ബിരിയാണി ചലഞ്ചില്‍ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് സംഭരിച്ചത് അരക്കോടി: “സ്നേഹവിരുന്നില്‍” കരുത്തായി പ്രവാസികളും
ജിദ്ദ: ബിരിയാണി ചലഞ്ചിലൂടെ മുക്കം പാലിയേറ്റീവ് കെയർ അരക്കോടി രൂപയിലധികം രൂപ സംഭരിച്ചു. ‘നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനു ആവേശകരമായ പ്രതികരണം ആണ് പ്രവാസികളും നാട്ടുകാരും നല്‍കിയത്. കിടപ്പ് രോഗികളുടെ സാന്ത്വന ചികിത്സക്കായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കൊവിഡ് കാലമായതോടെ ഏറെ പ്രയാസത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടിലേയും വിദേശത്തെയും സുമനസ്സുകളുടെ സഹകരണത്തോടെ ബിരിയാണി ചലഞ്ച് എന്ന ആശയം ഉദിച്ചത്. ഉദാരമതികളും പ്രവാസലോകവും ഒന്നാകെ ഏറ്റെടുത്തപ്പോള്‍ സംഘാടകര്‍ പ്രതീക്ഷിക്കാത്ത ആവേശത്തോടെ 53,54,307 രൂപ വിവിധ ഇനത്തില്‍ സംഭരിച്ചു.
മുക്കം മുന്‍സിപ്പാലിറ്റിയും സമീപമുള്ള ആറ് ഗ്രാമപഞ്ചായത്തും അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ പ്രവർത്തകർ 35,000 ബിരിയാണിപൊതികള്‍ നേരിട്ട് എത്തിച്ചു. സംഘാടകർക്ക് പുറമെ 28 സംഘടനകളുടെ 1500 ഓളം വോളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി. തുടക്കത്തിൽ 25,000 ബിരിയാണികൾ തയാറാക്കി 100 രൂപ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങളുടെ സഹകരണവും പിന്തുണയും തിരിച്ചറിഞ്ഞതോടെ പദ്ധതി വിപുലീകരിച്ച് ബിരിയാണിയുടെ എണ്ണം 35,000 ആക്കുകയായിരുന്നു. 1500ഓളം വോളണ്ടിയർമാരുടെ വിവിധ ഷിഫ്‌റ്റുകളിലായുള്ള സേവനം കൃത്യമായി ക്രമപ്പെടുത്തി 52 പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിതരണം നടന്നത്.
കൂട്ടായ്മകളും കച്ചവടസ്ഥാപനങ്ങളും റസിഡണ്ട് അസോസിയേഷനുകളും കച്ചവടക്കാരും ചേര്‍ന്നാണ് വിഭവങ്ങള്‍ സംഭരിച്ചത്. സൗജന്യമായി ബിരിയാണി പാകംചെയ്യുവാനായി പാചകതൊഴിലാളികളുടെ സംഘടനയായ കേരള സ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് ഫെഡറെഷനും തയ്യാറായി. മുക്കം പുൽപ്പറമ്പിലെ എന്‍ സി ഓഡിറ്റോറിയത്തിൽ ശബ്ദവും വെളിച്ചവും സി.എം. ലൈറ്റ് ആൻഡ് സൗണ്ട്സ് വിട്ടു നൽകി. പാചകത്തിനാവശ്യമായ പാത്രങ്ങൾ പൂർണമായും വിവിധ വാടകസ്റ്റോറുകാർ സൗജന്യമായി എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ജിദ്ദയിലെ മുക്കം പ്രവാസികളുടെ കൂട്ടയ്മയായ മാക് ജിദ്ധയുടെ നേതൃത്വത്തില്‍ പ്രവാസ ലോകത്തും ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജിദ്ദ പട്ടണത്തില്‍ മാത്രമായി ആയിരത്തി അറുന്നൂറിലേറെ ബിരിയാണി വിതരണം ചെയ്തതായി മാക് ജിദ്ധ പ്രസിഡണ്ട് അഷ്‌റഫ് അലി വയലില്‍ പറഞ്ഞു. ഈ ഇനത്തില്‍ അഞ്ചരലഷം രൂപയാണ് സമാഹരിച്ചത്. മുക്കം മുന്‍സിപ്പാലിറ്റി, കാരശ്ശേരി, കൊടിയത്തൂര്‍,കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകാരായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയാണ് മാക് ജിദ്ദ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നാല്പത് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൂരത്തികരിച്ചതായി അഷ്‌റഫ്‌അലി വയലില്‍ പറയുന്നു. ഷെരീഫ് പൂലേരി, മുജീബ് ഉമ്മിണി കാരമൂല തുടങ്ങിയവര്‍ ജിദ്ദയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."