‌സിനുകൾ ഫലം കാണുന്നതായി പഠനം, ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
റിയാദ്: കൊവിഡ് വൈറസിനെതിരെ നൽകി കൊണ്ടിരിക്കുന്ന ഫൈസർ, ആസ്ത്രസെനിക വാക്‌സിനുകൾ കൂടുതൽ ഫലം കാണുന്നതായി പഠനം. വാക്‌സിൻ വിതരണം വർധിച്ചതോടെ വൈറസ് ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിക്കുന്നതും രോഗം വരാനുള്ള സാധ്യതയും ഗണ്യമായി കുറക്കുന്നതായാണ് പഠനത്തിൽ വ്യക്തമായത്. വാക്സിനേഷൻ എടുക്കാത്തവരെ അപേക്ഷിച്ച് ആദ്യത്തെ ഡോസ് ഫൈസർ വാക്സിൻ ലഭിച്ച ആളുകൾക്ക് ആശുപത്രി പ്രവേശനം 85 ശതമാനം കുറവാണെന്നാണ് ഒരു പഠനത്തിലെ പ്രാഥമിക കണ്ടെത്തലുകൾ. അതുപോലെതന്നെ ഓക്സ്ഫോർഡ് / ആസ്ത്രസെനികയുടെ ഒരു ഡോസ് മൂലം 94 ശതമാനം വരെ ആശുപത്രി പ്രവേശനം കുറക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ബിഎംജെ മെഡിക്കൽ ജേണലിലാണ് ഏറെ ആശ്വാസമാകുന്ന ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. കൊവിഡ് 19 വാക്‌സിനുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ സ്‌കോട്ട്ലാന്റിലെ 1,137,775 ആളുകളിലാണ് പഠനം നടത്തിയത്. ഡിസംബർ എട്ടിനും ഫെബ്രുവരി പതിനഞ്ചിനും ഇടയിലാണ് ഇവർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. 18 വയസും അതിൽ കൂടുതലുമുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കായിരുന്നു ഇവിടെ ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതരണം നടത്തിയിരുന്നത്.
വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനുശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിൽ രണ്ട് വാക്സിനുകളുടെയുംവിജയം കണ്ടതായി പഠന ഫലങ്ങൾ കാണിച്ചു. കൊറോണക്കെതിരായ പോരാട്ടത്തിൽ ലൈസൻസുള്ളതും ഉപയോഗിച്ചതുമായ വാക്സിനുകൾ വിലയിരുത്തുന്ന സ്കോട്ട്‌ലൻഡിലെ ദേശീയ ജനസംഖ്യാ തലത്തിലെ ആദ്യത്തേതാണ് ഈ പഠനം. ബ്രിട്ടനിലെ മറ്റിടങ്ങളിലും തുടർച്ചയായ നിരീക്ഷണവും പഠനവും ഉണ്ടാകണമെന്നും മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ സഊദിയടക്കം ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിലും ഈ രണ്ടു വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. കൂടുതൽ ആളുകളിലേക്ക് കുത്തിവെപ്പുകൾ വ്യാപിക്കുന്നതോടെ വൈറസ് വ്യാപനം തടയാൻ കഴിയുമെന്നും കൊവിഡിനെ വാക്‌സിൻ കീഴടക്കുമെന്നുമാണ് കരുതുന്നത്. സഊദിയിൽ വാക്‌സിൻ വിതരണം ഇപ്പോൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഒരുക്കത്തിലാണ് സഊദി ആരോഗ്യ മന്ത്രാലയം, നിലവിൽ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യമായാണ് വാക്‌സിൻ വിതരണം നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."