കെ.സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്ന് പി.സി ചാക്കോ: അങ്ങനെ പറഞ്ഞിട്ടില്ല, ചാക്കോ ഇല്ലാത്തത് പറയരുതെന്ന് സുധാകരന്‍
ന്യുഡല്‍ഹി: കെ.സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പി.സി ചാക്കോ. തന്നോട് കെ. സുധാകരന്‍ അങ്ങനെ പറഞ്ഞുവെന്നും ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവെപ്പില്‍ കെ.സുധാകരന്‍ കടുത്ത അസ്വസ്ഥതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ആരോപണം നിഷേധിച്ച് കെ.സുധാകരനും രംഗത്തെത്തി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ചാക്കോ ഇല്ലാത്തത് പറയരുതെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ പറഞ്ഞു തീര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അര ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍.സി.പിയില്‍ ചേരുമെന്നു പി.സി ചാക്കോ അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് ഇപ്പോള്‍ ഹൈക്കമാന്‍ഡില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം മാറി. കെ.സി വേണുഗോപാല്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല.
തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും പി.സി ചാക്കോ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് സി.പി.എം ആണെന്ന് പി.സി ചാക്കോ. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ബാലശങ്കറില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ബാലശങ്കര്‍ പറഞ്ഞതിലെ ശരിതെറ്റുകള്‍ അറിയില്ലെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ മുതല്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങും. പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായത്. കെ.സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."