നാല് കോടിയുടെ തിമിംഗല ഛര്‍ദ്ദിയും മയക്കുമരുന്നുമായി കഴക്കൂട്ടത്ത് ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: നാല് കോടിയുടെ തിമിംഗല ഛര്‍ദ്ദിയും മയക്കുമരുന്നുമായി കഴക്കൂട്ടത്ത് സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. ഗരീബ് നവാസിനെയാണ് തിരുവനന്തപുരം വെമ്പായത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയത്. അതേസമയം മയക്കുമരുന്നും തിമിംഗല ചര്‍ദ്ദിയും എങ്ങനെ ലഭിച്ചുവെന്നതില്‍ അന്വേഷണം തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാമനപുരത്തെ എക്സൈസ് സംഘം ഇന്ന് രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്. തിമിംഗല ചര്‍ദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത് .
നാല് കോടി മൂല്യമുള്ള നാല് കിലോ തിമിംഗല ചര്‍ദ്ദിയും ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഗ്രാം എം.ഡി.എം.എയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്. തുമ്പ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചര്‍ദ്ദി ലഭിച്ചുവെന്ന ഗരീബിന്റെ മൊഴി എക്സൈസ് സംഘം തള്ളി. മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വന്‍ സംഘങ്ങളുമായുള്ള ഗരീബിന്റെ ബന്ധമാണ് എക്സൈസ് അന്വേഷിക്കുന്നത്.
ഗരീബിനെ പിടികൂടുന്നതിന് മുമ്പ് കാട്ടായിക്കോണത്തെ എസ് എഫ് ഐ നേതാവ് അര്‍ജുനെയും നന്ദുവിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. ഗരീബിന്റെ മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. അഞ്ച് ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചര്‍ദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."