കടിഞ്ഞാണ്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേലും; ഉടമസ്ഥാവകാശം ഉള്‍പെടെ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കണം
ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം.
മന്ത്രാലയത്തിന്റെ എഡിറ്റോറിയല്‍ ഹെഡ്, ഉടമസ്ഥാവകാശം, വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഉടന്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നല്‍കേണ്ടിവരുമെന്ന് ഐ & ബി സെക്രട്ടറി അമിത് ഖരേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍, ഈ മേഖലയില്‍ എത്ര ആളുകള്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും എന്നതിനെപ്പറ്റിയുള്ള പൂര്‍ണ്ണമായ ഒരു ചിത്രം സര്‍ക്കാരിനില്ലെന്നും അമിത് ഖരേ പറഞ്ഞു. എല്ലാ ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ പൂരിപ്പിച്ച് മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ട ഒരു ഫോം മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റിക് പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങള്‍ എന്നിവ പ്രകാരം പ്രോഗ്രാം കോഡ് പാലിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
യു.എം മുഖ്താര്‍
രാജ്യത്തെ സോഷ്യല്‍ മീഡിയ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കഴി#്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു. പുതിയ വെബ്‌സൈറ്റുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും അടിസ്ഥാനപരമായ ധാര്‍മിക ചട്ടം (കോഡ് ഓഫ് എത്തിക്‌സ്) ഏര്‍പ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് മര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേകറും വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദും സംയുക്തമായാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്. രാജ്യത്തെ സാധാരണക്കാരുടെ ആശങ്കകളും വികാരങ്ങളും തുറന്നു പറയുന്നതിനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് സ്വാഗതാര്‍ഹമാണെങ്കിലും വ്യക്തികളുടെ അന്തസ്സിനും അവകാശത്തിനും തടസം സൃഷ്ടിക്കുന്ന 'ചില പരിഷ്‌കൃത മാനദണ്ഡങ്ങള്‍' ഈ പ്ലാറ്റ്‌ഫോമുകള്‍ ലംഘിക്കരുതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്വത്തോടെയാണ് 'ദി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്, 2021' എന്ന പേരിലുള്ള ചട്ടം തയാറാക്കിയിരിക്കുന്നത്. കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ നിര്‍ദേശം ലഭിച്ചാല്‍ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. ഇതില്‍ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതു വ്യവസ്ഥ (പബ്ലിക് ഓര്‍ഡര്‍), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവയും ഉള്‍പ്പെടുന്നു. രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് രാജ്യത്തെ അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാര്‍ത്തകളും സമരത്തിന്റെ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. കേന്ദ്രത്തിന്റെ വിരട്ടലിനൊടുവില്‍ സമൂഹമാധ്യമ ഭീമന്‍മാരായ ട്വിറ്ററും ഫേസ്ബുക്കും സര്‍ക്കാരിന് മുന്‍പില്‍ വഴങ്ങുകയുംചെയ്തു.
ഇതിന് പിന്നാലെയാണ് യൂട്യൂബ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും ന്യൂസ് വെബ്‌സൈറ്റുകളെയും സര്‍ക്കാര്‍ വരുതിയില്‍ നിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."