ഓപറേഷൻ ഗംഗ; ഇന്ത്യക്കാരുമായി വിമാനമെത്തി
ന്യൂഡൽഹി
ഓപറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഉക്രൈനിൽ നിന്ന് മടങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലെത്തി. 27 മലയാളികളുൾപ്പെടെ 219 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യാ വിമാനമാണ് ഇന്നലെ രാത്രിയോടെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ഡൽഹിയിലെത്തും. 17 മലയാളികളടക്കം 250 യാത്രക്കാരാണ് വിമാനത്തിലുണ്ടാകുക.
ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരളാ ഹൗസിൽ സൗകര്യമൊരുക്കിയതായി ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണർ സൗരബ് ജെയിൻ അറിയിച്ചു.
അവർക്കുള്ള താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം സൗജന്യമായി നൽകും. ഉക്രൈനിൽ നിന്ന് ഡൽഹിയിലും മുംബൈയിലുമായി എത്തുന്ന എല്ലാ മലയാളികളുടെയും നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് അടക്കമുള്ള മുഴുവർ ചെലവുകളും കേരളാ സർക്കാർ വഹിക്കുമെന്നും റസിഡന്റ് കമ്മിഷണർ അറിയിച്ചു.
വരും ദിവസങ്ങളിലും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരും. ഉക്രൈനിൽ ഏകദേശം 16,000 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ അയക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഉക്രൈനിലെ സാഹചര്യങ്ങൾ വിലയിരുത്തി. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."