ലക്ഷദ്വീപിലേക്ക് ഒളിച്ചുകടത്തുന്ന അജന്‍ഡകള്‍
പ്രകൃതിഭംഗിയാലും സാംസ്‌കാരിക സമ്പന്നതയാലും തെളിഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. കടലിനോടും പ്രകൃതിക്ഷോഭങ്ങളോടും മല്ലിട്ട് കുറഞ്ഞ പ്രകൃതിവിഭവങ്ങളില്‍ സംതൃപ്തികൊണ്ടു ജീവിക്കുന്ന ഒരു സമൂഹം. 99 ശതമാനം മുസ്‌ലിംകളാണ് ഇവിടെ അധിവസിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിക്കുന്ന പതിവ് രീതിയില്‍നിന്ന് മാറി ബി.ജെ.പിയില്‍ ചേക്കേറിയവരെ നിയമിക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്. ബി.ജെ.പിയുടെ മുസ്‌ലിം മുഖങ്ങളിലൊന്നായ ജമ്മു കശ്മിര്‍ ഡി.ജി.പി ഫാറൂഖ് ഖാനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച് ദ്വീപുകാരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ഒന്നാം ഘട്ട നീക്കങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ പോയി. രണ്ടാം മോദി സര്‍ക്കാര്‍ നിയമിച്ച റിട്ട. ഐ.പി.എസ് ഓഫിസര്‍ ദിനേശ്വര്‍ ശര്‍മ്മ മരിച്ചതോടെയാണ് താല്‍ക്കാലിക ചുമതലക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ പ്രഫുല്‍ കെ. പട്ടേലിനെ നിയമിക്കുന്നത്. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയൂ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പട്ടേലിനെ താല്‍ക്കാലിക ചുമതല നല്‍കി അയച്ചത് വലിയ ദൗത്യവുമായിട്ടാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ചുമതലയേറ്റു മൂന്ന് മാസം തികയുന്നതിന് മുന്‍പ് ലക്ഷദ്വീപിന്റെ നിയമങ്ങള്‍ മാറ്റിമറിച്ചുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ അജന്‍ഡ ഓരോന്നായി കുറഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ നടപ്പാക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഗുണ്ടാ ആക്ടിലൂടെ തുടക്കം
സമാധാനത്തിന്റെ തുരുത്തില്‍ സംഘര്‍ഷത്തിന്റെ വേലിയേറ്റം സൃഷ്ടിക്കലാണ് എല്ലാ പരിഷ്‌കാരങ്ങളുടെയും പിന്നിലെന്ന് ദ്വീപ് നിവാസികള്‍ക്ക് വേഗം തിരിച്ചറിയാന്‍ കഴിഞ്ഞു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ കുറ്റവാളികളില്ലാത്ത രാജ്യത്തെ ഭൂപ്രദേശമെന്ന ഖ്യാതി നേടാന്‍ കഴിഞ്ഞ നാടാണ് ലക്ഷദ്വീപ്. പൊലിസും ജയിലുമെല്ലാം ഉണ്ടെങ്കിലും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യമില്ല. ചെറിയ തര്‍ക്കങ്ങള്‍ പോലും രമ്യമായി പരിഹരിക്കാന്‍ പരമ്പരാഗത സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. സംഘടിത കുറ്റകൃത്യങ്ങളോ ഗുണ്ടകളോ ഇല്ലാത്ത നാട്ടില്‍ 'ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ 2021' കൊണ്ടുവന്നാണ് പരിഷ്‌കാരം തുടങ്ങുന്നത്. പിന്നാലെ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെ ഗുണ്ടാ ആക്ടിന്റെ പിന്നിലെ താല്‍പര്യം മറനീക്കി. സമാധാനപ്രിയരായ ദ്വീപുകാരെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങളാണ് പിന്നീടുണ്ടായത്.
ബീഫ് നിരോധനം, മദ്യം സുലഭം
ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെ വിത്ത് വിതയ്ക്കുന്ന സംഘ്പരിവാര്‍ നയം ലക്ഷദ്വീപിലും ബീഫ് നിരോധനത്തിലൂടെ നടപ്പിലാക്കി. ദ്വീപിന്റെ ജനാധിപത്യ സംവിധാനത്തില്‍ ബി.ജെ.പിക്ക് ഇടം ലഭിക്കാന്‍ അടുത്തെങ്ങും സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാന്‍ വളഞ്ഞവഴി തേടിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് ബീഫ് നിരോധിച്ച് 'ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021' എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശംവയ്ക്കുന്നതും ബീഫ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാവും. മതവിശ്വാസപ്രകാരമുള്ള ബലികര്‍മ്മം നടത്തുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ദ്വീപില്‍ ബീഫ് സാധാരണ ഭക്ഷണമാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് കോഴിയും ആടും ഉള്‍പ്പെടെ എല്ലാ മാംസാഹാരങ്ങളും ഒഴിവാക്കികൊണ്ടുള്ള തീരുമാനവും നടപ്പിലാക്കി കഴിഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന ദ്വീപില്‍ മദ്യം വിളമ്പുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യാനുള്ള തീരുമാനം സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കും.
ജനാധിപത്യം അട്ടിമറിക്കുന്നു
ലക്ഷദ്വീപിലെ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററുടെ കനിവിലായിരിക്കണമെന്നത് അലിഖിത നിയമംപോലെ തുടരുകയാണ്. വളരെ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് പഞ്ചായത്ത് ഭരണത്തിനുള്ളത്. ഇതിലും കൈകടത്താനുള്ള നീക്കങ്ങളാണ് പരിഷ്‌കരണത്തിന്റെ പേരില്‍ നടപ്പിലാക്കുന്നത്. 1997 ലാണ് ലക്ഷദ്വീപില്‍ ദ്വിതല പഞ്ചായത്ത് ഭരണസംവിധാനം നിലവില്‍ വന്നത്. എന്നാല്‍ വകുപ്പുകളെല്ലാം ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലായിരുന്നു. 2012 ലാണ് വിദ്യാഭ്യാസം, ഫിഷറീസ്, കൃഷി, ആരോഗ്യം, മൃഗസംരക്ഷണം എന്നീ അഞ്ചു വകുപ്പുകളിലെ നാമമാത്ര അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറിയത്. വില്ലേജ് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുമാണ് ഏക ജനാധിപത്യ ഭരണസംവിധാനങ്ങള്‍. ജില്ലാ പഞ്ചായത്ത് എന്നത് പത്ത് വില്ലേജ് ദ്വീപ് (ഗ്രാമപഞ്ചായത്ത് ) ചെയര്‍പേഴ്‌സണ്‍മാരും ലോക്‌സഭ എം.പിയും ഉള്‍പ്പെടുന്ന ദ്വീപ് കൗണ്‍സില്‍ കൂടിയാണ്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചീഫ് കൗണ്‍സിലര്‍ കൂടിയാണ്. ഈ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് പുതിയ കരട് നിയമങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രണ്ടു കുട്ടികളിലധികമുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പിക്കുന്ന നിയമത്തിന്റെ കരടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കരട് നിയമത്തിലെ വകുപ്പ് 14 പ്രകാരം, രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അയോഗ്യരാവും. ഒറ്റപ്രസവത്തില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ്. കൂടാതെ ഉദ്യോഗസ്ഥ ഭരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന സര്‍പഞ്ച് സംവിധാനത്തിലേക്ക് ദ്വീപിന്റെ ഭരണരീതി മാറ്റുവാനുമാണ് നീക്കം. ഈ സംവിധാനത്തില്‍ ഗ്രാമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ടു തെരഞ്ഞെടുക്കുകയാണ്. നിലവില്‍ കേരളത്തിന്റെ മാതൃകയില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ പ്രതിനിധിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ള പ്രതിനിധിയല്ല നേരിട്ടുള്ള തെരഞ്ഞെുപ്പില്‍ വിജയിക്കുന്നതെങ്കില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. ചെറിയ സാമ്പത്തിക കുറ്റങ്ങളുടെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് അയോഗ്യരാക്കാന്‍ സാധിക്കും.
നിയമം പരിഷ്‌കരിക്കാനെന്ന പേരില്‍ പഞ്ചായത്ത് വകുപ്പ് കൊണ്ടുവന്നിരിക്കുന്ന കരട് നിലവിലെ പരിമിതമായ അധികാരങ്ങള്‍ കൂടി വെട്ടിച്ചുരുക്കുന്നതാണ്. കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയൂവിലെ പഞ്ചായത്ത് റെഗുലേഷന്‍ നിയമം അതേപടി നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇതിനൊപ്പം ലക്ഷദ്വീപിന്റെ സാമ്പത്തികഘടനയില്‍ പ്രധാന പങ്കുവഹിക്കുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിന്റെ കരടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് 28 വരെ നല്‍കാനാണ് അവസരം നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണസംവിധാനങ്ങളുമായോ ലോക്‌സഭ എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായോ ചര്‍ച്ചപോലും നടത്താതെയാണ് ലക്ഷദ്വീപില്‍ പുതിയ 'പരിഷ്‌കാരങ്ങള്‍' നടപ്പിലാക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ വഴിയുള്ള സംഘ്പരിവാര്‍ അജന്‍ഡകളുടെ ഒളിച്ചുകടത്തലാണിത്. ബി.ജെ.പി വിഭാവനം ചെയ്യുന്ന ജീവിതരീതികളെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ പൊതുജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."