ഉറപ്പാണല്ലോ; നാടു നന്നാകും
'കുറുപ്പിന്റെ ഉറപ്പ്' എന്ന ചൊല്ലിനു പിന്നില്‍ നേരത്തെ തന്നെ ചില പഴങ്കഥകളുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ അതു പറയുന്നത് തലങ്ങുംവിലങ്ങും ചേരിമാറ്റങ്ങള്‍ നടത്തിയ, കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമൊക്കെയായിരുന്ന കെ. നാരായണക്കുറുപ്പുമായി ബന്ധപ്പെടുത്തിയാണ്. നാരായണക്കുറുപ്പിന്റെ പുത്രനുള്‍പ്പെടുന്ന കേരള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന ഭാഗം ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. അതുകൊണ്ട് ആ ചൊല്ലിന്റെ പകര്‍പ്പവകാശം ഇപ്പോള്‍ ഇടതുമുന്നണിക്കു തന്നെയാണ്.
അതുകൊണ്ടായിരിക്കണം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഉറപ്പാണ്' എന്ന വാക്ക് മുഖ്യ പ്രചാരണവാക്യത്തില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന ഉറപ്പിലാണ് മുന്നണി. ആത്മവിശ്വാസം ഏതുകാലത്തും നല്ലതാണല്ലോ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കണക്കുനോക്കുമ്പോള്‍ ആ ആത്മവിശ്വാസത്തെ കുറ്റം പറയാനുമാവില്ല.
പണ്ടും ഇതുപോലുള്ളൊരു ആത്മവിശ്വാസത്തില്‍ നിന്ന് ഒരു ഉറപ്പ് മുന്നണിക്കുണ്ടായിരുന്നു. 1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍. ഉടന്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടുമെന്ന് എ.കെ.ജി സെന്ററിലെ ഗവേഷകര്‍ ഗണിച്ചുപറഞ്ഞു. അതു കേട്ടയുടന്‍ ഇടംവലം നോക്കാതെ ഒരു വര്‍ഷം കാലാവധി ബാക്കിയിരിക്കെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. അങ്ങനെ അകാലത്തില്‍ തെരഞ്ഞെടുപ്പ് വന്നു. വോട്ടെണ്ണിയപ്പോള്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍. അതുപിന്നെ തന്ത്രശാലിയായ ലീഡര്‍ അപ്പുറത്തുള്ള കാലമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരുപാട് ലീഡര്‍മാരുള്ള സമയമാണ്. അതുതന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷയുടെ പ്രധാന അടിസ്ഥാനവും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രചാരണവാക്യം 'എല്ലാം ശരിയാകും' എന്നായിരുന്നു. പല കാര്യങ്ങളും ശരിപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെ എല്ലാം ശരിയാക്കിയവര്‍ക്ക് തുടര്‍ഭരണം ഉറപ്പാണെന്ന് വിശ്വസിക്കാന്‍ അവകാശമുണ്ട്. നാട്ടുകാര്‍ വോട്ടുചെയ്യുമോ ഇല്ലേ എന്നൊക്കെയുള്ളത് പിന്നത്തെ കാര്യങ്ങളാണല്ലോ.
ഏതായാലും പ്രചാരണവാക്യത്തില്‍ യു.ഡി.എഫും ഒട്ടും മോശമാക്കിയിട്ടില്ല. 'നാടു നന്നാകാന്‍ യു.ഡി.എഫ് ' എന്നാണത്. കേരളം ഏറ്റവുമധികം കാലം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയാണ്. ആ ഭരണകാലത്തൊക്കെ നാടിനെ നന്നാക്കിയെടുക്കാനുള്ള തിരക്കിലായിരുന്നു അവരെന്ന് നാട്ടുകാര്‍ക്കൊക്കെ നന്നായിറിയാം. എന്നിട്ടും തൃപ്തിവന്നിട്ടില്ല. പ്രതിഭാശാലികള്‍ അങ്ങനെയാണ്. ഒരുകാര്യം എത്ര നന്നായി ചെയ്താലും അവര്‍ക്കു തൃപ്തിവരില്ല. ഇതിലും മികച്ചതെന്തോ ഇനിയും ചെയ്യാനുണ്ടെന്ന് അവര്‍ക്കു തോന്നിക്കൊണ്ടേയിരിക്കും. അതുപോലെ ഇത്രകാലം നാടു നന്നാക്കിയതൊന്നും പോരാതെ ഇനിയും നന്നാക്കാന്‍ വെമ്പിനില്‍ക്കുകയായിരിക്കും യു.ഡി.എഫ് നേതാക്കള്‍. അതും നടക്കട്ടെ.
അല്ലെങ്കിലും ഇതൊക്കെ പരസ്യവാചകങ്ങളല്ലേ. പണ്ടൊക്കെ രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞടുപ്പു പോരില്‍ ഉയര്‍ത്തിയിരുന്നത് മുദ്രാവാക്യങ്ങളായിരുന്നു. കാലംമാറിയപ്പോള്‍ തെരഞ്ഞെടുപ്പിനു തന്ത്രങ്ങള്‍ മെനയാനും പ്രചാരണം ആസൂത്രണം ചെയ്യാനുമൊക്കെ പ്രൊഫഷണല്‍ കമ്പനികളെ കാശുകൊടുത്ത് ചുമതലപ്പെടുത്തുന്ന ഏര്‍പ്പാടു വന്നു. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനെന്നപോലെ അവര്‍ പരസ്യവാചകങ്ങളുണ്ടാക്കുന്നു. ഇതൊന്നും കണ്ടല്ല നാട്ടുകാര്‍ വോട്ടുചെയ്യുന്നതെന്നത് വേറെ കാര്യം. മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ വോട്ടര്‍മാരിലധികവും ബൂത്തില്‍ പോകുന്നത് പ്രകടനപത്രികയിലോ പരസ്യവാചകങ്ങളിലോ ഭ്രമിച്ച് ആരെയെങ്കിലും ജയിപ്പിക്കാനൊന്നുമല്ല. ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കാനാണ്. അതറിയാത്തത് നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ക്കു മാത്രമാണ്. അതുകൊണ്ട് അവരിനിയും കോടികള്‍ മുടക്കി ഇത്തരം കമ്പനികളുടെ സേവനം തേടും. അവര്‍ പരസ്യവാചകങ്ങളുണ്ടാക്കും. അതിനെ കുറ്റം പറയുന്നില്ല. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്പനികളും അവയിലെ തൊഴിലാളികളുകളുമൊക്കെ ജീവിച്ചുപോട്ടെ.
പൊന്നെടുക്കുന്നിടത്തും
എം.എല്‍.എയ്ക്ക് കാര്യമുണ്ട്
ഈ സിയറ ലിയോണ്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നോ അതെവിടെയാണെന്നോ ഒക്കെ ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ക്കും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടിക്കാര്‍ക്കും വല്ല അറിവുമുണ്ടോ? എവിടെ അറിയാന്‍. ഈ രാജ്യത്തു മാത്രമുള്ള പാര്‍ട്ടികളല്ലേ അവരുടേതൊക്കെ. ലോകത്തിന്റെ മുക്കും മൂലയുമൊന്നും അവര്‍ക്കു തിരിയില്ല. എന്നാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയല്ല. അതൊരു സാര്‍വദേശീയ പ്രസ്ഥാനമാണ്. അന്റാര്‍ട്ടിക്കയിലടക്കം ലോകത്തെങ്ങും പാര്‍ട്ടി ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും പി.ബിയും സി.സിയുമൊക്കെയുള്ള പ്രസ്ഥാനം. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഒരു രാജ്യത്തു മാത്രമായി ഒതുങ്ങില്ല. കമ്യൂണിസ്റ്റുകാരുടെ വിപ്ലവ ചുമതലകളും ഒരു രാജ്യത്തു മാത്രമായി ഒതുങ്ങില്ല. അതുകൊണ്ടാണല്ലോ അര്‍ജന്റീനയില്‍ ജനിച്ച ചെ ഗുവേര ക്യൂബയില്‍ പോയി വിപ്ലവമുണ്ടാക്കി അവിടെയും നില്‍ക്കാതെ പിന്നെ ബൊളീവിയയില്‍ പോയി പോരാടി രക്തസാക്ഷിയായത്.
അതുകൊണ്ട് ബൂര്‍ഷ്വാ പാര്‍ട്ടികളിലെ വിവരമില്ലാത്തവര്‍ അറിയാന്‍ വേണ്ടി പറയുകയാണ്. സിയറ ലിയോണ്‍ ആഫ്രിക്കയിലെ വിപ്ലവമുന്നേറ്റം നടക്കുന്നൊരു രാജ്യമാണ്. അവിടേക്ക് കേരളത്തില്‍ നിന്ന് സഖാക്കള്‍ പോയെന്നും പോരാടിയെന്നും രക്തസാക്ഷിത്വം വരിച്ചെന്നുമൊക്കെ വരും. ഇതൊന്നും അറിയാതെയാണ് ഞങ്ങളുടെ ഒരു എം.എല്‍.എ രണ്ടുമാസമായി നാട്ടിലില്ലെന്നും അദ്ദേഹം ആഫ്രിക്കയില്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ പോയതാണെന്നും അവിടെ ജയിലില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമൊക്കെ പറഞ്ഞുപരത്തുന്നത്.
ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ ഉള്ളതുപോലെ ഞങ്ങളുടെ പാര്‍ട്ടിയില്‍ എം.എല്‍.എയെന്നോ അല്ലാത്തവരെന്നോ എന്ന വ്യത്യാസമൊന്നുമില്ല. എല്ലാവരും വിപ്ലവകാരികളാണ്. വിപ്ലവപ്രവര്‍ത്തനത്തില്‍ അവരെല്ലാം ഒരുപോലെയാണ്. എം.എല്‍.എ ആയാലും എം.പിയായാലും പോര്‍നിലങ്ങളില്‍ അവരുണ്ടാകും. പാര്‍ലമെന്ററി പ്രവര്‍ത്തനം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് ലെനിന്‍ സഖാവ് പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് എം.എല്‍.എ അങ്ങോട്ടുപോയത്. സഖാവ് കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണ്. വിപ്ലവപ്രവര്‍ത്തനത്തില്‍ വലിയ മുന്‍കാല പരിചയമൊന്നും കാണില്ല. ആവശ്യത്തിന് വിപ്ലവപരിചയം ഉണ്ടായിക്കോട്ടെ എന്നുകൂടി കരുതി അങ്ങോട്ടയച്ചതാണ്. പിന്നെ ജയിലിലാണെന്ന പ്രചാരണം. ആണെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ്? വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടിവരും. ചിലപ്പോള്‍ തൂക്കിലേറേണ്ടിയും വരും. ജയിലും കഴുമരവുമൊക്കെ ഞങ്ങള്‍ക്കു പുല്ലാണെന്ന് ഞങ്ങളുടെ പഴയകാല മുദ്രാവാക്യങ്ങള്‍ വായിച്ചുനോക്കിയാലറിയാം. പാര്‍ട്ടി പത്രം പോലും വായിക്കുന്ന ശീലം കോണ്‍ഗ്രസുകാര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് ഇതൊന്നും അറിയാത്തത്.
പിന്നെ സ്വര്‍ണഖനികളിലേക്കും ഞങ്ങളുടെ എം.എല്‍.എ പോയിട്ടുണ്ടാകും. ഖനിത്തൊഴിലാളികളുടെ ദുരിതങ്ങള്‍ നേരിട്ടറിയാനും അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിപ്ലവപ്പോരാട്ടങ്ങള്‍ക്ക് സജ്ജരാക്കാനുമൊക്കെ വേണ്ടിയാണത്. പൊന്നുരുക്കുന്നിടത്തും കുഴിച്ചെടുക്കുന്നിടത്തുമൊക്കെ പൂച്ചയ്ക്കല്ലേ കാര്യമില്ലാത്തത്. വിപ്ലവകാരികളായ എം.എല്‍.എമാര്‍ക്ക് അവിടെയൊക്കെ കാര്യമുണ്ട്.
ഇതിന്റെ പേരില്‍ ഇവിടുത്തെ ബൂര്‍ഷ്വാ പാര്‍ട്ടികളും വര്‍ഗീയ ഫാസിസ്റ്റുകളും വിഘടനവാദികളും പ്രതിക്രിയാവാദികളുമൊക്കെ എന്തെല്ലാം പുകിലാണുണ്ടാക്കിയത്. എം.എല്‍.എയെ കാണാനില്ലെന്നും മറ്റും മണ്ഡലമാകെ എഴുതിവച്ചു, പൊലിസില്‍ പരാതി കൊടുത്തു. എന്നിട്ടെന്തായി? നാമനിര്‍ദേശപത്രിക കൊടുക്കാന്‍ കൃത്യമായി നാട്ടിലെത്തുമെന്ന് എം.എല്‍.എ സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയതോടെ അവരെല്ലാം തളര്‍ന്നു. അല്ലെങ്കില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാട്ടില്‍ തന്നെയുണ്ടാവണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? പണ്ട് ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജയിലില്‍ കിടന്ന് മത്സരിച്ചു ജയിച്ചിട്ടുണ്ട്. പിന്നെയാണോ രാജ്യാന്തര വിപ്ലവം നടത്തി വിജയശ്രീലാളിതനായി എത്തിയ നേതാവിന് പ്രയാസം. ചെ ഗുവേരയ്ക്കു തുല്യനായ അദ്ദേഹത്തെ ഈ പ്രസ്ഥാനം ചുമലിലേറ്റി കൊണ്ടുനടന്ന് ജയിപ്പിക്കും, നോക്കിക്കോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."