വോട്ടെടുപ്പ് അടുത്തിട്ടും സ്ഥാനാര്‍ഥിയെ കാത്ത് നിലമ്പൂരില്‍ ഇടതുപക്ഷം: വീണ്ടും സ്ഥാനാര്‍ഥിയാക്കരുതെന്ന് ഒരു പക്ഷം, 11ന് തിരിച്ചുവരാമെന്നും വന്നാല്‍ സജീവമാകാമെന്നും പി.വി അന്‍വര്‍
നിലമ്പൂര്‍: വോട്ടെടുപ്പ് അടുത്തിട്ടും മത്സരിക്കാനുള്ള സ്ഥാനാര്‍ഥിയെ കാത്ത് നിലമ്പൂരിലെ ഇടതുപക്ഷം. നിലവിലെ എം.എല്‍.എയായ പി.വി അന്‍വറിനെ തന്നെയാണ് വിമര്‍ശനങ്ങള്‍ക്കിടയിലും ഇടതുപക്ഷം രംഗത്തിറക്കുന്നത്.
ഒടുവില്‍ ഈ മാസം 11ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്നാണ് പി.വി അന്‍വര്‍ എംഎല്‍എ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്.
അതേ സമയം അന്‍വറിനെതിരേ നിലമ്പൂരില്‍ തന്നെ രണ്ടു ചേരിയിലായിട്ടുണ്ട്. മണ്ഡലത്തെയും ജനങ്ങളെയും ശ്രദ്ധിക്കാത്തയാളെ ഇനിയും സ്ഥാനാര്‍ഥിയാക്കിയാല്‍ പരാജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥിയെ മാറ്റണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ മണ്ഡലം വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിച്ച അന്വറിനെതന്നെ രംഗത്തിറക്കണമെന്ന ആവശ്യക്കാരാണ് മറു പക്ഷം. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അന്‍വറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
രണ്ട് മാസങ്ങളാണ് എം.എല്‍.എ നിലമ്പൂരില്‍ നിന്നു വിട്ടുനിന്നത്. ഒടുവില്‍ എം.എല്‍.എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാരാണ് പൊലിസ് സ്റ്റേഷനിലെത്തിയത്. കൂടാതെ നിയമസഭാ സമ്മേളനത്തിലും എ.വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ് അന്‍വര്‍ പ്രതികരണവുമായി പിന്നീട് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."