ഫാസിസത്തിന് കഞ്ഞിവയ്ക്കുന്ന സ്വത്വ'രാഷ്ട്രീയം'
എൻ.കെ ഭൂപേഷ്
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽനിന്നുള്ള വിവരങ്ങൾ ബി.ജെ.പിക്ക് ആത്മവിശ്വാസം തരുന്നതല്ലെന്ന റിപ്പോർട്ടുകൾ പലകോണുകളിൽനിന്നും വരുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അതിനോട് പ്രതികരിച്ച് ബി.എസ്.പി നേതാവ് മായാവതിയും നടത്തിയ പ്രസ്താവനകൾ ശ്രദ്ധേയമാകുന്നത്.രണ്ട് പതിറ്റാണ്ടിനുശേഷം ഉത്തർപ്രദേശിൽ ചരിത്രം ദുരന്തമായോ പ്രഹസനമായോ ആവർത്തിക്കുമോ എന്ന സംശയമാണ് അമിത്ഷായുടെ സാന്ത്വനപ്പെടുത്തലിലും മായാവതിയുടെ നന്ദിപറച്ചിലിലുമുള്ളതെന്ന് കരുതുന്നവർ ഏറെയാണ്.
ഒരർഥത്തിൽ നിലനിൽപ്പിന്റെ ഭീഷണിയിലാണ് ബി.എസ്.പി. 2012ൽ അധികാരം നഷ്ടമായതിന് ശേഷം തുടർച്ചയായി തിരിച്ചടികളാണ് ബി.എസ്.പിക്ക് നേരിടേണ്ടിവന്നത്.1995 മുതൽ നാല് തവണയായി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിച്ച പാർട്ടിയാണ് ബി.എസ്.പി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി ചേർന്ന് മത്സരിച്ചിട്ട് പാർട്ടിക്ക് കിട്ടിയത് 10 സീറ്റുകൾ. 2014ൽ ഒരുസീറ്റു പോലും ലഭിച്ചില്ലെന്നതിന്റെ പശ്ചാത്തലത്തിൽ 10 സീറ്റ് നേട്ടമാണെന്ന് പറയാമെങ്കിലും എസ്.പിയുടെ കൂടി സഹായത്താലാണ് ആ സീറ്റുകൾ എന്ന വസ്തുത ശേഷിക്കുന്നു. അതിന് മുമ്പ് 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റിൽ മത്സരിച്ച് 19 സീറ്റുകളായിരുന്നു ബഹുജൻ സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്.ഇക്കാരണങ്ങൾകൊണ്ടു തന്നെ മായാവതിയെയും ബി.എസ്.പിയേയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നാൽ കർഷകസമരം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മത്സരം ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തമ്മിലാണെന്ന് വിലയിരുത്തൽ രാഷ്ട്രീയനിരീക്ഷകർക്കിടയിൽ പ്രബലമായിരുന്നു. ബി.ജെ.പിക്കെതിരേ ശക്തമായ നിലപാടെടുക്കാതെയായിരുന്നു മായാവതിയുടെ കുറച്ചേറെക്കാലമായുള്ള പ്രവർത്തനങ്ങൾ. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അമിത്ഷായും മായാവതിയും നടത്തിയ പ്രസ്താവനകൾ മാർച്ച് 10ന് വോട്ടെണ്ണി കഴിഞ്ഞാലുള്ള രാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള സൂചനയാകുമോ എന്ന ചർച്ചകൾ സജീവമാകുന്നത്.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നേരത്തെ സൂചിപ്പിച്ചതുപോലെ ബി.ജെ.പിയും എസ്.പിയും തമ്മിൽ മാത്രമല്ലെന്നും ബി.എസ്.പി 'വളരെ പ്രസക്ത'മാണെന്നുമാണ് ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ അമിത്ഷാ പറഞ്ഞത്. അവിടം കൊണ്ടും നിർത്തിയില്ല, പൊതുവിൽ കരുതുന്നതിൽനിന്ന് ഭിന്നമായി മുസ്‌ലിം വോട്ടും ബി.എസ്.പിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം വോട്ടുകൾ സമാജ് വാദി പാർട്ടിക്ക് കിട്ടുമെന്ന ബി.ജെ.പി വിരുദ്ധരുടെ പ്രതീക്ഷകളെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹം. ബി.എസ്.പിയുടെ പ്രസക്തിയെക്കുറിച്ച് പറഞ്ഞതിന് മായാവതി അമിത്ഷായോട് നന്ദി പറയുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനം, സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഉടലെടുത്താൽ രാഷ്ട്രീയസഖ്യമായി മാറുമോ എന്ന ചർച്ച ഇതോടെ സജീവമാകുകയും ചെയ്തു.
സ്ഥാനാർഥി നിർണയത്തിലടക്കം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഫലപ്രദമായി ഭിന്നിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ബി.എസ്.പി സ്വീകരിച്ചിരിക്കുന്നതെന്ന നിരീക്ഷണം നേരത്തെ തന്നെ ഉണ്ടായിരുന്നു. യാദവ വോട്ടിന് പുറമെ മുസ്‌ലിംകളുടെയും മറ്റും സമുദായങ്ങളുടെയും പിന്തുണ എത്രത്തോളം ലഭിക്കുന്നുവെന്നത് സമാജ് വാദി പാർട്ടിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാധ്യതകളിൽ നിർണായകമാണ്. ഇവിടെയാണ് ബി.എസ്.പിയുടെ ഇടപെടൽ. 403 സ്ഥാനാർഥികളിൽ 88 മുസ്‌ലിം സ്ഥാനാർഥികളെയാണ് ബി.എസ്.പി മത്സരിപ്പിച്ചത്. സമാജ് വാദി പാർട്ടി രംഗത്തിറക്കിയിരിക്കുന്നത് 61മുസ്‌ലിം നാമധാരികളെയാണ്. ഇത് മുസ്‌ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി, സമാജ് വാദി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കി ഫലത്തിൽ ബി.ജെ.പിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവും ശക്തമാണ്. ബി.എസ്.പിയുടെ മുസ്‌ലിം സ്ഥാനാർഥികളിൽ 44 പേരും മത്സരിക്കുന്നത് എസ്.പിയുടെ മുസ്‌ലിമേതര സ്ഥാനാർഥികൾക്കെതിരേയാണെന്നതും ശ്രദ്ധേയമാണ്. അതായത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ എസ്.പിയുടെ സാധ്യതയില്ലാതാക്കണമെന്ന നിഗമനത്തിലേക്ക് മായാവതി എത്തിയെന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കാം.
ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികൾ കണക്കാക്കുന്നത് പോലെ ബി.ജെ.പിയെ മുഖ്യശത്രുവായി ബി.എസ്.പി വിലയിരുത്തുന്നില്ലെന്നതാണ് യാഥാർഥ്യം. കർഷക സമരത്തിന്റെ കാലത്തും പൗരത്വ നിയമ ഭേദഗതിയുടെ സമയത്തും മായാവതി കാര്യമായൊന്നും പ്രതികരിച്ചിരുന്നില്ല. പൗരത്വ നിയമ ഭേദഗതിയെ എതിർത്തുവെങ്കിലും വളരെ മൃദുവായ പ്രതികരണമായിരുന്നു അവരുടേത്. കശ്മിരിന് പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കിയപ്പോൾ അതിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു മായാവതിയുടേത്. അതായാത് 2019ന് ശേഷം ബി.ജെ.പിയുമായി ഒരു സഹകരണ സാധ്യത നിലനിർത്തിയായിരുന്നു മായാവതി പ്രവർത്തിച്ചതെന്ന് ചുരുക്കം.
ഇന്ത്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം ബി.ജെ.പിയെ അകറ്റിനിർത്തുകയാണ് പൊതുവിൽ പ്രധാന രാഷ്ട്രീയകക്ഷികൾ ചെയ്തത്. എന്നാൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി, ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള തൊട്ടുകൂടായ്മ മാറ്റിക്കൊടുത്തവരിൽ ബി.എസ്.പിയുടെ പങ്ക് വലുതാണ്. എസ്.പിയുമായുണ്ടാക്കിയ രാഷ്ട്രീയ സഖ്യം തകരുകയും മായാവതിയെ ഗസ്റ്റ് ഹൗസിൽ എസ്.പിയുടെ ഗുണ്ടകൾ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിന് ശേഷമായിരുന്നു ബി.ജെ.പി പിന്തുണയോടെ മായാവതി ഉത്തർപ്രദേശ് ഭരിച്ചത്. അത് അധിക കാലം നീണ്ടുനിന്നില്ലെങ്കിലും, ബി.ജെ.പിയുമായി ഒരു സഹകരണ സാധ്യത പലപ്പോഴും മായാവതി നിലനിർത്തിയിരുന്നു. ബി.എസ്.പി ആദ്യമായി ബി.ജെ.പിയുമായി സഹകരിക്കുന്നത് പാർട്ടി സ്ഥാപകൻ കൻഷിറാമിന്റെ മുൻകൈയിലാണ്. അന്ന് ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയ്ക്ക് മധ്യവർത്തിയായി പ്രവർത്തിച്ചത് മലയാളി മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ ഷേണായി ആയിരുന്നുവത്രെ. ഇതിന്റെ വിശദാംശങ്ങൾ 'ബെഹൻജി, എ പൊളിറ്റിക്കൽ ബയോഗ്രാഫി ഓഫ് മായവതി' എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.
രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയെന്നത് ദലിതരെ സംബന്ധിച്ച് പ്രധാനമാണെന്ന നിലപാടാണ് ഇത്തരം രാഷ്ട്രീയസഖ്യത്തിലേക്ക് കൻഷിറാമിനെ നയിച്ചത്. കൻഷിറാമാണെങ്കിൽ ആർ.എസ്.എസും ബി.ജെ.പിയും എത്രമാത്രം ദലിതരുടെ രാഷ്ട്രീയ ഐക്യപ്പെടലിനെ എതിർക്കുമെന്ന കാര്യത്തിൽ ബോധവാനുമായിരുന്നു. 1984ൽ ആരംഭിച്ച ബി.എസ്.പിയുടെ വളർച്ചയിൽ ആർ.എസ്.എസ് നേതൃത്വം അസ്വസ്ഥമായിരുന്നുവെന്ന കാര്യം അവരുടെ റിപ്പോർട്ട് ഉദ്ധരിച്ച് കൻഷിറാം ഒപ്രസ്ഡ് ഇന്ത്യൻ എന്ന പ്രസിദ്ധീകരണത്തിൽ എഴുതുന്നുണ്ട്. എന്നുമാത്രമല്ല, ആർ.എസ്.എസ് തലവനായിരുന്ന ബാലാസാഹേബ് ദേവറസ്, ആർ.എസ്.എസിന്റെ വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ തലവേദന ബി.എസ്.പിയായിരിക്കുമെന്ന് 1988ൽ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. (ഇല്ലസ്‌ട്രേറ്റഡ് വീക്കിലിക്ക് നൽകിയ അഭിമുഖം). അതൊക്കെ പഴയകഥ
ആദ്യഘട്ടങ്ങളിൽ ബി.ജെ.പിയുടെ പിന്തുണയോടെ ഭരിച്ചപ്പോഴും, വലിയ തോതിൽ ദലിത് ശാക്തീകരണത്തിന് മായാവതി നടപടികളെടുത്തതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഉന്നത ഉദ്യോഗസ്ഥരിൽ നിരവധി ദലിതരെ നിയമിച്ചതും പെരിയാർ രാമസ്വാമി നായ്ക്കരുടെ ജന്മശതാബ്ദി ആഘോഷിച്ചും സംസ്ഥാനത്തെ പകുതിയോളം ജില്ലകളിലെ മജിസ്‌ട്രേറ്റുമാരായി ദലിതരെ നിയമിച്ചും ആർ.എസ്.എസിന് തലവേദന സൃഷ്ടിക്കുന്ന സമീപനങ്ങൾ മായാവതി സ്വീകരിച്ചു. എന്നാൽ പിന്നീട് പതുക്കെ അധികാര രാഷ്ട്രീയത്തിന്റെ കേവലയുക്തികളിലേക്ക് മായാവതിയുടെ സ്വത്വരാഷ്ട്രീയം മാറുന്നതായാണ് കണ്ടത്. 2002 ഗുജറാത്തിൽ മുസ്‌ലിം വംശഹത്യ നടന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പിൽ മോദിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന അവസ്ഥയിലേക്ക് ആ മാറ്റം അവരെ കൊണ്ടെത്തിച്ചു. പിന്നീടാണ് മുഖ്യധാര മാധ്യമങ്ങളിൽ വലിയ പ്രശംസ കിട്ടിയ സോഷ്യൽ എൻജിനീയറിങ് നടപ്പിലാക്കിയത്. സവർണജാതി വിഭാഗങ്ങളെക്കൂടി പാർട്ടിയിലേക്ക് അടുപ്പിച്ച് അധികാരം നേടുകയായിരുന്നു മായാവതി. അങ്ങനെ സംഭവിച്ച രാഷ്ട്രീയ നിലപാടുകളിലെ 'പ്രയോജനവാദപരമായ' വിട്ടുവീഴ്ചകളാണ് പിന്നീട് കശ്മിർ വിഷയത്തിലടക്കം പ്രതിഫലിച്ചത്. തങ്ങളുടെ പ്രസക്തി അംഗീകരിച്ചതിന് അമിത്ഷായ്ക്ക് നന്ദി പറയുന്ന അവസ്ഥയിലേക്ക് ബി.എസ്.പി പരിണമിക്കുന്നതയാണ് ഇപ്പോൾ കാണുന്നത്. മാർച്ച് പത്തിന് ശേഷം ബി.ജെ.പിക്ക് ഒരു താങ്ങായി മായാവതിയുണ്ടാകുമോ എന്നറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും ദലിത് ശാക്തീകരണത്തിൽനിന്ന് ഫാസിസത്തിന് കഞ്ഞിവച്ചുകൊടുക്കുന്നതിലേക്കുള്ള ബി.എസ്.പിയുടെ മാറ്റത്തിന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണവും സാക്ഷ്യംപറയുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."