HOME
DETAILS
MAL
മലമ്പുഴയിലുണ്ട് 'കൈപ്പത്തി' പിറന്ന കഥ
backup
March 19 2021 | 04:03 AM
പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് ചുവരായചുവരൊക്കെ 'കൈപ്പത്തി' നിറയുമ്പോള്‍ മലമ്പുഴയ്ക്കുണ്ട് ഈ ചിഹ്നം പിറന്ന കഥ പറയാന്‍. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നം ഇന്ദിരാ ഗാന്ധി സ്വീകരിക്കുന്നത് മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഏമൂര്‍ ഭഗവതിക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഒന്നു മുതല്‍ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ 'നുകം വെച്ച രണ്ടു കാളകള്‍' ആയിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. കാര്‍ഷിക പുരോഗതിയുടെ പ്രതീകമായി വിലയിരുത്തിയ ആ ചിഹ്നം കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വിജയരഥത്തിലേറ്റി. എന്നാല്‍ 1969ല്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇന്ദിരാഗാന്ധിയെ പിന്‍തുണയ്ക്കുന്ന കോണ്‍ഗ്രസ് (ആര്‍) വിഭാഗവും സംഘടനാ കോണ്‍ഗ്രസും ചിഹ്നത്തിനായി
വാദിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചു. പകരം ഇന്ദിരാ വിഭാഗത്തിന് 'പശുവും കിടാവും' സംഘടനാ കോണ്‍ഗ്രസിന് 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ' ചിഹ്നവും നല്‍കി. അടിയന്തരാവസ്ഥ കാലത്ത് സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെ 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ' ചിഹ്നം അവര്‍ക്കു നഷ്ടമായി. 1977ല്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് (ആര്‍) ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇരു വിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി വീണ്ടും വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതും മരവിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഇന്ദിരാഗാന്ധി ഏമൂര്‍ ഭഗവതിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം സ്വീകരിക്കുകയായിരുന്നു. അന്നു കിട്ടിയ കൈപ്പത്തിയാണ് കോണ്‍ഗ്രസിനൊപ്പം ഇപ്പോഴുമുള്ളത്.
1965ല്‍ മലമ്പുഴ മണ്ഡലം രൂപീകരിച്ചതു മുതല്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മാത്രമെ ഇവിടെ ജയിച്ചിട്ടുള്ളുവെങ്കിലും കോണ്‍ഗ്രസിന് വേരോട്ടമുള്ള സ്ഥലമാണിത്. ഇത്തവണ ഇടതു കുത്തകയും ബി.ജെ.പിയുടെ മുന്നേറ്റവും തടഞ്ഞ് 'കൈപ്പത്തിയുടെ നാട്ടില്‍' വിജയം നേടാന്‍ തന്നെയുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസിവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."